ബെംഗളൂരു: ഓണക്കാലമെത്തിയതോടെ നാട്ടിലേക്കുള്ള ബസ് ടിക്കറ്റ് നിരക്കില്‍ നാലിരട്ടി വര്‍ധനയുമായി സ്വകാര്യ ബസുകള്‍. അന്തര്‍സംസ്ഥാന ബസുകളില്‍ സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ നാലിരട്ടിയാണ് ഒരു ടിക്കറ്റിന് നല്‍കേണ്ടത്. ട്രെയിന്‍ ടിക്കറ്റ് കിട്ടാതെയായതോടെ ഓണത്തിനായി നാട്ടിലേക്കെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബസ് നിരക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഓണക്കാലത്ത് വിമാന ടിക്കറ്റ് നിരക്കും ഉയര്‍ത്തിയിട്ടുണ്ട്.
കേരളത്തില്‍ നിന്ന് കൂടുതല്‍ സ്വകാര്യ ലക്ഷ്വറി ബസ് സര്‍വീസുള്ള ബെംഗളൂരുവിലേക്ക് സാധരണ ടിക്കറ്റ് നിരക്ക് 1200 മുതല്‍ 2000 വരെയാണ്. എന്നാല്‍ ഓണം സീസണില്‍ ഇത് 4500 മുതല്‍ 6000 വരെയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായും സൂചനകളുണ്ട്. ബെംഗളൂരു – തിരുവനന്തപുരം സാധാരണ 1200 – 2000 ഉള്ളതാണ് 4500 – 6000 ആയി ഉയര്‍ന്നത്. കൊച്ചി – ചെന്നൈ സാധാരണ 900 – 1500 ഉണ്ടായിരുന്നത് 3000 – 5000 രൂപ ആയാണ് ഉയര്‍ന്നത്.
മൈസൂരു – തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 1300 – 1800 ഉണ്ടായിരുന്നത്, 2500 – 4000 രൂപ ആയാണ് ഉയര്‍ന്നത്. മംഗളൂരു – തിരുവനന്തപുരം 1282 – 2800 ഉണ്ടായിരുന്നത്, 2500 – 3500 രൂപ ആയും ഉയര്‍ന്നു. ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലേക്ക് സ്വകാര്യ ബസിന് 2850 – 3500 രൂപയുണ്ടായിരുന്നത് 4000 – 7000 രൂപ ആയും ഉയര്‍ന്നു. ഓണാവധി കഴിഞ്ഞ് വിവിധ നഗരങ്ങളിലേക്ക് തിരിച്ച് പോകേണ്ടവരും ഇതേനിരക്ക് നല്‍കേണ്ടിവരും. ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടാനില്ലാത്തതും സ്പെഷ്യല്‍ ട്രെയിനുകളുടെ സമയക്രമം അനുയോജ്യമല്ലാത്തതുമാണ് ബസ് നിരക്ക് കുത്തനെ ഉയരാന്‍ കാരണമായത്. കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ടിക്കറ്റുകളും നേരത്തെ ബുക്കിങ്ങായി. ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ 900 മുതല്‍ 1600 രൂപ വരെയാണ് പരമാവധി നിരക്ക്. തിരുവോണ നാളില്‍ രാവിലെ കെഎസ്ആര്‍ടിസി ബസില്‍ വരുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ നേരിയ ഇളവും ലഭിക്കും.
കൂടുതല്‍ ഡിമാന്‍ഡുള്ള റൂട്ടുകളായ ബെംഗളൂരു, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നിലവില്‍ ടിക്കറ്റ് കിട്ടാനില്ല. തത്കാല്‍, പ്രീമിയം തത്കാല്‍ ടിക്കറ്റുകള്‍ മാത്രമാണ് ഇനി ആശ്രയിക്കാന്‍ കഴിയുക. തത്കാല്‍ ലഭിച്ചില്ലെങ്കില്‍ അവസാന നിമിഷം യാത്ര മുടങ്ങുന്ന സ്ഥിതിയും ഉണ്ടായേക്കും. തത്കാലില്‍ സ്ലീപ്പര്‍ ക്ലാസിന് 200 രൂപ, എസി ചെയര്‍കാര്‍ 225, എസി ത്രീടയര്‍ 400, സെക്കന്‍ഡ് എസി 500 എന്നിങ്ങനെയാണ് അധികം നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: