കാസര്‍ഗോഡ് : പഠിപ്പില്ലാത്തവര് ഭരിക്കുന്നതാണ് ഇന്ന് കേരളം നേരിടുന്ന ദുരിതങ്ങള്‍ക്ക് കാരണമെന്ന് സീറോ മലബാര്‍ സഭാ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പഠിക്കുന്ന കാലത്ത് ബസിനു കല്ലെറിയുകയും സകലമാന കുരുത്തക്കേടുകളും കാണിക്കുകയും ചെയ്തശേഷം പത്താം ക്ലാസില്‍ തോറ്റ് എല്ലാ വിഷയങ്ങള്‍ക്കും സപ്ലിമെന്ററി പരീക്ഷ എഴുതിയവര്‍ക്ക് രാഷ്ട്രീയത്തിന്റെ കുത്തകാവകാശം തീറെഴുതി കൊടുക്കുന്ന സാഹചര്യമാണുള്ളതെന്നും കാസര്‍ഗോട്ട് അദ്ദേഹം പരിഹസിച്ചു.
വിവാദമായ പല പ്രസ്താവനകളിലൂടെയും മാര്‍ ജോസഫ് പാംപ്ലാനി ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിലെ ഇടതുപാര്‍ട്ടികളെ ചൊടിപ്പിക്കുന്ന പ്രസ്താവനകളാണ് അതില്‍ കൂടുതലും.
കത്തോലിക്കാ സഭയുടെ ശക്തമായ പൗരസ്ത്യ വിഭാഗത്തിന്റെ തലശ്ശേരി രൂപതയുടെ തലവനായ ബിഷപ്പ്, സഭയുടെ യുവജന വിഭാഗമായ കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ യോഗത്തില്‍ രാഷ്ട്രീയ രക്തസാക്ഷികളെ യേശുക്രിസ്തുവിന്റെ അപ്പോസ്തലന്മാരുമായി താരതമ്യപ്പെടുത്താന്‍ ശ്രമിച്ചതും വിവാദമായിരുന്നു.
‘അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല. രാഷ്ട്രീയ രക്തസാക്ഷികളില്‍ ചിലര്‍ ആരോടെങ്കിലും അനാവശ്യ വഴക്കുണ്ടാക്കിയതിന് വെടിയേറ്റും, അല്ലെങ്കില്‍ ചില പ്രതിഷേധങ്ങള്‍ക്ക് ശേഷം പോലീസില്‍ നിന്ന് രക്ഷപ്പെടുന്നതിനിടയില്‍ ചിലര്‍ പാലത്തില്‍ നിന്ന് വീണും മറ്റുമാണ്. എന്നാല്‍ രക്തസാക്ഷികളായ 12 അപ്പോസ്തലന്മാര് (യേശുവിന്റെ) സത്യത്തിനും ലോകത്തിന്റെ ക്ഷേമത്തിനും വേണ്ടി തങ്ങളുടെ ജീവന് ബലിയര്‍പ്പിക്കുകയായിരുന്നു’വെന്നാണ് ഒരിക്കല്‍ പാംപ്ലാനി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: