തൃശൂര്‍: ഗ്രാമ നഗരവീഥികളില്‍ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാര്, ജന്മാഷ്ടമിനാളില്‍ നാടും നഗരവും അമ്പാടിയായി മാറി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആയിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചു.
ഓടക്കുഴലും മയില്‍പ്പീലിക്കിരീടവുമായി നടന്നു നീങ്ങിയ ഉണ്ണിക്കണ്ണന്മാര് കാഴ്ചക്കാരുടെ മനസ്സുകളെ ദ്വാപരയുഗ സ്മരണകളിലേക്ക് കൊണ്ടു പോയി. ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ ശോഭായാത്രകളില്‍ ചിത്രീകരിക്കപ്പെട്ടു. കൃഷ്ണവേഷമിട്ട കുട്ടികള്‍ക്കൊപ്പം നൃത്തംവെച്ച രാധയും ഗോപികമാരും മറ്റൊരു വൃന്ദാവനം തീര്‍ത്തു. ദൃഢസൗഹൃദത്തിന്റെ കഥ പറഞ്ഞ് കാണിക്കയര്‍പ്പിക്കാനുള്ള അവില്‍പ്പൊതിയുമായി നടന്നു നീങ്ങിയ കുചേലന്മാരും പഞ്ചപാണ്ഡവരും രാമലക്ഷ്മണന്മാരും മുനിശ്രേഷ്ഠരും ഹനുമാനും ശിവപാര്‍വ്വതിമാരുമെല്ലാം ശോഭായാത്രകളില്‍ നിറഞ്ഞു നിന്നു.
തൃശൂര്‍ നഗരത്തിലെ മഹാശോഭായാത്രയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു.
കുട്ടനെല്ലൂര്‍, അഞ്ചേരി, നെല്ലിക്കുന്ന്, ചേലക്കോട്ടുകര, കിഴക്കുംപാട്ടുകര, നെട്ടിശ്ശേരി, നെല്ലങ്കര, ചെമ്പുക്കാവ്, കുട്ടന്‍കുളങ്ങര, പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രയാണ് വൈകിട്ടോടെ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ എത്തിയത്. പാറമേക്കാവിന് മുന്നില്‍ നിന്നാരംഭിച്ച മഹാശോഭായാത്ര നായ്ക്കനാല്‍ പരിസരത്ത് സമാപിച്ചു.
പാടൂക്കാട്: തത്ത്വമസി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്ര പാടൂക്കാട് ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച് കോലഴി വട്ടമ്പലം ശ്രീകൃഷ്ണക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പ്രസാദ വിതരണവും, ഉറിയടിയും സമ്മാന ദാനവും നടന്നു.
വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ കരുമരക്കാട് ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് നഗര പ്രദക്ഷിണത്തോടെ സാംസ്കാരിക സമ്മേളന ത്തോടെയാണ് സമാപിച്ചത്.
കുമരനെല്ലൂര്‍, മേലേമ്പാട്, അകമല, എങ്കക്കാട്, ഇരട്ട കുളങ്ങര ബാലഗോകുലങ്ങള്‍ പങ്കെടുത്തു. കരുമത്ര മണ്ഡലത്തിന്റെ നേതൃത്വത്തില്‍ മച്ചാട് ഷണ്മുഖാനന്ദ ക്ഷേത്രത്തില്‍ നിന്നായിരുന്നു തുടക്കം.വിരുപ്പാക്ക വാസുദേവപുരം ക്ഷേത്രത്തിലായിരുന്നു സമാപനം.
പാര്‍ളിക്കാട്, മിണാലൂര്‍, വടക്കേക്കര ബാലഗോകുലങ്ങളുടെ ശോഭായാത്ര പാര്‍ളിക്കാട് നടരാജഗിരി ബാല സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ നിന്നാണ് ആരംഭിച്ചത്. വെള്ളതിരുത്തി ക്ഷേത്രത്തില്സമാപിച്ചു. മുണ്ടത്തിക്കോട് പെരിയമ്മക്കാവ്, പുതുരുത്തി, പെരിങ്ങണ്ടൂര്‍ സെന്ററുകളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഗ്രാമ പ്രദക്ഷിണം നടത്തി. കൊടുമ്പ്, പതിയാരം, കാഞ്ഞിരക്കോട്, കുണ്ടന്നൂര്‍ ഗോകുലങ്ങളുടെ ശോഭായാത്ര കുണ്ടന്നൂര്‍ ശ്രീകൃഷണപുരം ക്ഷേത്രത്തിലാണ് സമാപിച്ചത്. ചിറ്റണ്ട, പടിഞ്ഞാറ്റുമുറി, പൂങ്ങോട് സെന്ററുകളില്‍ നിന്നുള്ള ശോഭായാത്രകള്‍ ചിറ്റണ്ട ശങ്കരമംഗലം ക്ഷേത്രത്തില്‍ സമാപിച്ചു.
പാവറട്ടി: പാലുവായ്, മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര കോതകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ അവസാനിച്ചു.
വടക്കേക്കാട്: കരുവമ്പായി കാവീട്ടില്‍ പൂളത്ത് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര മൂന്നാംകല്ല് പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട താലൂക്കില്‍ 75 ലേറെ ശോഭയാത്രകള്‍ നടന്നു. ഇരിങ്ങാലക്കുട നഗരത്തില്‍ അയ്യങ്കാവ്, ചെട്ടിപ്പറമ്പ്, കാരുകുളങ്ങര, കൂത്തുപറമ്പ്, കണ്ടെശ്വരം, കൊരുമ്പിശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ബസ് സ്റ്റാന്‍ഡില്‍ സംഗമിച്ച് മഹാശോഭായാത്രയായി കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: