പാരീസ്: പാരാലിംപിക്‌സില്‍ ഭാരതത്തിന് രണ്ടാം സ്വര്‍ണം. ഇന്നലെ ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സ് എസ്എല്‍ 3 വിഭാഗത്തില്‍ നിതേഷ് കുമാറാണ് ഭാരതത്തിനായി പൊന്നണിഞ്ഞത്. പാരീസില്‍ ഭാരതത്തിന്റെ രണ്ടാം സ്വര്‍ണമാണിത്. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങില്‍ ആവണി ലേഖരയും സ്വര്‍ണമണിഞ്ഞിരുന്നു.
ആവേശകരമായ ഫൈനലില്‍ ബ്രിട്ടന്റെ ഡാനിയല്‍ ബെഥെലിനെ പരാജയപ്പെടുത്തിയാണ് നിതേഷ് പൊന്നണിഞ്ഞത്. സ്‌കോര്‍: 21-14, 18-21, 23-21.
ആദ്യ ഗെയിം അനായാസം നേടിയ നിതേഷ് കുമാറിനെതിരെ രണ്ടാം ഗെയിമില്‍ ബ്രിട്ടീഷ് താരം മികച്ച പ്രകടനം പുറത്തെടുത്തു. ഒടുവില്‍ 18-21ന് ബ്രിട്ടീഷ് താരം ഗെയിം സ്വന്തമാക്കി. ഇതോടെ മൂന്നാം ഗെയിം നിര്‍ണായകമായി. തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം ഇരു താരങ്ങളും മുന്നേറിയെങ്കിലും ഒടുവില്‍ 23-21ന് ഗെയിം സ്വന്തമാക്കി നിതേഷ് ഭാരതത്തിന് പൊന്ന് സമ്മാനിച്ചു. ഗെയിംസില്‍ ഭാരതം ബാഡ്മിന്റണില്‍ സ്വന്തമാക്കുന്ന ആദ്യ മെഡലാണിത്.
ഇതിന് പുറമെ അത്‌ലറ്റിക്‌സിലും ഭാരതം മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ എഫ് 56 വിഭാഗം ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കതുനിയയാണ് വെള്ളി നേടിയത്. 42.22 മീറ്റര്‍ ദൂരത്തേയ്‌ക്ക് ഡിസ്‌ക് എറിഞ്ഞാണ് യോഗേഷ് വെള്ളി സ്വന്തമാക്കിയത്. കഴിഞ്ഞ ടോക്കിയോ പാരാലിംപിക്‌സിലും ഹരിയാന സ്വദേശിയായ യോഗേഷ് വെള്ളി നേടിയിരുന്നു.
100 മീറ്ററിന് പുറമെ 200 മീറ്ററിലും വെങ്കലം സ്വന്തമാക്കി ഭാരതത്തിന്റെ പ്രീതി പാല്‍ പുതിയ ചരിത്രം സ്വന്തമാക്കി. വനിതാ ടി 35 വിഭാഗം 200 മീറ്ററിലും മെഡല്‍ നേടിയാണ് പ്രീതി പാല്‍ ചരിത്രം സ്വന്തമാക്കിയത്. നേരത്തേ 100 മീറ്ററിലും ഭാരത താരം വെങ്കലം നേടിയിരുന്നു. ഇതോടെ പാരലിമ്പിക്സ് അത്ലറ്റിക്സില്‍ ഇരട്ടമെഡല്‍ നേടുന്ന ആദ്യ ഭാരത വനിതയായി ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശിയായ പ്രീതി. 200 മീറ്ററില്‍ മികച്ച വ്യക്തിഗത സമയം (30.01) കുറിച്ചാണ് പ്രീതി ഫൈനലില്‍ മൂന്നാമതെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: