കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് തുറന്ന കത്തെഴുതി ടീമിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. പുതിയ താരങ്ങളെയെത്തിക്കുന്നതിലടക്കം മാനേജ്മെന്റ് പുലര്‍ത്തുന്ന നിസംഗതയെ ചോദ്യം ചെയ്താണ് ആരാധകരുടെ വൈകാരിക കത്ത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പുതിയ സീസണ്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് സീസണിലെ ആശങ്ക പങ്കുവെച്ച മഞ്ഞപ്പട, പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ക്ലബിനൊപ്പം ഒരുപതിറ്റാണ്ടിലേറെയായി അടിയുറച്ച് നില്‍ക്കുന്നവരാണ് മഞ്ഞപ്പട എന്ന ആമുഖത്തോടെ തുടങ്ങിയ കത്തില്‍ നിലവിലെ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ക്ലബിന്റെ പുതിയ സീസണിലേക്കുള്ള തയാറെടുപ്പുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. അടിസ്ഥാന സൗകര്യങ്ങള്‍, കളിക്കാരുടെ സൈനിങ്, താരങ്ങളെ വിറ്റഴിക്കല്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ ക്ലബിന് വ്യക്തതയില്ലാത്തതില്‍ കത്തില്‍ നിരാശയും അസംതൃപ്തിയും പങ്കുവെക്കുന്നു
‘സീസണ്‍ അടുക്കുമ്പോള്‍, വ്യക്തമല്ലാത്ത തന്ത്രങ്ങളും നിര്‍ണായക പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള നിശബ്ദതയും ഞങ്ങളെ, അഗാധമായ നിരാശയിലും സങ്കടത്തിലും ആക്കുന്ന’. പ്രസ്താവനയില്‍ മഞ്ഞപ്പട പറയുന്നു.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് അതിവേഗം പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഫാന്‍സ് ക്ലബ് ഊന്നിപ്പറഞ്ഞു. ടീമിന് സമന്വയിപ്പിക്കാനും മികച്ച പ്രകടനം നടത്താനും ആവശ്യമായ താരങ്ങളെയും അന്തരീക്ഷവും നല്‍കണമെന്ന് മാനേജ്മെന്റിനോട് അഭ്യര്‍ത്ഥിച്ചു. ഐഎസ്എല്‍ സീസണ്‍ ആരംഭിക്കാന്‍ രണ്ട് ആഴ്ചകള്‍ മാത്രം ശേഷിക്കെ, പ്രസ്താവന കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റില്‍ കാര്യമായ സമ്മര്‍ദ്ദം ചെലുത്തും.
മഞ്ഞപ്പടയുടെ പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം സുതാര്യതയ്‌ക്കുള്ള ആവശ്യം മാത്രമല്ല, ക്ലബ്ബിനെ പിന്തുണയ്‌ക്കുന്നവരുടെ മൂല്യങ്ങളോടും അഭിനിവേശത്തോടും ഒപ്പം അണിനിരക്കാനുള്ള അഭ്യര്‍ത്ഥനയാണ്. ടീമിന് മികവിലേക്കുയരാന്‍ ആവശ്യമായ താരങ്ങളെ ക്ലബിലെത്തിക്കാന്‍ മാനേജ്മെന്റ് തയാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: