ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മുക്കി ലിവര്‍പൂള്‍. യുണൈറ്റഡിന്റെ സ്വന്തം സ്‌റ്റേഡിയമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ആതിഥേയരെ തകര്‍ത്തെറിഞ്ഞത്. ലൂയിസ് ഡിയസിന്റെ ഇരട്ട ഗോളും മുഹമ്മദ് സലയുടെ ഒരു ഗോളുമാണ് ലിവര്‍പൂളിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ലീഗില്‍ മാഞ്ചസ്റ്ററിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ആഗസ്റ്റ് 24ന് നടന്ന കളിയില്‍ ബ്രൈറ്റണോടും യുണൈറ്റഡ് 2-1ന് തോറ്റിരുന്നു.
പന്ത് കൈവശംവയ്‌ക്കുന്നതില്‍ യുണൈറ്റഡിന് നേരിയ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ലിവപൂള്‍ താരങ്ങളാണ്. അവര്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് പാ
യിച്ച മൂന്ന് ഷോട്ടുകളും യുണൈറ്റഡ് വലയില്‍ കയറിയപ്പോള്‍ യുണൈറ്റഡിന്റെ ലക്ഷ്യത്തിലേക്കുള്ള മൂന്ന് ഷോട്ടുകളും ലിവര്‍ പൂള്‍ ഗോളി രക്ഷപ്പെടുത്തി.
കളിയുടെ 35-ാം മിനിറ്റിലാണ് കളിയിലെ ആദ്യ ഗോള്‍ പിറന്നത്. മുഹമ്മദ് സല ഒരുക്കിയ അവസരത്തില്‍ നിന്ന് ലൂയിസ് ഡിയസ് ലക്ഷ്യം കണ്ടു. 7 മിനിറ്റിനുശേഷം വീണ്ടും സലയുടെ പാസില്‍ നിന്ന് ഡിയസ് ഗോളടിച്ചു. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ലിവര്‍പൂള്‍ 2-0ന് മുന്നിലെത്തി.
പിന്നീട് 56-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മൂന്നാം തവണയും ലക്ഷ്യം കണ്ടു. ഇത്തവണ ഉജ്ജ്വലമായ ഫിനിഷിങ്ങിലൂടെ മുഹമ്മദ് സലയാണ് ഗോളടിച്ചത്. തുടര്‍ന്ന് ഗോള്‍ മടക്കാന്‍ യുണൈറ്റഡ് താരങ്ങള്‍ ശ്രമിച്ചെങ്കിലും കരുത്തുറ്റ ലിവര്‍പൂള്‍ പ്രതിരോധം ഭേദിക്കാനായില്ല. ഇതോടെ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കാനും ലിവര്‍പൂളിനായി. മൂന്ന് കളികളില്‍ നിന്ന് 9 പോയിന്റുമായി ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.
അതേസമയം മറ്റ് കളികളില്‍ ചെല്‍സി സമനിലയില്‍ കുരുങ്ങിയപ്പോള്‍ ടോട്ടനം തോല്‍വി നേരിട്ടു. സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ ചെല്‍സി 1-1ന് ക്രിസ്റ്റല്‍ പാലസിനോടാണ് സമനില പാലിച്ചത്. എവേ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോടാണ് ടോട്ടനം 2-1ന് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: