ഇംഫാൽ: മണിപ്പൂരിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത പുതിയ അക്രമ സംഭവത്തെ അപലപിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. ഞായറാഴ്ച കുട്രുക് ഗ്രാമവാസികൾക്ക് നേരെ കുക്കി തീവ്രവാദികൾ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
പൗരൻമാർക്കും സുരക്ഷാ സേനയ്‌ക്കും നേരെ ബോംബ് വർഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നത് ഭീകരപ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിനും വിഭജനത്തിനും വിഘടനവാദത്തിനും എതിരെ ഒന്നിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി ഈ ഭീരുത്വ ആക്രമണങ്ങളെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചു.
ഇതിനു പുറമെ മണിപ്പൂർ സർക്കാർ ഇത്തരമൊരു പ്രകോപനരഹിതമായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തദ്ദേശീയ ജനതയ്‌ക്കെതിരായ ഇത്തരം ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന് ആവശ്യമായ പ്രതികരണം സ്വീകരിക്കുമെന്നും സിംഗ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
നേരത്തെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെൻജാം ചിരാംഗ് മാനിംഗ് ലെയ്കയിൽ ഡ്രോൺ ഉപയോഗിച്ചുള്ള സമാനമായ ബോംബ് ആക്രമണത്തിൽ മൂന്ന് സാധാരണക്കാർക്ക് പരിക്കേറ്റതായി മണിപ്പൂർ പോലീസ് തിങ്കളാഴ്ച നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആക്രമണം ചെറുക്കാൻ സുരക്ഷാ സേനയെ പ്രദേശത്തേക്ക് അയച്ചിരുന്നു.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രുകിലും മറ്റ് പ്രദേശങ്ങളിലും ഞായറാഴ്ച നടന്ന സംഭവത്തിൽ പോലീസ് ഡിപ്പാർട്ട്മെൻ്റ് സമയബന്ധിതമായി പ്രതികരിച്ചതായും മണിപ്പൂർ പോലീസ് പറഞ്ഞു. മുൻകാലങ്ങളിൽ രൂക്ഷമായ സംഘർഷം നടന്ന പലയിടത്തും സായുധരായ അക്രമികൾ അണിനിരന്നിരുന്നു.
കുട്രൂക്കിൽ ആക്രമണം ആരംഭിച്ചപ്പോൾ ഉടൻ തന്നെ ഐജിപിയും ഡിഐജിയും എസ്പിയും മറ്റ് പോലീസ് സേനകളും സ്ഥിതിഗതികൾ നേരിടാൻ പ്രദേശത്തേക്ക് പോയിരുന്നു. സൈന്യവും കേന്ദ്രസേനയും ചേർന്ന് തിരിച്ചടിക്കലും വെടിവയ്‌പ്പും നടത്തി.
കൂടാതെ ജാഗ്രത പാലിക്കാനും അതത് ജില്ലകളിലെ എല്ലാ സേനകൾക്കും മുന്നറിയിപ്പ് നൽകാനും കേന്ദ്ര സേനയുമായി ഏകോപിപ്പിച്ച് സംയുക്ത പ്രവർത്തനം നടത്താനും എല്ലാ ജില്ലാ എസ്എസ്പികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സംയമനം പാലിക്കാനും പോലീസുമായി സഹകരിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: