തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കണമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി ഫ്രണ്ട്സ് ഓഫ് സൂ പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പക്ഷിമൃഗാദികളെ തൃശൂര്‍ മൃഗശാലയില്‍ നിന്ന് പുത്തൂരിലേക്ക് മാറ്റുന്ന പ്രക്രിയ തുടരേണ്ട കാലഘട്ടമാണിത്. ഇതിനായി കേന്ദ്ര മൃഗശാല അതോറിറ്റി കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തീയതി അനുമതി നല്‍കിയതാണ്.
ഒക്ടോബര്‍ രണ്ടാം തീയതി ആഘോഷമായി മൂന്ന് മയിലുകളെ പുത്തൂരിലേക്ക എത്തിച്ചു. എന്നാല്‍ 10 മാസം പിന്നിടുമ്പോഴും കേവലം 39 ജീവികളെ മാത്രമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയത്. .അതില്‍ തന്നെ 10 ജീവികള്‍ മരണമടഞ്ഞു. വാര്‍ധക്യസഹജമായ കാരണങ്ങളാലാണ് മരണം നടന്നത് എന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്. പുതിയ സ്ഥലത്തേക്ക് മൃഗങ്ങളെ മാറ്റുമ്പോള്‍ മെച്ചപ്പെട്ട ആരോഗ്യമുള്ളതും താരതമ്യേന പ്രായം കുറഞ്ഞതും ഗര്‍ഭാവസ്ഥയില്‍ അല്ലാത്തതുമായ ജീവികളെയാണ് ആദ്യ ഘട്ടത്തില്‍ മാറ്റേണ്ടിയിരുന്നത്. അതിനുപകരം പ്രായം ചെന്നതും ഗര്‍ഭാവസ്ഥയില്‍ ഉള്ളതുമായ ജീവികളെ മാറ്റിയപ്പോള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടായി.
ആരോഗ്യപരമായി സുസ്ഥിതിയുള്ള ജീവികളെ ഘട്ടംഘട്ടമായി മാറ്റുകയും, അവയെ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം. ആവാസവ്യവസ്ഥകളുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്ന് അധികൃതര്‍ ഇപ്പോള്‍ പറയുന്നു. എങ്കില്‍ പിന്നെ പത്തു മാസം മുമ്പ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയത് എന്തിനാണ് എന്ന ചോദ്യത്തിന് ഉത്തരം ഇല്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കുക, ജീവികളെ പുത്തൂരിലേക്ക് മാറ്റുക തുടങ്ങിയ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടുന്ന കാലഘട്ടത്തില്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഡയറക്ടര്‍ സ്ഥാനത്ത് മുഴുവന്‍ സമയം ചെലവഴിക്കാവുന്ന ആളില്ല.
ഇപ്പോള്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്ന വ്യക്തിക്ക് രണ്ടു വ്യത്യസ്ത ജില്ലകളിലായി മറ്റ് രണ്ട് പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ കൂടി ചുമതലയുണ്ട്. പാര്ക്കിന് മുഴുവന്‍ സമയ ഡയറക്ടറെ അടിയന്തരമായി നിയമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ഫ്രണ്ട്സ് ഓഫ് സൂ സെക്രട്ടറി എം. പീതാംബരന് മാസ്റ്റര്‍ വനം വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: