കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ചിരിക്കുന്ന ഗുരുതര ആരോപണങ്ങള്‍ ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെയാണെന്നും അവ ഞെട്ടിക്കുന്നതാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും എഡിജിപി എം.ആര്. അജിത്ത് കുമാറും ചേര്‍ന്ന ക്രിമിനല്‍ സംഘം കേരളത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുവെന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണം സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണം, രമേശ് പറഞ്ഞു.
പി.വി. അന്‍വര്‍ സംസ്ഥാന സിപിഎം നേതൃത്വത്തിന്റെ പ്രിയപ്പെട്ട എംഎല്‍എയാണ്. മറ്റ് എംഎല്‍എമാര്‍ക്ക് ഇല്ലാത്ത ഒരുപാട് പ്രിവിലേജുകളുള്ള എംഎല്‍എ കൂടിയാണ് പി.വി. അന്‍വര്‍. അദ്ദേഹമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ കോക്കസ് നേതൃത്വം കൊടുക്കുന്ന ഒരു ക്രിമിനല്‍ സംഘമാണ് കേരളത്തില്‍ ആളുകളെ തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്നത്, സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളെ അപായപ്പെടുത്തുന്നത് തുടങ്ങിയവയാണ് ആരോപണങ്ങള്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ എംഎല്‍എ വിശേഷിപ്പിച്ചിരിക്കുന്നത് ദാവൂദ് ഇബ്രാഹിമിന് സമനെന്നാണ്.
ഈ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എതിരായിട്ട് കൂടെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. സിപിഎമ്മിനകത്ത് ആഭ്യന്തര പ്രശ്നങ്ങളുള്ള സമയത്താണ് അന്‍വറിന്റെ വെളിപ്പെടുത്തല്‍. ആര്‍ക്കുവേണ്ടിയാണ് ഇതൊക്കെ.
അന്‍വര്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ ബിജെപി നേരത്തെ ഉന്നയിച്ചിട്ടുള്ളതിനാല്‍ തന്നെ ഇതിലെല്ലാം കൃത്യമായ അന്വേഷണം നടത്തണമെന്നും എം.ടി. രമേശ് പറഞ്ഞു. എഡിജിപി മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നു എന്നത് അതീവഗുരുതരമാണ്. എഡിജിപിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത് മന്ത്രിമാരേക്കാള്‍ വലിയ ഒരാളാണെങ്കില്‍ അത്് മുഖ്യമന്ത്രി ആണോ എന്നും എം.ടി. രമേശ് സംശയം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: