തന്റെ രോഗവിവരത്തെപ്പറ്റി വെളിപ്പെടുത്തി നടി ഗ്രേസ് ആന്റണി. തനിക്ക് ഡിസ്ക് ബൾജ് ചെയ്തു വരികയായിരുന്നുവെന്നും നടക്കാൻ കഴിയാതെ തളർന്നു പോകുന്ന നിലയിലേക്ക് വരെ എത്തിയിരുന്നുവെന്നും താരം വെളിപ്പെടുത്തി. സർജറി ചെയ്യുന്ന കാര്യം ആദ്യം അറിയിച്ചത് നടൻ മമ്മൂട്ടിയെ ആയിരുന്നുവെന്നും ഗ്രേസ് ആന്റണി ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നമ്മൾ ചില പ്രോജക്ടിലേക്ക് കയറി കഴിഞ്ഞാൽ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം മറന്നു പോകും. എനിക്ക് ഡിസ്ക് ബൾജ് വന്നു. അതിന്റെ വേദന അസഹനീയമാണ്. ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് ഞാൻ ആരുടെ അടുത്തും അത് പറഞ്ഞില്ല. ഷൂട്ടിംഗ് ആരംഭിച്ചാൽ ഞാൻ അത് മറക്കും. പക്ഷേ അങ്ങനെ ചെയ്യരുത് എന്ന് അത് കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. നിരന്തരം വന്ന് ചെറിയ ബൾജ് വലുതായി. പതിയെ വേദന മാറി മരവിപ്പായി എനിക്ക് കാല് ഫീൽ ചെയ്യാതായി. ഒരു ഭാഗം സ്വാധീനമില്ലാത്ത രീതിയിലേക്ക് വന്നു. എന്റെ കാല് അനങ്ങുന്നില്ല. നടക്കുമ്പോൾ ഞാൻ വീഴുന്ന സ്റ്റേജിലേക്ക് ആയി”.
ഞാൻ മനസ്സിലാക്കി, എന്തോ എന്റെ ശരീരത്ത് സംഭവിക്കുന്നുണ്ട്. അതുവരെ ഞാൻ ആരുടെ എടുത്തും പറഞ്ഞിരുന്നില്ല. അത് തെറ്റായിപ്പോയി. നമ്മുടെ ആരോഗ്യം നമ്മൾ നോക്കണമായിരുന്നു. അവസാനം കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് സർജറി ചെയ്തത്. അത് എടുത്തുമാറ്റി. ആശുപത്രിയിൽ കയറിയപ്പോൾ ആദ്യം സംവിധായകൻ റാം സാറിനെ വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് മമ്മൂക്കയ്‌ക്ക് മെസ്സേജ് അയച്ചു. വേറെ ആരോട് പറഞ്ഞില്ലെങ്കിലും, ഇനി എന്തെങ്കിലും എനിക്ക് സംഭവിച്ചാൽ ഇക്ക അറിയണം. എനിക്ക് വയ്യ, ഞാൻ സർജറിക്ക് പോവുകയാണെന്ന് മമ്മൂക്കയ്‌ക്ക് മെസ്സേജ് അയച്ചു. പ്രാർത്ഥിക്കാം എന്ന് അദ്ദേഹം റിപ്ലൈയും തന്നു. എന്നിട്ട് ഫോൺ മാറ്റി സൈലന്റ് മോഡിലേക്ക് വച്ചിട്ടാണ് ഞാൻ സർജറിക്ക് പോകുന്നത്.ഈ രണ്ടു വ്യക്തികളോടാണ് ഞാൻ ഇത് പറഞ്ഞത്. വേറെ ആർക്കും എന്റെ രോഗവിവരം അറിയില്ലായിരുന്നു”-ഗ്രേസ് ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: