തിരുവനന്തപുരം: താരസംഘടനയിലെ കൂട്ടരാജി ഭീരുത്വമെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. നീതിപൂര്‍വമായ തീരുമാനം കോടതി സ്വീകരിക്കുമെന്ന് പറഞ്ഞ ശ്രീകുമാരന്‍ തമ്പി ആരോപണ വിധേയരെ കുറ്റവാളികളാക്കരുതെന്നും അഭിപ്രായപ്പെട്ടു.
തെന്നിന്ത്യന്‍ സിനിമകളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ ഏറ്റവും കുറവ് മലയാള സിനിമയിലാണ്. പണ്ടൊക്കെ നിര്‍മാതാവും സംവിധായകനുമാണ് നായകനെയും നായികയയെയും തീരുമാനിക്കുന്നത്. തൊണ്ണൂറുകള്‍ക്ക് മുമ്പുള്ള മലയാള സിനിമയല്ല തൊണ്ണൂറിന് ശേഷമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തൊണ്ണൂറുകളിലാണ് മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ താരങ്ങളാകുന്നത്. അതിന് ശേഷം സൂപ്പര്‍ താരങ്ങളാണ് സംവിധായകനെയും നായികയെയും തീരുമാനിക്കുന്നതെന്നും താരാധിപത്യമാണ് മലയാള സിനിമയുടെ ശാപമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.
സൂപ്പര്‍താരങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കഥയെഴുതുന്നവരെയും സംവിധാനം ചെയ്യുന്നവരെയും മാത്രം അവര്‍ പ്രോത്സാഹിപ്പിച്ചു. സിനിമയിലെ താര മേധാവിത്തം അവസാനിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. താരമേധാവിത്തം തകര്‍ന്നു തുടങ്ങി. ഇനി പവര്‍ ഗ്രൂപ്പൊന്നും സിനിമയില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണമെന്നും അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച രണ്ട് അഭിനേതാക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: