ന്യൂദല്‍ഹി: ബംഗാളില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്തെ എന്‍ജിഒകളുടെ മൗനം അതിക്രൂരമാണെന്ന് കുറ്റപ്പെടുത്തി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍. ഡോക്ടറോട് ക്രൂരത ചെയ്ത പ്രതികള്‍ക്ക് തുല്യമായ കുറ്റമാണ് ഇത്തരം എന്‍ജിഒകള്‍ ചെയ്യുന്നതെന്നും ഉപരാഷ്‌ട്രപതി ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
കൊല്‍ക്കത്ത സംഭവത്തില്‍ സര്‍ക്കാരിതര സംഘടനകളുടെ മൗനം കുറ്റകരമാണ്. പ്രതികരിക്കാന്‍ പോലും തയാറാവാത്ത അവരുടെ നിലപാട് ശരിയല്ല. ഇത്തരം ക്രൂരതകള്‍ക്കെതിരെ മിണ്ടാതിരിക്കുന്ന കൗശലമാണ് അവര്‍ കാണിക്കുന്നത്. കുറ്റം ചെയ്തവരേക്കാള്‍ വലിയ തെറ്റാണ് എന്‍ജിഒകളുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഒരു സംഭവമുണ്ടായാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവര്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് സ്വാഭാവികമായി കാണാനാവില്ല. അവരെ നാം ചോദ്യം ചെയ്യേണ്ടതുണ്ട്. എന്തിലും രാഷ്‌ട്രീയം കാണുന്നവരും കത്തുകള്‍ എഴുതി പ്രതിഷേധിക്കുന്നവരും കൊല്‍ക്കത്ത സംഭവത്തില്‍ മിണ്ടാതിരിക്കുന്നത് നാണക്കേടാണ്.
ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലുണ്ടായ സംഭവം ഏറെ വേദനാജനകമാണ്. രാജ്യത്തിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമാണത്. എന്നാല്‍ ചിലര്‍ ഇക്കാര്യത്തില്‍ രാഷ്‌ട്രീയമായാണ് പ്രതികരിച്ചതും നിസാരവല്‍ക്കരിച്ചതും എന്നത് ഗൗരവകരമാണ്. മനുഷ്യമനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവത്തില്‍ ചിലര്‍ മാത്രം വേറിട്ട നിലപാട് സ്വീകരിച്ചു. കൊലപാതകത്തെ നിസാരവല്‍ക്കരിച്ച് വേദന കൂട്ടാനാണ് അവരുടെ നിലപാടുകള്‍ വഴിവച്ചത്.
മുറിവില്‍ ഉപ്പുതേയ്‌ക്കുന്ന പണി ചെയ്തവരുണ്ട്. തുടര്‍ച്ചയായ സംഭവം മാത്രമാണെന്ന് വിശേഷിപ്പിച്ചവരുണ്ട്. അവരില്‍ പാര്‍ലമെന്റംഗങ്ങളുണ്ട്, മുതിര്‍ന്ന അഭിഭാഷകരുണ്ട്. മമതാ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ കപില്‍ സിബല്‍ നടത്തിയ വാദങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഉപരാഷ്‌ട്രപതി പറഞ്ഞു. രാഷ്‌ട്രീയത്തിന്റെ കണ്ണടയിലൂടെ കാണേണ്ട വിഷയമായിരുന്നില്ല ഇതെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക