കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയ രീതി ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വൈഎംസിഎ ഹാളില്‍ ഫെഫ്കയിലെ ഒരുകൂട്ടം വനിതാ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
റിപ്പോര്‍ട്ട് പുറത്തായതോടെ എല്ലാവരും സിനിമാ മേഖലയെ അടിച്ചാക്ഷേപിക്കുകയാണ്. ഏതാനും നടിമാരുടെ മാത്രം വിവരങ്ങളാണ് പ്രധാനമായും ഹേമ കമ്മിറ്റി തേടിയത്. തന്റെ മൊഴിയെടുത്തെങ്കിലും സിനിമയിലെ മറ്റ് മേഖലയിലുള്ള ആരുടേയും മൊഴികള്‍ ശേഖരിച്ചിട്ടില്ല. താന്‍ 18 പേരുടെ നമ്പര്‍ നല്കിയിരുന്നെങ്കിലും അവരെ ആരേയും വിളിച്ചില്ല. ലൈംഗികമായി ഉപദ്രവം ഉണ്ടായോ എന്ന് മാത്രമാണ് ചോദിക്കുന്നത്. തങ്ങളുടെ മറ്റ് പ്രശ്‌നങ്ങളെക്കുറിച്ച് ആരായുന്നതുപോലുമില്ലെന്നും അവര്‍ പറഞ്ഞു.
താന്‍ ഉള്‍പ്പെടെ മൂന്നുപേരെ കുറിച്ച് നേരത്തെ മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന് പറഞ്ഞ് മുഖംമറച്ച് വന്ന ഒരു സ്ത്രീ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതില്‍ മറുപടി പറയാനായി എത്തിയതായിരുന്നു ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍. ഇക്കഴിഞ്ഞ 31നാണ് ഫെഫ്കയുടെ കീഴിലുള്ള സംഘടനകളിലെ സ്ത്രീകളുടെ പൊതുയോഗം നടന്നത്. ഇതില്‍ പങ്കെടുത്ത ശേഷമാണ് യുവതി തങ്ങള്‍ മൂന്നുപേരുടെ പേരുകള്‍ എടുത്ത് പറഞ്ഞാണ് സമൂഹത്തില്‍ മോശമാക്കുന്ന തരത്തിലുള്ള തെറ്റായ ആരോപണം ഉന്നയിച്ചത്. ഇതിന് യാതൊരു അടിസ്ഥാനവുമില്ല, തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഫെഫ്കയുടെ പിന്‍ബലത്തിലാണ് പിടിച്ചുനില്‍ക്കുന്നതെന്നും ഒപ്പമെത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍സ്റ്റൈലിസ്റ്റുകളും പറഞ്ഞു. ചിലര്‍ക്കെതിരെ ഗുരുതര ആരോപണം വന്നിട്ടും വേണ്ട രീതിയില്‍ അത് പുറത്തുവരുന്നില്ല. വിഷയത്തില്‍ മുഖ്യമന്ത്രിക്കും പോലീസിലും തെളിവ് സഹിതം പരാതി നല്കും. നടപടിയുണ്ടായില്ലെങ്കില്‍ ഫെഫ്കയിലെ സ്ത്രീകളെ എല്ലാം കൂട്ടി തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങും, ഭാഗ്യലക്ഷ്മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: