മാഡ്രിഡ്: മൂന്ന് മത്സരങ്ങള്‍ക്കുശേഷം സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് മികച്ച വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ കീഴടക്കി. സാന്റിയാഗോ ബെര്‍ണബ്യു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 67-ാം മിനിറ്റിലും 76-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമാണ് എംബപ്പെ റയലിന്റെ രണ്ട് ഗോളും നേടിയത്.
പന്ത് കൈവശംവയ്ക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ആധിപത്യം റയലിനായിരുന്നു. കളിയില്‍ അവര്‍ ഉതിര്‍ത്ത 22 ഷോട്ടുകളില്‍ ഏഴെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. അതേസമയം ബെറ്റിസിന് രണ്ടെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് പായിക്കാനായത്. എന്നാല്‍ ഈ രണ്ട് ഷോട്ടുകള്‍ക്കും റയല്‍ ഗോളിയെ കീഴടക്കാനും കഴിഞ്ഞില്ല.
കളിയുടെ 20-ാം മിനിറ്റിലാണ് റയലിന് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍ റോഡ്രിഗോയുടെ ക്രോസിന് എഡര്‍ മിലിറ്റാവോ തലവച്ചെങ്കിലും ബെറ്റിസ് ഗോളി രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം എംബപ്പെയുടെ ഷോട്ടും ബെറ്റിസ് ഗോളി രക്ഷപ്പെടുത്തി. 24-ാം മിനിറ്റില്‍ ഫെഡറികോ വാല്‍വെര്‍ദെയുടെ ഷോട്ടിനും ബെറ്റിസ് ഗോളിയെ കീഴടക്കാനായില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
54-ാം മിനിറ്റില്‍ റോഡ്രിയുടെ ഷോട്ടും രണ്ട് മിനിറ്റിനുശേഷം റോഡ്രിഗോയുടെ ഷോട്ടും ബെറ്റിസ് ഗോളി രക്ഷപ്പെടുത്തിയപ്പോള്‍ 61-ാം മിനിറ്റില്‍ വിറ്റര്‍ റൊക്യുയുടെ ഹെഡ്ഡര്‍ റയല്‍ മാഡ്രിഡ് ഗോളിയും രക്ഷപ്പെടുത്തി. ഒടുവില്‍ 67-ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന ഗോളെത്തി. ഉറുെഗ്വയുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ഫെഡറിക്കോ വാല്‍വെര്‍ദെയുടെ ബാക്ക് ഇന്നര്‍ പാസ് സ്വീകരിച്ച എംബാപ്പെ ഗംഭീരമായി വലയിലെത്തിച്ചു. പിന്നീട് 75-ാം മിനിറ്റില്‍ റയലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്കും എംബാപ്പെ വലയിലാക്കിയതോടെ വിജയം റയലിന് സ്വന്തമായി.
ലാലിഗയിലെ തന്റെ നാലാം മത്സരത്തിലാണ് എംബാപ്പെ ആദ്യ ഗോള്‍ കണ്ടെത്തുന്നത്. സീസണില്‍ നാല് മത്സരങ്ങളില്‍ നിന്നായി രണ്ടു ജയവും രണ്ടു സമനിലയും ഉള്‍പ്പെടെ എട്ടുപോയിന്റുമായി ബാഴ്സലോണക്ക് പിന്നില്‍ രണ്ടാമതാണ് റയല്‍ മാഡ്രിഡ്.
മറ്റ് കളികളില്‍ ഡിപോര്‍ട്ടീവോ അലാവസ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലാസ് പല്‍മാസിനെയും ഒസാസുന 3-2ന് സെല്‍റ്റ ഡി വിഗോയെയും ഗിറോണ 2-0ന് സെവിയയെയും പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ സോസിഡാഡ്ഗറ്റാഫെ കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: