കൊച്ചി: നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ മോഹൻ(76) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980കളിൽ മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച മോഹൻ 23 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
വാടകവീട് (1978) ആണ് മോഹന്റെ ആദ്യ സിനിമ. തുടർന്ന് ‘രണ്ട് പെൺകുട്ടികൾ’, ‘ശാലിനി എന്റെ കൂട്ടുകാരി’ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി. വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ ഇസബെല്ല , പക്ഷെ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നിങ്ങനെ നിരവധി ചിത്രങ്ങൾ മോഹൻ സംവിധാനം ചെയ്തു. 2005ൽ ഒരുക്കിയ ക്യാമ്പസ് ആണ് മോഹൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ഇരിങ്ങാലക്കുട സ്വദേശിയായ മോഹൻ കൊച്ചി കാക്കനാട് ആണ് താമസം. ‘രണ്ടു പെൺകുട്ടികൾ’ എന്ന മോഹന്റെ ആദ്യകാല സിനിമയിലെ നായികയായ അനുപമയാണ് ജീവിതസഖി. പുരന്ദർ, ഉപേന്ദർ എന്നിവർ മക്കളാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ൻ കോളജിൽ ബികോം പഠിക്കാൻ ചേർന്നതാണ് സിനിമയിലേക്കുള്ള വഴിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: