രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയതലത്തിലുള്ള പ്രമുഖ കാര്യകര്‍ത്താക്കളുടെ ഇക്കുറിയത്തെ നാലു ദിവസത്തെ സമ്മേളനം പാലക്കാടിനു സമീപം നടന്നുവരികയാണ്. രാഷ്ട്രജീവിതത്തിന്റെ സമസ്തരംഗങ്ങളിലും ഭാരതത്തനിമയുടെ പ്രഭാവം സുസ്ഥാപിതമാക്കുകയാണല്ലോ സംഘത്തിന്റെ തുടക്കത്തില്‍ തന്നെ സ്ഥാപകനായിരുന്ന ഡോ. ഹെഡ്ഗേവാവര് മനസ്സില്‍ കണ്ട ലക്ഷ്യം. അതിന്റെ സുപ്രധാനമായ ഒരു ഘട്ടത്തിലാണ് രാഷ്ട്രവും സംഘവുമിപ്പോള്‍. പുഷ്പങ്ങള്‍ വിതറപ്പെട്ട പാതയിലൂടെയല്ല സംഘം പോയ നൂറ്റാണ്ട് പിന്നിട്ടത്. സ്വയംസേവകര്‍ നിത്യവും പ്രാര്‍ത്ഥനയില്‍ പറയുംപോലെ കണ്ടകാകീര്ണമാര്ഗത്തെ സുഗമമാക്കിക്കൊണ്ടുതന്നെയായിരുന്നു.
സംഘത്തിന്റെ പ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച ആയിരക്കണക്കിന് സ്വയംസേവകരുടെ പ്രയത്നമാണ് ഈ സ്ഥിതി കൈവരിക്കാന്‍ വഴിയൊരുക്കിയത്. ഏഴു പതിറ്റാണ്ടുകള്‍ മുന്‍പ് സംഘപ്രചാരകനായി ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ ഓര്‍ത്തുപോവുകയാണ്. കോഴിക്കോട്ടു ജില്ലയിലെ കടത്തനാട് താലൂക്കിന്റെ കിഴക്കേ ഭാഗത്തുള്ള മലയോര ഗ്രാമങ്ങളില്‍ അന്നു സംഘശാഖകളുണ്ടായിരുന്നു. അക്കാലത്തു പ്രചാരകനായി അവിടെ സംഘത്തെ എത്തിച്ചത് മീനച്ചല്‍ കുടുംബത്തിലെ രാമചന്ദ്രന് കര്‍ത്താവായിരുന്നു. പരമേശ്വര്‍ജിയോടൊപ്പം തിരുവനന്തപുരത്തു സ്വയംസേവകനാവുകയും, തുടര്‍ന്നു പ്രചാരകനാവുകയും ചെയ്ത അദ്ദേഹം തലശ്ശേരി ആസ്ഥാനമാക്കിക്കൊണ്ട് പഴയ കോട്ടയം, കടത്തനാട്, കുറുമ്പനാട് താലൂക്കുകളില്‍ പ്രചാരകനായി അഞ്ചുവര്‍ഷക്കാലം പ്രവര്‍ത്തിച്ചു. പിന്നീട് ഗൃഹസ്ഥ ജീവിതത്തില്‍ പ്രവേശിച്ചുവെങ്കിലും എറണാകുളത്ത് സംഘചാലക ചുമതലയുമേറ്റു.
ഞാന്‍ പ്രചാരകനായി ചെന്ന സ്ഥലങ്ങളിലെല്ലാം തന്നെ കര്‍ത്താസാര്‍ ഇതിഹാസ പുരുഷന്റെ പരിവേഷം കൈവരിച്ചിരുന്നു. ഏഴും പത്തും കിലോമീറ്റര്‍ നടന്നു മാത്രം എത്താന്‍ കഴിയുമായിരുന്ന കുഗ്രാമങ്ങളില്‍ പോലും എത്തി സംഘതത്വത്തെ അദ്ദേഹം സ്ത്രീ പുരുഷ ഭേദമെന്യേ ജനഹൃദയങ്ങളില്‍ സ്ഥാപിച്ചിരുന്നു. ഞാന്‍ ഒണക്കന്‍ എന്ന സ്വയംസേവകന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ വൃദ്ധമാതാവ് ഇപ്പോഴത്തെ കര്ത്താസാറായി എന്നെ മനസ്സിലാക്കിയ വിവരം മുമ്പൊരു സംഘപഥത്തില്‍ പ്രസ്താവിച്ചിരുന്നു.
അത്തരം മറ്റൊരു ഗ്രാമം കുറ്റിയാടിയില്‍ നിന്ന് മൂന്ന് നാല് കി.മീ. ഉള്ളിലുള്ള കായക്കൊടി എന്ന ദേശമാണ്. തളീക്കര എന്ന സ്റ്റോപ്പില്‍ ബസ് ഇറങ്ങി ഇടവഴികളും പാടവരമ്പുകളും താണ്ടി വേണ്ടിയിരുന്നു അവിടെയെത്താന്‍. കായക്കൊടിയില്‍ പുതിയ വീട്ടില്‍ എന്ന പഴയ തറവാട്ടിലായിരുന്നു ആദ്യ ദിവസം തങ്ങിയത്. അവിടത്തെ കുഞ്ഞികൃഷ്ണന് നായര്‍ ഇരുത്തം വന്ന കോണ്‍ഗ്രസുകാരനായിരുന്നു. കര്‍ത്താസാറിന്റെ സമ്പര്‍ക്കം അദ്ദേഹത്തെ സംഘത്തിലെത്തിച്ചു. 1953 ലെ ബെംഗളൂര് സംഘശിക്ഷാ വര്‍ഗില്‍ പരിശീലനം നേടി അദ്ദേഹം വിസ്താരകനായി പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് മട്ടാഞ്ചേരിയിലെ ബൈഠക്കില്‍ പങ്കെടുക്കവേ ഞാന്‍ പരിചയപ്പെട്ടത്. ഒന്നു രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം മടങ്ങി, വീട്ടില്‍ താമസമാക്കി. കുറ്റിയാടി ഭാഗത്തെ സംഘപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
അങ്ങനെയിരിക്കെയാണ് ഇഎംഎസ് ഭരണത്തിനെതിരായി കോണ്‍ഗ്രസ്സിന്റെ മുന്‍കയ്യില്‍ പ്രക്ഷോഭം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ സേവാദളത്തിന് സംഘത്തിന്റെ രീതിയില്‍ പരിശീലനം നല്കാന് പഴയ കോണ്‍ഗ്രസ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം അതിലേര്‍പ്പെട്ടു. സാമ്പത്തിക പ്രയാസങ്ങള്‍ക്ക് ആശ്വാസമാണെന്ന് അതിനദ്ദേഹം ന്യായീകരണവും നല്കി. ആളെ സംഘത്തിന് നഷ്ടമായി എന്ന വി.പി.ജനേട്ടന്റെ അഭിപ്രായം സ്ഥലത്തെ സ്വയംസേവകര്‍ക്ക് തല്ക്കാലാശ്വാസമായിയെങ്കിലും, ആ നിരീക്ഷണം തികച്ചും ശരിയായിരുന്നു.
മറ്റു സ്വയംസേവകര്‍ വാശിയോടെ ശാഖാപ്രവര്‍ത്തനം തുടര്‍ന്നു. പൂളക്കണ്ടി രാമന് മാസ്റ്റര്‍, മങ്ങാട്ട് പൊയില്‍ കണാരന് ചാത്തു, ബി. പൊക്കന്‍, കെ. പൊക്കന്‍, നാരായണന് നമ്പ്യാര്‍, കൃഷ്ണന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംഘത്തിന്റെ അടിത്തറ ഭദ്രമാക്കി നിലനിര്‍ത്തി. കെ.പി.കൃഷ്ണന് പുതിയതായി ശാഖയില്‍ വന്ന ആളായിരുന്നു. നാലാം ക്ലാസില്‍ കൃഷ്ണന്റെ പഠനമവസാനിച്ചു. കേസരി വാരിക അക്ഷരം കൂട്ടി വായിക്കാന്‍ സഹായകമായി. കര്‍ക്കടക മാസത്തില്‍ രാമായണം വായിക്കണമെന്ന് കേസരിയിലൂടെ അറിഞ്ഞു. ആ വര്‍ഷത്തെ കീഴൂര്‍ ചന്ത എന്ന കാര്‍ഷികോത്സവത്തിലെ ബുക്സ്റ്റാളില്‍ നിന്നു രാമായണം വാങ്ങി വീട്ടില്‍ എത്തിച്ചു. വായിക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ പരിമിതമായ പഠിപ്പു പോരാ അതിനെന്നു കൃഷ്ണനു മനസ്സിലായത്. അടുത്തയവസരത്തില്‍ ആ ശാഖയില്‍ പോയപ്പോള്‍ രാമായണ പ്രശ്നം എന്റെ മുന്നില്‍വന്നു; വെളിച്ചെണ്ണ വിളക്ക് കത്തിച്ചുവെച്ച് രാമായണം വായിച്ചു കൊടുത്തു. ആ യാത്രയില്‍ മൂന്നു സന്ധ്യക്കും അടുത്തയാത്രയില്‍ രണ്ടു സന്ധ്യയ്ക്കും അവിടെ രാമായണം വായിച്ചു. അയല്‍വീട്ടിലെ അംഗങ്ങളും കേള്‍ക്കാനുണ്ടായിരുന്നു.
മൂന്നുദശകങ്ങള്‍ക്കുശേഷം ഞാന്‍ ജന്മഭൂമിയില് നിന്നു വിരമിച്ച് 12 വര്ഷംകൂടിക്കഴിഞ്ഞ് ശ്രീ ഗുരുജി ജന്മശതാബ്ദിക്കാലത്ത് സംഘപ്രവര്‍ത്തനത്തിന് 10 ദിവസമെങ്കിലും വിനിയോഗിക്കണമെന്ന നിര്‍ദ്ദേശമനുസരിച്ച് വടകരത്താലൂക്കിലും കൊയിലാണ്ടി താലൂക്കിലെ ചില ഭാഗങ്ങളിലും സന്ദര്‍ശനം നടത്താന്‍ പ്രാന്തപ്രചാരകന് വ്യവസ്ഥ ചെയ്തു. അന്ന് പഴയ സ്വയംസേവകരുടെ വീടുകളില്‍ പോയി, പലരും ശയ്യാവലംബികളായിക്കഴിഞ്ഞു. രാമായണം വായിച്ചുകൊടുത്ത കൃഷ്ണന്റെ വീട്ടില്‍ പോയപ്പോള്‍ അവരുടെ സാമ്പത്തികസ്ഥിതി വളരെ ഉയര്‍ന്നതായി കണ്ടു. കൃഷ്ണന്റെ മകന് എംഎ കഴിഞ്ഞു നില്ക്കുന്നു. മകള്‍ ബിരുദാനന്തര പഠനത്തിലാണ്. അവര്‍ക്ക് നല്ല പുസ്തകശേഖരമുണ്ടായിരുന്നു. രണ്ടുപേരും ഇടതുചിന്താഗതിയിലാണ് പോകുന്നതെന്നു മനസ്സിലായി. സാമ്പത്തികമായും ചരിത്രപരവുമായുള്ള ചില പുസ്തകങ്ങള്‍ വായിക്കാനായി ഞാന്‍ നിര്‍ദ്ദേശിച്ചു കൊടുത്തു. ഇടതുചിന്തയുടെ ചാലില്‍ പെട്ടുപോയവര്‍ക്ക്, മറ്റൊരു മാര്‍ഗത്തെപ്പറ്റി ചിന്തിക്കാനുള്ള ജിജ്ഞാസയുണ്ടാവില്ല എന്നതിനു ദൃഷ്ടാന്തമായിരുന്നു ആ കുട്ടികള്‍. കൃഷ്ണനും പത്നിയും സംഘ നന്മയിലും ചിന്തയിലും അടിയുറച്ചു നില്‍ക്കുന്നതിനെ മക്കള്‍ എങ്ങനെ കാണുന്നുവെന്നറിയില്ല.
ആ നാടിന്റെ ഭൂപ്രകൃതിയെയും കാര്‍ഷിക വ്യവസ്ഥയെയും അട്ടിമറിച്ചുകൊണ്ട് കുറ്റിയാടി ജലസേചന പദ്ധതിയുടെ പ്രധാന തോടുകളിലൊന്ന് പാടശേഖരത്തിന്റെ നടുവിലൂടെ പോകുന്നു. പാടത്തിന്റെ തലത്തിനു മുകളിലൂടെയാണു അതു നിര്‍മിക്കപ്പെട്ടത്. പാടം മുഴുവന്‍ കൃഷിയില്ലാതെയായി. നിലവിലുണ്ടായിരുന്ന കാര്‍ഷിക വ്യവസ്ഥയെയാകെ തകിടം മറിച്ചുകൊണ്ട് നടപ്പാക്കിയ ആ പദ്ധതി ആരെയാണാവോ തുണച്ചത്?
ഇടുക്കി വൈദ്യുത പദ്ധതിയുടെ ഭാഗമായ ജലസേചന ശൃംഖലയുടെ വലതു കനാല്‍ പോകുന്നത് എന്റെ വീടിനടുത്തുള്ള പാടശേഖരത്തിലൂടെയാണ്. മുന്‍കാലങ്ങളില്‍ രണ്ടു പൂവ് നെല്‍കൃഷിയും മൂന്നാം വിളയായി, എള്ള്, തിന, ചാമ അല്ലെങ്കില്‍ വെള്ളരി, മത്തന്‍, പാവല്‍, പടവലം തുടങ്ങിയ പച്ചക്കറികളും വിളയിച്ചിരുന്ന 20 കി.മീ. നീളമുള്ള പാടശേഖരം മുഴുവന്‍ തരിശാക്കിത്തീര്ത്ത മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിപോലെ തന്നെയാണ് കുറ്റിയാടി വൈദ്യുത പദ്ധതിയുടെ ജലസേചനം എന്നുതോന്നി. കുറ്റിയാടി തടാകത്തില്‍ മുതലക്കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള പദ്ധതിയുമുണ്ടായിരുന്നു. ഞാനവിടെ ചെന്നപ്പോള്‍ ഒരു കൈയുടെ വലിപ്പമുള്ള മുതലകളെക്കണ്ടു. ഇപ്പോള്‍ അവ ഒത്തമുതലകളായിക്കാണണം.
ശ്രീ ചം.പ. ദിഷീകര് എഴുതിയ ‘നവയുഗ പ്രവര്‍ത്തക്ക് ഗുരുജി’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ തയാറാക്കാന്‍ എന്നെ ഹരിയേട്ടന് ഏല്‍പ്പിച്ചിരുന്നു. അതു തയ്യാറാക്കി കയ്യെഴുത്തുപ്രതി പ്രാന്തകാര്യാലയത്തില്‍ ഏല്‍പ്പിച്ചശേഷമാണ് ഞാന്‍ വടകര താലൂക്ക് പര്യടനത്തിനു പുറപ്പെട്ടത്. കുറ്റിയാടിയില്‍നിന്ന് നാലു കി.മീ. അകലെ എനിക്കു അപരിചിതമായ ഒരു ശാഖയില്‍ ചെന്നപ്പോഴത്തെ അനുഭവം കൂടി രേഖപ്പെടുത്താം. ഞാന്‍ തൊടുപുഴക്കാരനാണെന്ന് പറഞ്ഞപ്പോള്‍ കരുണേട്ടന്റെ അടുത്താണോ എന്നു അന്വേഷണമുണ്ടായി. നാദാപുരം മുതല്‍ കിഴക്കോട്ടുള്ള ഒട്ടേറെ ഗ്രാമങ്ങളില്‍ പ്രചാരകനായിരുന്ന കരുണാകരന് അവിടുത്തുകാരുടെ മനസ്സില്‍ ദൈവം തന്നെ അവതരിച്ചതുപോലെയായിരുന്നു. പ്രശ്നങ്ങള്‍ ഗാര്‍ഹികമായാലും, അയല്‍ക്കാര്‍ തമ്മിലായാലും അവയ്ക്കു പരിഹാരം കണ്ടെത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. ആള് എന്റെ അകന്ന ബന്ധുകൂടിയാണെന്നു പറഞ്ഞപ്പോള്‍ ആ സ്നേഹം അവര്‍ എന്നിലും ചൊരിഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പോലീസ് പിടിയില്പെട്ടതും മര്ദനവിധേയനായതും, പിന്നീട് ഗൃഹസ്ഥ ജീവിതത്തിലേക്കു പ്രവേശിച്ചതുമെല്ലാം അവര്‍ക്കറിയാം. മൂവാറ്റുപുഴത്താലൂക്കിലെ വെള്ളൂരില്‍ കുടുംബസഹിതം താമസിച്ചിരുന്ന കരുണാകരന്റെ വീട്ടില്‍ എന്തുവിശേഷം നടന്നാലും നാദാപുരം, കുറ്റിയാടി ഭാഗങ്ങളിലുള്ളവര്‍ പങ്കെടുക്കുമായിരുന്നു.
കുറ്റിയാടിയെന്ന പേര് എങ്ങനെ വന്നുവെന്ന ചോദ്യത്തിനും അവിടെ ഉത്തരം ലഭിച്ചു. പഴശ്ശി കേരളവര്‍മ്മ രാജാവിന്റെ ഒരു കെട്ടിലമ്മ തളീക്കക്കാരിയായിരുന്നുവെന്ന് നേരത്തെ പ്രസ്താവിച്ചുവല്ലോ. തമ്പുരാന് വയനാട്ടില്‍ നിന്ന് നാട്ടിലേക്കു വന്നതു കുറ്റിയാടിച്ചുരം ഇറങ്ങിയായിരുന്നു. അവിടെ അദ്ദേഹം ഒരു കോവിലകം പണിയാന്‍ പരിപാടിയിട്ടു. കണക്കന്മാരെക്കൊണ്ട് അതിന്റെ കുറ്റിയുമടിപ്പിച്ചു. പക്ഷേ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കുറ്റിയടിച്ചയിടം അങ്ങനെ കിടന്നു കുറ്റിയാടിയായിയത്രേ.
രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. കുറ്റിയാടിയില്‍ സംഘത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന കലന്തന് ഹാജി എന്ന വ്യാപാരിയുണ്ടായിരുന്നു. അദ്ദേഹം ജനസംഘത്തിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.
അങ്ങനെ പിന്നിലേക്ക് നോക്കുമ്പോള്‍ ഓര്‍മയില്‍ തെളിയുന്ന സംഗതികള്‍ കുറിച്ചുവെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: