ധാക്ക : അക്രമാസക്തമായ പ്രതിഷേധങ്ങളും , രാഷ്‌ട്രീയ അശാന്തിയും കാരണം ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയുടെ നെടും തൂണായ തുണി വ്യവസായം പ്രതിസന്ധി നേരിടുകയാണ്. ബംഗ്ലാദേശിന്റെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികം വരുന്നതും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 11 ശതമാനവും സംഭാവന ചെയ്യുന്നതും തുണി വ്യവസായമാണ്.
മാത്രമല്ല, തുണി വ്യവസായം രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നുണ്ട്.എന്നാൽ രണ്ട് മാസത്തോളം രാജ്യത്ത് നടന്ന പ്രകടനങ്ങളും കർഫ്യൂവും അക്രമവും ഫാക്ടറികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്തു. ബംഗ്ലദേശ് ഗാർമെൻ്റ് മാനുഫാക്‌ചറേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (ബിജിഎംഇഎ) അടുത്തിടെ പുറത്തിറക്കിയ സാമ്പത്തിക റിപ്പോർട്ടിൽ സമരവും ആശയവിനിമയ തടസ്സവും കാരണം ടാക്ക 6,400 കോടി (ഏകദേശം 4,500 കോടി രൂപ) നഷ്ടം കണക്കാക്കുന്നു.
ഈ വർഷം കയറ്റുമതി 45 ബില്യൺ യുഎസ് ഡോളറായി ഉയർത്തുകയെന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് ബിജിഎംഇഎയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ ഖണ്ഡോകർ റഫീഖ്-ഉൽ ഇസ്ലാം പറഞ്ഞു. ഇതൊരു ശാശ്വത പ്രതിസന്ധിയല്ലെന്നും അതിനെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌സ്‌റ്റൈൽ വ്യവസായം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഉൽപ്പാദനം 15-20 ശതമാനം കുറവാണ്. ബിജിഎംഇഎ റിപ്പോർട്ട് പറയുന്നതനുസരിച്ച്, ബംഗ്ലാദേശിലെ ചെറുതും വലുതുമായ മൂവായിരത്തോളം വസ്ത്ര ഫാക്ടറികളിൽ 800-900 എണ്ണം കഴിഞ്ഞ വർഷം മുതൽ അടച്ചുപൂട്ടി. വൻകിട ഫാക്ടറികൾ രക്ഷപ്പെട്ടെങ്കിലും ചെറുകിട, ഇടത്തരം ഫാക്ടറികൾ പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: