മനുഷ്യകുലത്തിന്റെ ഉല്പത്തിക്കു കാരണഭൂതനായ ഭഗവാനെ പ്രപഞ്ചസൃഷ്ടാവെന്നും സവിതാവെന്നും ജഗത് പാലകനെന്നും വേദങ്ങള്‍ വാഴ്‌ത്തി സ്തുതിക്കുന്നു. ‘അഗ്‌നിമീളെ പുരോഹിതം’ എന്ന ഋഗ്വേദ സൂക്തം തന്നെ ഏകനായ ഭഗവാന്റെ വിവിധ തത്ത്വരൂപങ്ങളുടെ ദര്‍ശനമാകുന്നു .ദശകരങ്ങളില്‍ ശംഖ്, ചക്രം, ഡമരു, വില്ല്, അമ്പ്, വീണ, ത്രിശൂലം, രുദ്രാക്ഷം, സര്‍പ്പം, താമര എന്നിവ കരങ്ങളിലേന്തി പഞ്ചമുഖത്തോട് കൂടി പ്രപഞ്ചം സംരക്ഷിക്കുന്ന വേദപുരുഷന്‍ അത് വിരാട് വിശ്വകര്‍മ്മ ഭഗവാന്‍. ഇന്നു ഭാരതമാകെ ആഘോഷിക്കു ന്ന ഋഷിപഞ്ചമി വേദപുരുഷനായ വിശ്വകര്‍മ്മ ഭഗവാനെ വാഴ്‌ത്തുന്ന പുണ്യതിഥിയാണ്.
സദ്യോജാതം, വാമദേവം, തത്പുരുഷം, അഘോര,ം ഈശാനം എന്നീ പഞ്ചമുഖങ്ങളില്‍ നിന്നും പഞ്ചബ്രഹ്മാക്കള്‍ക്ക് ലഭ്യമായ വേദങ്ങള്‍ അഞ്ചാകുന്നു. പഞ്ചബ്രഹ്മാക്കള്‍ എന്നാല്‍ ഭഗവല്‍ പുത്രന്മാര്‍. മനു ബ്രഹ്മാവ്, മയ ബ്രഹ്മാവ്, ത്വഷ്ട ബ്രഹ്മാവ്, ശില്പി ബ്രഹ്മാവ്, വിശ്വജ്ഞ ബ്രഹ്മാവ് എന്നിവരാണ് ഇന്നുകാണുന്ന സര്‍വ്വ മാനവകുലത്തിന്റെയും ജനയിതാക്കള്‍. ഋഷിപഞ്ചമി ദിനത്തില്‍ വേദപുരുഷനും ഏകനുമായ ഭഗവാന്‍ വിശ്വകര്‍മ്മാവ് പഞ്ചബ്രഹ്മാക്കളായ സംന്യാസിവര്യന്മാര്‍ക്ക് ദര്‍ശനം നല്‍കുകയും വേദങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്തു. വിശ്വകര്‍മ്മ ഭഗവാന്റെ പഞ്ചമുഖങ്ങളെ വേദസ്മൃതികളും ശ്രുതികളും ഉപനിഷത്തുകളും പഞ്ചവര്‍ണ്ണങ്ങളാണെന്ന് വര്‍ണ്ണിക്കുന്നു. തപസ്സിന്റെ പുണ്യവും ധ്യാനത്തിന്റെ ശ്രേഷ്ഠതയും ലോകമാനവരാശി മനസ്സിലാക്കുന്നത് പഞ്ചപുത്രന്മാരായ സനക, സനാതന, അഭുവനസ്, പ്രജ്ഞസ, സുവര്‍ണ്ണസ ഋഷിമാരി ലൂടെയാകുന്നു.
പ്രപഞ്ചസ്രഷ്ടാവും വേദപ്പൊരുളുമായ വിശ്വകര്‍മ്മ ഭഗവാനെ ഉപാസിക്കുന്നതിനായി പഞ്ചഗോത്രക്കാരായ വിശ്വകര്‍മ്മജര്‍ അഞ്ചുതരത്തിലുള്ള ഹോമകുണ്ഡങ്ങള്‍ രൂപപ്പെടുത്തി ഐശ്വര്യപൂജകള്‍ക്ക് തുടക്കം കുറിച്ചു. ഹോമങ്ങളില്‍ ഹവിസ് സമര്‍പ്പിച്ച് ഭഗവാനെ പ്രത്യക്ഷനാക്കി അഭീഷ്ടവരങ്ങള്‍ ഏറ്റുവാങ്ങുന്നതിന് മന്ത്രസൂക്തം യജ്ഞിച്ചു കര്‍മ്മസാഫല്യം സാക്ഷാത്കരിച്ചതും വേദദേവതയായ വിശ്വകര്‍മ്മാവിനെ ഉപാസിച്ചുകൊണ്ടാണ്. വേദപാരായണം, അക്ഷരപൂജ, വിദ്യാരംഭം, ആയുധപൂജ എന്നിവയെല്ലാം ഋഷിപഞ്ചമി ദിനത്തിന്റെ പ്രത്യേകതകളാണ്.
ഭാരതത്തില്‍ എന്നപോലെ വിദേ ശരാജ്യങ്ങളിലും ഋഷിപഞ്ചമി ആഘോഷിച്ചു വരുന്നു. ഭാരതീയ സംസ്‌കാരം തന്നെയാണ് ലോകത്തെ എല്ലാ സംസ്‌കാരങ്ങളിലും നാം ദര്‍ശിക്കുന്നത്. സൗരാഷ്‌ട്രീയന്മാരുടെ മതസംഹിതകള്‍ ഭാരതീയ വേദങ്ങള്‍ തന്നെ. അതുകൊണ്ടു പാഴ്‌സി സിദ്ധാന്തകരും ഋഷി പഞ്ചമിയ്‌ക്ക് പ്രധാന്യം കല്‍പ്പിക്കുന്നു. ഗ്രീസിന്റെ പ്രാചീന മതസംഹിതകള്‍ ഏകദേവാരാധനയുടെ ആത്മീയ ദര്‍ശനങ്ങളാണ്. അവിടെയെല്ലാം പ്രപഞ്ചസ്രഷ്ടാവിന്റെ വിവിധ ദൈവീകരൂപങ്ങളെ പ്രാര്‍ത്ഥനാനിരതമായി ആചരിച്ചു വരുന്നു. ദേവന്മാരെ സൃഷ്ടിച്ച ദേവനെന്ന് വിവിധ സംഹിതകള്‍ വിശ്വകര്‍മ്മാവിനെ പ്രകീര്‍ത്തിക്കുന്നു. സ്‌കന്ദപുരാണത്തില്‍ പിതാവായ ശിവഭഗവാനോട് മകനായ സുബ്രഹ്മണ്യന്‍ അങ്ങ് ആരെയാണ് പ്രാര്‍ത്ഥിക്കുന്നതും ധ്യാനിക്കുന്നതെന്നും ചോദിക്കുന്നുണ്ട്. ആചോദ്യത്തിന് ശിവപ്പെരുമാള്‍ പറയുന്നത് നമ്മുടെയെല്ലാം പിതാവായ സാക്ഷാല്‍ വിശ്വകര്‍മ്മാവിനെ എന്നാണ്. ആ ഭഗവാനെ ഉപാസിക്കേണ്ട മൂലമന്ത്രമാണ് ഓങ്കാരം എന്ന പ്രണവമന്ത്രം പറയുന്നു. പ്രണവപ്പൊരുളായ വിശ്വകര്‍മ്മാവിന്റെ ഈശാന മുഖത്തില്‍ നിന്നും പിറന്ന പ്രണവ വേദം ഒരുലക്ഷം മന്ത്രങ്ങളടങ്ങിയ പ്രപഞ്ചവിജ്ഞാനമാണ്.
(അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: