ഹേമ കമ്മിറ്റി രൂപീകരിച്ചത് ധീരമായ നടപടിയെന്ന് നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ. സിനിമാ മേഖലയിൽ 30 വർഷമായി താൻ ഉണ്ടെന്നും, എന്നാൽ ഇത്തരം ആരോപണങ്ങൾ ഊഹാപോഹങ്ങൾ ആയിരിക്കുമെന്നാണ് താൻ വിചാരിച്ചിരുന്നതെന്നും റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വാസ്തവമുണ്ടെന്നും പ്രേംകുമാർ പറയുന്നു.
സിനിമാമേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തോളമായി. അന്നും ഇത്തരം ആരോപണങ്ങൾ പലതും കേട്ടിട്ടുണ്ട്. പലതും ഊഹാപോഹങ്ങളായിരിക്കുമെന്നാണ് വിചാരിച്ചത്. വ്യക്തിപരമായി ഇത്തരം അനുഭവങ്ങൾ ആരും പറഞ്ഞിട്ടില്ല. ചിലപ്പോൾ അവർക്ക്
തുറന്ന് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടായിരിക്കാം. എന്നാൽ, ജസ്റ്റിസ് ഹേമയുടെ മുമ്പിൽ അവർ കാര്യങ്ങൾ കൃത്യമായി പറഞ്ഞു.
റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വാസ്തവമുണ്ട്. റിപ്പോർട്ട് നേരത്തെ പുറത്ത് വരേണ്ടതായിരുന്നു. സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല. ആരോപണവിധേയരെ ഉത്തരവാദിത്വപ്പെട്ട സമിതികളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് അഭിപ്രായം. ഡബ്ല്യുസിസിയുടെ ആവശ്യം ന്യായമാണ്. എന്നാൽ, കോൺക്ലേവ് ബഹിഷ്കരിക്കുന്നത് ശരിയായ രീതിയല്ല. കോൺക്ലേവിൽ മുകേഷിനെ പങ്കെടുപ്പിക്കാതിരിക്കുന്നതാണ് ഉചിതം. സർക്കാർ ഇക്കാര്യം ആലോചിക്കണം. നയരൂപീകരണ സമിതിയിൽനിന്ന് ആരോപിതരെ ഒഴിവാക്കണം” പ്രേം കുമാർ പറയുന്നു.
വലിയ തുറന്നുപറച്ചിലുകളിലേക്കും മറച്ചുവെക്കപ്പെട്ട ലൈംഗികാതിക്രമങ്ങളിലേക്കുമാണ് മനുഷ്യാവകാശ ലംഘനങ്ങളിലേക്കുമാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. 2019-ൽ സമർപ്പിച്ച റിപ്പോർട്ട് 4 വർഷം പൂഴ്‌ത്തിവെച്ചും അറുപതോളം പേജുകൾ നീക്കം ചെയ്തുമാണ് സർക്കാർ പുറത്തുവിട്ടത്.
റിപ്പോർട്ടിനെ തുടർന്നുണ്ടായ തുറന്നുപറച്ചിലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും, നടൻ സിദ്ദിഖിന് എം. എം. എം. എ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെക്കേണ്ടി വന്നു. കൂടാതെ ബാബുരാജ്, മണിയൻപിള്ള രാജു, ജയൻ ചേർത്തല, മുകേഷ്, ഇടവേള ബാബു, അലൻസിയർ, റിയാസ് ഖാൻ, സുധീഷ് തുടങ്ങീ നിരവധി പേർക്കെതിരെയാണ് ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നുവന്നത്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ വലിയ പ്രാധാന്യത്തോടെയാണ് കേരള സമൂഹം ഇപ്പോൾ ചർച്ചചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: