ന്യൂദൽഹി: അന്തർസംസ്ഥാന ആയുധ വിതരണ സംഘത്തിലെ രണ്ട് അംഗങ്ങളെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള അരവിന്ദ് കുമാർ (45), വിനോദ് കുമാർ (48) എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു. ഇവരിൽ നിന്ന് എട്ട് നാടൻ 0.32 ബോർ പിസ്റ്റളുകൾ കണ്ടെടുത്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഇടപാടുകൾക്കായി ഇവർ ഉപയോഗിച്ചിരുന്നത്. മധ്യപ്രദേശിലെ ഖാർഗോണിൽ നിന്നാണ് പ്രതികൾ ആയുധങ്ങൾ വാങ്ങുന്നത്. അത് ദൽഹി മറ്റ് തലസ്ഥാന പ്രദേശങ്ങളിൽ എത്തിക്കുകയായിരുന്നു പതിവ്.
നേരത്തെ ആഗസ്റ്റ് 19 ന് രണ്ട് ആയുധ കടത്തുകാർ ജെയ്‌പൂരിലെ ആഗ്ര കനാൽ റോഡിൽ അനധികൃത ആയുധങ്ങൾ എത്തിക്കുമെന്ന് പോലീസിന് സൂചന ലഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അമിത് കൗശിക് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം രൂപീകരിച്ച് കനാൽ റോഡിന് സമീപം കെണിയൊരുക്കി ഇരുവരെയും പിടികൂടുകയായിരുന്നു.
ഇവരിൽ നിന്ന് എട്ട് പിസ്റ്റളുകൾ കണ്ടെടുത്തതായി കൗശിക് പറഞ്ഞു. പ്രതികൾ എട്ട് വർഷത്തിലേറെയായി ആയുധക്കടത്ത് നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മധ്യപ്രദേശിലെ ഖർഗോൺ കേന്ദ്രീകരിച്ചുള്ള അനധികൃത ആയുധ നിർമ്മാതാക്കളുമായി ഇവർ ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.
ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആയുധങ്ങൾ വാങ്ങുന്നവരുമായും വിതരണക്കാരുമായും ബന്ധപ്പെടുകയും ആയുധങ്ങൾ ഒന്നിന് 12,000 മുതൽ 15,000 രൂപ വരെ വാങ്ങുകയും ചെയ്തിരുന്നു. ചിലത് 25,000 മുതൽ 30,000 രൂപയ്‌ക്കാണ് അവർ വിറ്റിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: