തൃശൂര്‍: എഡിജിപിക്ക് എന്നല്ല ഡിജിപിക്കു പോലും ആര്‍എസ്എസുമായി ബന്ധപ്പെട്ട ആരേയും കാണാമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ആര്‍എസ്എസ് ഒരു നിരോധിത സംഘടനയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയോ എന്ന് വ്യക്തിപരമായി തനിക്ക് പറയാന്‍ കഴിയില്ലെന്ന് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. താന്‍ ആ കൂടിക്കാഴ്ചയില്‍ ഇല്ലായിരുന്നു.
കൂടിക്കാഴ്ച നടന്നു എന്ന് എഡിജിപി പറഞ്ഞത് അത്ര ഭയാനകമായ അട്ടിമറി വാര്‍ത്തയല്ല.പൂരം കലക്കാനായി ചര്‍ച്ച നടത്തിയോ എന്ന് പറയേണ്ടത് എഡിജിപിയാണ്. പൂരം കലക്കാനായി പിണറായി വിജയന്റെ ദൂതുമായി ആണോ എത്തിയതെന്നും അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്.
ഇടതുപക്ഷവും പൊലീസും ചേര്‍ന്ന് പൂരം കലക്കിയിട്ടുണ്ടാകും.2016 ല്‍ പൂരത്തിന്റെ രക്ഷകനായി വന്നവര്‍ 2024 ല്‍ പൂരത്തിന്റെ അന്തകരായി വന്നത് ജനങ്ങള്‍ കണ്ടതാണ്. താന്‍ നേരത്തേ പറഞ്ഞതാണ് ഇത്.
പൂരം കലക്കിയാണ് സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത് എന്ന് പറയുന്നവര്‍ പൂരവുമായി ബന്ധമില്ലാത്ത സ്ഥലങ്ങളായ ഇരിങ്ങാലക്കുടയിലും ഗുരുവായൂരും എങ്ങനെയാണ് ബിജെപി ഇത്രയേറെ വോട്ട് പിടിച്ചതെന്ന് പറയണം.
ആര്‍എസ്എസുമായി പല കാര്യങ്ങളും ചര്‍ച്ചചെയ്യാം. എ ഡി ജി പി ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ മാതൃസംഘടനയുമായി അദ്ദേഹത്തിന് കാണാന്‍ പല കാരണങ്ങളും ഉണ്ടാകില്ലേ എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: