ന്യൂദല്‍ഹി: കോണ്‍ഗ്രസ് വക്താവായ പവന് ഖേര സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഉയര്‍ത്തിയ രണ്ട് ആരോപണങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. വോക്കാഡ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധമുള്ള കരോള്‍ ഇന്‍ഫോ എന്ന കമ്പനിയില്‍ നിന്നും മാധബി പുരി ബുച്ച് 2.16 കോടി രൂപ വാടകയിനത്തില്‍ സ്വീകരിച്ചുവെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് പവന്‍ഖേരയുടെ ആരോപണം വൊക്കാഡ് തന്നെ നിഷേധിച്ചു. നേരത്തെ ഐസിഐസിഐ ബാങ്കിനെയും മാധബി പുരി ബുച്ചിനെയും ബന്ധപ്പെടുത്തി നടത്തിയ പവന് ഖേരയുടെ ആരോപണം ഐസിഐസിഐ ബാങ്ക് തന്നെ നിഷേധിക്കുകയും ചെയ്തു. ഇതോടെ പവന് ഖേരയ്ക്ക് മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്.
സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കെയാണ് 2018 മുതല്‍ 2024 വരെ വാടക ഇനത്തില്‍ 2.16 കോടി രൂപ സ്വീകരിച്ചതെന്നും ഈ വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും പവന് ഖേര ആരോപിച്ചിരുന്നു. സെബിയുടെ മുഴുവന്‍ സമയ അംഗങ്ങളായി മാറുന്നവര്‍ സെബിയുടെ 2008ലെ നിയമത്തിലെ 4,7,8 വകുപ്പ് പ്രകാരം വരുമാനം മുഴുവന്‍ വെളിപ്പെടുത്തണമെന്നതാണ് നിയമം. 2018 മുതല്‍ 2021 വരെ സെബിയുടെ മുഴുവന്‍ സമയ അംഗമായി മാധബു പുരി ബുച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 2022മുതല്‍ സെബിയുടെ അധ്യക്ഷയുമായി. ഇക്കാലയളവിനുള്ളില്‍ വാടകയിനത്തില്‍ 2.16 കോടി രൂപ വരുമാനം നേടിയിട്ടും എന്തുകൊണ്ട് ഇത് വെളിപ്പെടുത്തിയില്ല എന്ന ആരോപണമാണ് പവന് ഖേര ഉയര്‍ത്തിയത്.
ഈ ആരോപണങ്ങളെല്ലാം വൊക്കാഡ് ലിമിറ്റഡ് നിഷേധിച്ചിരിക്കുകയാണ്. പവന്‍ഖേരയുടെ ആരോപണം നുണയാണെന്നും വൊക്കാഡ് ലിമിറ്റഡ് പറയുന്നു. ഈ ആരോപണം വഴിതെറ്റിക്കുന്നതും അടിസ്ഥാന രഹിതവുമാണെന്നും വൊക്കാഡ് ലിമിറ്റഡ് പറയുന്നു. നിയമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമാണ് വൊക്കാഡ് ലിമിറ്റഡ് മുന്നോട്ട് പോകുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. വൊക്കാഡുമായി ബന്ധപ്പെട്ട ചില സെബി ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് മാധബി പുരി ബുച്ചിന് വൊക്കാഡിന്റെ അനുബന്ധസ്ഥാപനമായ കരോള്‍ ഇന്‍ഫോ പണം നല്‍കിയതെന്ന ആരോപണവും വ്യാജമാണെന്നും വൊക്കാഡ് ലിമിറ്റഡ് പറയുന്നു.
നേരത്തെ, ഐസിഐസിഐ ബാങ്കില്‍ നിന്നും വെളിപ്പെടുത്താത്ത തുക മാധബി പുരി ബുച്ച് സ്വീകരിച്ചിരുന്നതായി ഇതേ പവന് ഖേര ആരോപിച്ചിരുന്നു. എന്നാല്‍ ഐസിഐസിഐ ബാങ്ക് ഈ ആരോപണം നിഷേധിച്ചിരുന്നു. ഐസിഐസിഐ ബാങ്കിന്റെ സിഇഒ പദവിയില്‍ നിന്നും 2013 ഒക്ടോബര്‍ 13ന് വിരമിച്ച ശേഷം മാധബി പുരി ബുച്ചിന് ശമ്പള ഇനത്തിലോ ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്കുന്ന പദ്ധതിയുടെ ഭാഗമായോ ഒരു ചില്ലി പൈസ പോലും നല്‍കിയിട്ടില്ലെന്നും ഐസിഐസിഐ ബാങ്ക് അവരുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെ മാധബി പുരി ബുച്ചിനെതിരെ പവന് ഖേര നടത്തിയ രണ്ട് ആരോപണങ്ങളും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇത്തരം നിരുത്തരവാദപരമായ ആരോപണങ്ങള്‍ നടത്തി പദവികള്‍ അലങ്കരിക്കുന്നവരെ നിരന്തരം അപമാനിക്കുന്ന നേതാക്കളെ എന്ത് ചെയ്യണം എന്ന ചോദ്യവും ഉയരുന്നു. കോണ്‍ഗ്രസ് ഒന്നിനു പുറകെ ഒന്നായി മാധബി പുരി ബുച്ചിനെതിരെ ആരോപണങ്ങള്‍ വാരിയെറിയുകയാണ്. സെബി ചെയര്‍പേഴ്സനെ ഹിന്‍ഡന്‍ബര്‍ഗ് ചെളിവാരിയെറിയുകയാണ് എന്ന് ഇന്‍ഫോസിസിന്റെ മുന്‍ ഡയറക്ടറായ മോഹന്‍ദാസ് പൈ കുറ്റപ്പെടുത്തിയിരുന്നു. ഹിന്‍ഡന്‍ ബര്‍ഗിന്റെ മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും എതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മോഹന്‍ ദാസ് പൈ പറഞ്ഞിരുന്നു. ഹിന്‍ഡന്‍ബര്‍ഗിന് പിന്നാലെ കോണ്‍ഗ്രസ് വക്താവ് പവന് ഖേരയും മാധബി പുരി ബുച്ചിനെതിരെ ചെളി വാരിയെറിയുന്നു. അദാനിയ്ക്കെതിരെ ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ ആരോപണങ്ങളില്‍ 99 ശതമാനത്തിലും കഴമ്പില്ലെന്ന് അന്വഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സെബി ഹിന്‍ഡന്‍ബര്‍ഗിനോട് ഇത്തരം ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ കാരണങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് ഈയിടെ നോട്ടീസ് നല്‍കിയിരുന്നു. ഇതോടെയാണ് മാധബി പുരി ബുച്ചിനെ നിശ്ശബ്ദയാക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ് രണ്ടാമത് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മാധബി പുരി ബുച്ചിനെയും ഭര്‍ത്താവ് ധവാല്‍ ബുച്ചിനെയും അദാനിയുമായി ബന്ധപ്പെടുത്തിയും മാധബി പുരി ബുച്ച് തനിക്കുള്ള വരുമാനങ്ങളില്‍ പലതും സെബി പദവിയില്‍ ഇരിക്കുമ്പോള്‍ വെളിപ്പെടുത്തിയില്ലെന്നും അത് വഴി താല്പര്യവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഏശിയില്ല. അതിന് പിന്നാലെ കോണ്‍ഗ്രസ് പല വിധ ആരോപണങ്ങളുമായി മാധബി പുരി ബുച്ചിനെതിരെ നീങ്ങുകയാണ്. പതിവിന് വിപരീതമായി മാധബി പുരി ബുച്ച് രാജിവെേയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെബിയിലെ ചില ജീവനക്കാരും സമരത്തിനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. അതായത് ഹിന്‍ഡന്‍ബര്‍ഗിനെതിരായ കാരണം കാണിക്കല്‍ നോട്ടീസില്‍ നിന്നും പിന്മാറുക എന്ന സന്ദേശമാണ് ഈ ആരോപണക്കാര്‍ നല്‍കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് കുടുങ്ങിയാല്‍ അദാനിയുടെ ഓഹരികള്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്തി പണമുണ്ടാക്കിയ ചില കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ചില ഉന്നതരും പെട്ടേയ്ക്കാമെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുകൊണ്ടാണ് മാധബി പുരി ബുച്ചിനെ നിശ്ശബ്ദയാക്കാന്‍ ഉള്ളില്‍ നിന്നും പുറത്തുനിന്നും ചെളി വാരി എറിയുന്നത് എന്ന സംശയവും ഉയരുന്നുണ്ട്. ഇന്നുവരെ സെബി അധ്യക്ഷനെതിരെ സമരം ചെയ്യുന്ന പാരമ്പര്യമില്ലാത്ത സെബിയിലെ ജീവനക്കാരെ സമരത്തിന് പ്രേരിപ്പിച്ചത് പിന്നില്‍ രാഷ്ട്രീയക്കാരാണോ എന്നും സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: