ന്യൂദൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല. നീതി ആവശ്യപ്പെടുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതിന് തുല്യമാണെന്ന് മമത പറയുമ്പോൾ പ്രതിഷേധക്കാരെയും ഡോക്ടർമാരെയും അവർ അപമാനിക്കുകയാണെന്ന് ബിജെപി വക്താവ് വിമർശിച്ചു.
പശ്ചിമ ബംഗാളിൽ കുറ്റവാളികളല്ലാതെ മറ്റാരും സുരക്ഷിതരല്ലെന്നും പൂനാവാല പറഞ്ഞു. ഇന്ന് രാജ്യം മുഴുവൻ പശ്ചിമ ബംഗാളിൽ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ആവശ്യപ്പെടുന്നുണ്ട്. അതിന്റെ പ്രതിഫലനം രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസ്താവനയിൽ കാണാം. എന്നാൽ മറുവശത്ത്, മമതാ ബാനർജിയുടെ മുൻഗണന നീതിയല്ല, പ്രതികാരമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ഉത്തർപ്രദേശ്, ബിഹാർ, അസം, നോർത്ത് ഈസ്റ്റ്, ഒഡീഷ എന്നിവ കത്തുമെന്ന് മമത പറയുമ്പോൾ ഈ പ്രസ്താവനയെ അഖിലേഷ് യാദവോ, തേജസ്വി യാദവോ, എഎപിയോ, ഗൗരവ് ഗൊഗോയിയോ പിന്തുണയ്‌ക്കുമോ എന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദേഹം പറഞ്ഞു.
കൂടാതെ നീതി ആവശ്യപ്പെടുന്നവർ അസ്വസ്ഥത ഉണ്ടാക്കുകയാണോ അതോ ഈ പ്രതിഷേധത്തെ പിന്തുണയ്‌ക്കുന്ന ഇരയുടെ മാതാപിതാക്കൾ അസ്വസ്ഥത ഉണ്ടാക്കുകയാണോ അതോ ഇത്തരമൊരു ഒളിച്ചുകളി ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ സുപ്രീം കോടതിയും ഹൈക്കോടതിയും അസ്വസ്ഥത ഉണ്ടാക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി തന്റെ ഭരണകാലം മുതൽ ബംഗാളിൽ അശാന്തി സൃഷ്ടിച്ചുവെന്ന് ആരോപിച്ച ബിജെപി വക്താവ് പൊതുജനങ്ങൾ ബന്ദ് എന്ന് വിളിക്കുമ്പോൾ അവരെ ബോംബുകളും വെടിയുണ്ടകളും ഉപയോഗിച്ച് ആക്രമിക്കുന്നുവെന്ന് പറയുന്നു. കൂടാതെ കഴിഞ്ഞ 10 വർഷമായി പശ്ചിമ ബംഗാളിൽ അവരുടെ ഭരണം അസ്വസ്ഥത സൃഷ്ടിച്ചു. ഇത് സ്ത്രീകൾക്ക് നേരെ ആക്രമണത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് കുറ്റവാളികൾ ഒഴികെ പശ്ചിമ ബംഗാളിൽ ആരും സുരക്ഷിതരല്ലെന്നും പൂനാവാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: