ലഖ്നൗ: സോഷ്യല്‍ മീഡിയയില്‍ രാജ്യവിരുദ്ധ പോസ്റ്റുകളിടുന്നവര്‍ക്ക് ജീവപര്യന്തം തടവ് നിര്‍ദേശിക്കുന്ന നയവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപി ഡിജിറ്റല്‍ മീഡിയ പോളിസി 2024ന് മന്ത്രിസഭ അംഗീകാരം നല്കി. ദേശവിരുദ്ധമോ അപമാനകരമോ ആയ ഉള്ളടക്കം പോസ്റ്റുചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷയും സര്‍ക്കാര്‍ നയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇന്‍ഫഌവന്‍സര്‍മാര്‍ക്ക് ഉപഹാരങ്ങളും നിര്‍ദേശിക്കുന്നതാണ് നയം.
നയത്തിന് കീഴില്‍, യോഗ്യരായ വിഷ്വല്‍, ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കും എക്സ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നിങ്ങനെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായവര്‍ക്കും സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കും. ഫോളോവേഴ്സിന്റെ എണ്ണവും കമന്റുകളും പരിഗണിച്ചാകും ഇത്. അപകീര്‍ത്തികരവും അസഭ്യവും അശ്ലീലവും ദേശവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റുചെയ്യുന്നവര്ക്കെതിരെ കര്‍ശന വ്യവസ്ഥകളും നയത്തിലുണ്ട്. സാമൂഹിക, ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി പൊതു, സാമൂഹികക്ഷേമ പദ്ധതികളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍, ജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് ഈ നയം സര്‍ക്കാരിനെ സഹായിക്കും. യുവാക്കള്‍ക്കും ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നയം ലക്ഷ്യമിടുന്നു.
വരിക്കാരുടെയും പിന്തുടരുന്നവരുടെയും എണ്ണത്തെ അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയ ഏജന്‍സികളെ നാല് വിഭാഗങ്ങളായി തരംതിരിക്കും. എക്സ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ അക്കൗണ്ട് ഉടമകള്‍, ഓപ്പറേറ്റര്‍മാര്‍, ഇന്‍ഫഌവന്‍സര്‍മാര്‍ എന്നിവര്‍ക്കു പരമാവധി ലഭിക്കുക പ്രതിമാസം യഥാക്രമം 5 ലക്ഷം, 4 ലക്ഷം, 3 ലക്ഷം എന്നിങ്ങനെ നിശ്ചയിച്ചിട്ടുണ്ട്. യുട്യൂബ് വീഡിയോകള്‍, ഷോര്‍ട്ട്സ്, പോഡ്കാസ്റ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പേയ്മെന്റിന്റെ കാറ്റഗറി തിരിച്ചുള്ള പരിധി യഥാക്രമം 8 ലക്ഷം, 7 ലക്ഷം, 6 ലക്ഷം, 4 ലക്ഷം എന്നിങ്ങനെയാണ്. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ക്കായി, ഐടി നിയമത്തിലെ സെക്ഷന്‍ 66 (ഇ), 66 (എഫ്) എന്നിവ പ്രകാരം പോലീസ് കേസെടുക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവിന് വ്യവസ്ഥയുണ്ട്. മാനനഷ്ടത്തിനും കേസെടുക്കാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേന്ദ്രം മൂന്ന് വര്‍ഷം മുമ്പ് മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: