ന്യൂദല്‍ഹി: ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടന് മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മുകേഷ് രാജിവയ്ക്കണമെന്നും സ്ഥാനങ്ങളില്‍ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിട്ടില്ലെങ്കില്‍ അന്വേഷണം സത്യസന്ധമാണോ എന്നു പൊതുജനങ്ങള്‍ സംശയിക്കുമെന്നും സിപിഐ നേതാവ് ആനി രാജ പറഞ്ഞു.
ഇത്തരത്തില്‍ സംശയങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. മുകേഷ് സ്വയം മാറി നിന്നില്ലെങ്കില്‍ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നും ആനി രാജ പറഞ്ഞു.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സംഘടനയിലെ കൂട്ട രാജി അനിവാര്യമായിരുന്നു. സിനിമാ മേഖലയിലെ സമഗ്രമാറ്റത്തിന് അമ്മയിലെ കൂട്ടരാജി കാരണമാകുമെന്നും അവര്‍ വിശദീകരിച്ചു.
ലൈംഗികാരോപണം നേരിടുന്ന മുകേഷിനെതിരായ വികാരമാണ് സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയിലും. മുകേഷ് അവമതിപ്പുണ്ടാക്കിയെന്നാണ് പൊതുവെയുളള വികാരം.
എന്നാല്‍ മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.ഇതിനിടെയാണ് ലൈംഗികാരോപണം ഉന്നയിച്ച നടി മിനു മുനീറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുകേഷ് വാര്‍ത്താ കുറിപ്പിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: