മാവേലിക്കര: ഗുജറാത്തിലെ പോര്‍ബന്തറില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡിങ് നടത്തവേ കടലില്‍ പതിച്ച് അപകടത്തില്‍ വീരമൃത്യു വരിച്ച തീരസംരക്ഷണ സേന സീനിയര്‍ ഡപ്യൂട്ടി കമന്‍ഡാന്റ് മാവേലിക്കര കണ്ടിയൂര്‍ പറക്കടവ് നന്ദനം വീട്ടില്‍ പരേതനായ ആര്‍.സി. ബാബുവിന്റേയും ശ്രീലതയുടെയും മകന്‍ വിപിന്‍ ബാബു (39)വിന് നാടിന്റെ അശ്രുപൂജ. വൈകിട്ട് കണ്ടിയൂരിലെ സ്വന്തം വസതിയിലെത്തിച്ച മൃതദേഹത്തിന് ആയിരങ്ങളാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.
മൃതദേഹം വീട്ടിലെത്തിച്ച് അമ്മ ശ്രീലതയും ഭാര്യ കരസേനയില്‍ നഴ്സായ പാലക്കാട് പുത്തന്‍വീട്ടില്‍ മേജര്‍ശില്പ, അഞ്ചുവയസുള്ള മകന്‍ സെനിത്, സഹോദരി നിഷി ബാബു എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് മൂന്നുസേനകളുടെ ഗാര്‍ഡ്ഓഫ് ഓര്‍ണര്‍ നല്‍കി. മാവേലിക്കര നഗരസഭ ശ്മശാനത്തിലാണ് അടക്കം ചെയ്തത്. നാല് മണിയോടെ ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം അഞ്ചു മണിയോടെയാണ് വീട്ടിലെത്തിച്ചത്. ഇരുപത് മിനിറ്റോളം വീട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവസരം നല്‍കി. കോസ്റ്റ്ഗാര്‍ഡ് യൂണിറ്റ് കമാന്‍ഡന്റ് കുനാല്‍ ചന്ദ്രനായിക്കിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളും, പിന്നീട് പോലീസും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
മൂന്നുമാസം മുമ്പാണു വിപിന്‍ അവസാനമായി നാട്ടിലെത്തിയത്. കോസ്റ്റ്ഗാര്‍ഡിന്റെ മികച്ച പൈലറ്റായിരുന്നു. പോര്‍ബന്തറില്‍ ഹരിലീല എന്ന മോട്ടര്‍ ടാങ്കറില്‍ നിന്നു പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്
റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തവെയാണ് അറബിക്കടലില്‍ വിപിന്‍ അപകടത്തില്‍പ്പെട്ടത്.
ഇതിന് മുമ്പ് രണ്ടുതവണ വിപിന്‍ നിയന്ത്രിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് അപകടത്തില്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: