ഇംഫാല്‍/ഗുവാഹത്തി: മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ ബിജെപി വക്താവിന്റെ വീട് അക്രമികള്‍ തകര്‍ത്തു. ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. പന്ത്രണ്ടിലധികം വരുന്ന ആയുധധാരികള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തശേഷം ബിജെപി വക്താവ് ടി. മൈക്കല്‍ ലംജതാങ് ഹാക്കിപ്പിന്റെ വീടിന് തീയിടുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
ചുരാചന്ദ്പൂരിലെ താഡൗ ഗോത്രവിഭാഗത്തില്‍ നിന്നുള്ളയാളാണ് മൈക്കല്‍. മണിപ്പൂരിലെ പുരാതന ഗോത്രങ്ങളിലൊന്നാണ് താഡൗ വിഭാഗം. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍സിങ് ആക്രമണത്തെ അപലപിച്ചു. താഡൗ സമുദായത്തിന്റെ നേതാവും, ബിജെപി വക്താവുമായ മൈക്കലിന്റെ വീടിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണം ഭീരുത്വമാണെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.
സംസ്ഥാനത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരെയുള്ള വെല്ലുവിളിയാാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍. സംസ്ഥാനത്തെ പുരാതന ഗോത്രവിഭാഗത്തിലെ അംഗത്തിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇതിനെ ശക്തമായി അപലപിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഭീരുക്കള്‍ മാത്രം ചെയ്യുന്ന കാര്യമാണിതെന്നും, കൃത്യമായ സംവാദത്തിലേര്‍പ്പെടാന്‍ കഴിയാത്തവരാണ് ഇത്തരത്തില്‍ അക്രമത്തിന്റെ പാത സ്വീകരിക്കുന്നതെന്നും അവരുടെ മാനസികാവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രിസഭാംഗമായ ഗോവിന്ദദാസ് കൊന്തൗജം പറഞ്ഞു. ഒരു വ്യക്തിക്ക് നേരെയുള്ള ആക്രമണമല്ല ഇത്, മുഴുവന്‍ താഡൗ വിഭാഗത്തിനും നേരെയുള്ള ഭീഷണിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൈക്കലിന്റെ ചുരാചന്ദ്പൂരിലെ വീടിന് നേരെ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ആക്രമണമുണ്ടാകുന്നത്. താഡൗ ഗോത്രവിഭാഗവും സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. 70ഓളം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: