ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്കാന് കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നിയമങ്ങള്‍ കര്‍ശനമാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ലക്ഷാധിപതി ദീദി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കൃത്യസമയത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ ഇരയായ സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാന്‍ താല്‍പ്പര്യമില്ലെങ്കില്‍, വീട്ടിലിരുന്ന് ഇ- എഫ്ഐആര്‍ ഫയല്‍ ചെയ്യാം. പോലീസ് സ്റ്റേഷന് തലത്തില്‍ ആര്‍ക്കും ഇ- എഫ്ഐ ആര് നീട്ടിവെക്കാനോ അട്ടിമറിക്കാനോ കഴിയില്ലെന്നും ഉറപ്പാക്കിയിട്ടുണ്ട്. വേഗത്തിലുള്ള അന്വേഷണത്തിനും കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കാനും ഇത് സഹായിക്കും. പഴയ നിയമങ്ങളിലുണ്ടായിരുന്ന പല തടസങ്ങളും ഭാരതീയ ന്യായ സംഹിത നടപ്പാക്കിയതിലൂടെ നീക്കി. ഇതില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് ഒരു അധ്യായം മുഴുവനും പ്രതിപാദിക്കുന്നുണ്ട്.
പ്രായപൂര്ത്തിയാകാത്തവര്ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷയും ജീവപര്യന്തം തടവുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. വിവാഹത്തിന്റെ പേരിലും പെണ്‍കുട്ടികള്‍ നിരവധി തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ട്. നേരത്തെ ഇതിന് വ്യക്തമായ നിയമം ഉണ്ടായിരുന്നില്ല. ഇപ്പോള്‍, വിവാഹത്തിലെ തെറ്റായ വാഗ്ദാനങ്ങളും വഞ്ചനയും ഭാരതീയ ന്യായ സംഹിതയില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവിധത്തിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പമാണെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഭാരതീയ സമൂഹത്തില്‍ നിന്ന് ഈ പാപകരമായ മാനസികാവസ്ഥയെ തുടച്ചു നീക്കിയതി നുശേഷം മാത്രമേ നമ്മള് നിര്ത്തേണ്ടതുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: