മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, സിപിഎമ്മിനും ജനങ്ങള്‍ക്കും ബാദ്ധ്യതയായെന്ന് സിപിഎമ്മിന്റെ എംഎല്‍എ പി.വി. അന്‍വര്‍. പി. ശശി ആ സ്ഥാനത്തിരുന്ന് ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടില്ല. ഇത് പാര്‍ട്ടിയേയും ജനങ്ങളെയും ബാധിക്കുന്നു. ഇതില്‍ നിന്ന് ശശിക്ക് ഒഴിഞ്ഞുമാറാനാകില്ല. വിശ്വസിച്ചവര്‍ ചതിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിച്ചുവരികയാണ്, അന്‍വര്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ സോളാര്‍ സമരം അട്ടിമറിച്ചത് ഇന്നത്തെ എഡിജിപി അജിത് കുമാറാണ്. ഇത് പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് മനസിലാക്കാന്‍ സാധിച്ചില്ല. കുണ്ടമണ്‍കടവിലെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിലും റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയെങ്കിലും പൊളിറ്റിക്കല്‍ സെക്രട്ടറി അത് തട്ടിമാറ്റി. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് സിപിഎം സെക്രട്ടറിക്ക് വരുംദിവസത്തില്‍ കത്തുനല്‍കും, വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ വ്യക്തമാക്കി.
പൊളിറ്റിക്കല്‍ സെക്രട്ടറിയെ മുഖ്യമന്ത്രിക്കൊപ്പം നിയമിക്കുന്നത് കാര്യങ്ങള്‍ പഠിച്ച് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ്. തെറ്റായ നിലപാട് എടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുകയും കുറ്റമറ്റ രീതിയില്‍ പോലീസ് സംവിധാനത്തെ നിലനിര്‍ത്തിക്കൊണ്ട് പോകുകയുമാണ് പൊളിക്കല്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തമെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: