കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സ്വന്തം തട്ടകത്തിൽ പാർട്ടി ബ്രാഞ്ച് സമ്മേളനം മുടങ്ങി. പ്രതിനിധികള്‍ ഒന്നടങ്കം ബഹിഷ്ക്കരിച്ചതിനെ തുടര്‍ന്നാണ് സിപിഎം ശക്തികേന്ദ്രമായ മൊറാഴയില്‍ സമ്മേളനം മുടങ്ങിയത്. മൊറാഴ ലോക്കൽ കമ്മിറ്റിക്കു കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ പേരും ബഹിഷ്‍കരിച്ചത്.
ഇതാദ്യമായാണ് പാര്‍ട്ടി ഗ്രാമത്തില്‍ ബ്രാഞ്ച് സമ്മേളനം നടക്കാതെ പോയത്. അങ്കണവാടി ജീവനക്കാരെ സ്ഥലംമാറ്റിയതിൽ നേതൃത്വവുമായുള്ള തർക്കമാണ് സമ്മേളനം ഒന്നടങ്കം ബഹിഷ്കരിക്കാൻ അംഗങ്ങൾ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു പാർട്ടി സമ്മേളനം നടക്കേണ്ടിയിരുന്നത്. രാവിലെ പത്തിന് തുടങ്ങേണ്ടിയിരുന്ന സമ്മേളനത്തിന് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം രാമചന്ദ്രനായിരുന്നു ഉദ്ഘാടകൻ. കൃത്യസമയത്ത് ഇദ്ദേഹവും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളും സമ്മേളന സ്ഥലത്തെത്തി. എന്നാൽ, ബ്രാഞ്ചിലെ 14 മെംബർമാരും വിട്ടുനിന്നു.
ബ്രാഞ്ച് പരിധിയിലെ ദേവർകുന്ന് അങ്കണവാടിയിൽ ഹെൽപർ ഒരു വിദ്യാർഥിയെ മർദിച്ചതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. തുടർന്ന് ഹെൽപ്പറെയും വർക്കറെയും സ്ഥലംമാറ്റി. എന്നാൽ കുറ്റംചെയ്യാത്ത ആളെ അധികദൂരത്തേക്ക് മാറ്റിയെന്നതാണ് ബ്രാഞ്ച് കമ്മറ്റിയും നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളിലേക്ക് നയിച്ചത്. വിഷയത്തിൽ ലോക്കൽ കമ്മറ്റിയോ ഏരിയാ കമ്മറ്റിയോ കൃത്യമായ ഇടപെടൽ നടത്തിയില്ലെന്നതാണ് ബ്രാഞ്ച് കമ്മറ്റി ചൂണ്ടികാണിക്കുന്നത്.
പ്രശ്‌നം പരിഹരിക്കാതെ സമ്മേളനം നടത്തരുതെന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളുമായി നേതാക്കൾ ചർച്ച നടത്തിയിരുന്നു. ലോക്കൽ കമ്മിറ്റി നേതാക്കൾ ഏരിയ നേതൃത്വവുമായി ബന്ധപ്പെട്ടു. പ്രശ്നപരിഹാരം വരാത്തതോടെ സമ്മേളനം ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: