വയനാട് ദുരന്തമുണ്ടാക്കിയ കടുത്ത ദുഃഖത്തിനിടയിലും ചിലരൊക്കെ ആശങ്കപ്പെട്ടതുപോലെ സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍ വലിയ അഴിമതിക്ക് കളമൊരുക്കുകയാണോ? വയനാട്ടിലെ പുനരധിവാസത്തിന് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന കണക്കാണ് ഇങ്ങനെയൊരു സംശയം ജനിപ്പിച്ചിരിക്കുന്നത്. പുനരധിവാസത്തിനായി സര്‍ക്കാര്‍ കണകാക്കുന്ന തുക യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ വളരെ വലുതാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. യാഥാര്‍ത്ഥ്യവുമായി പൊരുത്തമില്ലാത്ത ഒരു കണക്കാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. അടിയന്തര പുനരധിവാസത്തിനായി 2000 കോടി രൂപ വേണ്ടിവരുമെന്ന് സര്‍ക്കാര്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. മൊത്തത്തിലുള്ള അതിജീവന പാക്കേജിനായി ഇതിന്റെ നാലിരട്ടി തുകയാണത്രേ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്! വസ്തു വാങ്ങി വീടു വയ്ക്കാനും വീട്ടുപകരണങ്ങള്‍ വാങ്ങാനും മറ്റുമാണ് അടിയന്തര ധനസഹായം വേണ്ടത്. ഇതിനെന്തിനാണ് 2000 കോടി രൂപയെന്ന ചോദ്യത്തിന് സര്‍ക്കാരിന് മറുപടിയില്ല. ഉരുള്‍പൊട്ടലിനിരയായി 729 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഒരു കുടുംബത്തിന് ഒരു കോടി രൂപ വീതം നല്കിയാലും 729 കോടി മതിയെന്നിരിക്കെ 2000 കോടിയുടെ കണക്ക് എവിടെനിന്ന് വന്നുവെന്നാണ് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. കൃഷി നാശത്തിന്റെയും കന്നുകാലികളുടെ നാശത്തിന്റെയും നഷ്ടപരിഹാരത്തിന് ഒരു കോടിയിലധികം മതിയാകുമെന്നാണ് കരുതപ്പെടുന്നത്. ഇതും സര്‍ക്കാരിന്റെ കണക്കുമായി പൊരുത്തപ്പെടുന്നില്ല.
വയനാട്ടിലെ പുനരധിവാസത്തിന് വലിയ സാമ്പത്തിക വാഗ്ദാനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഭൂമിയും വീടും നല്‍കാമെന്നേറ്റ് നിരവധി വ്യക്തികളും സംഘടനകളും മുന്നോട്ടുവന്നു കഴിഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് 1000 ലേറെ വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനമുണ്ട്. ടൗണ്‍ഷിപ്പിന് ആവശ്യമായ ഭൂമി നല്‍കാമെന്നും ചില വ്യക്തികള്‍ പറഞ്ഞിട്ടുണ്ട്. ഭൂമി വാങ്ങി വീട് നിര്‍മിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ല എന്നാണ് ഇതിനര്‍ത്ഥം. എന്നിട്ടും എന്തിനാണ് ഈ ചെലവുകള്‍ സഹിതം ഉള്‍പ്പെടുത്തി പുനരധിവാസ തുക കണക്കാക്കുന്നത്? വയനാട് ദുരന്തത്തിന്റെ പേരില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 197 കോടിയിലേറെ രൂപ എത്തിയിട്ടുണ്ട്. ഈ വകയില്‍ ഇനിയും വലിയ തുക ലഭിക്കുമെന്നിരിക്കെ പുനരധിവാസത്തിന് 2000 കോടി രൂപ വേണമെന്നു പറഞ്ഞ് സര്‍ക്കാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നതിനു പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ടെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. പ്രളയകാലത്തും കൊവിഡിന്റെ കാലത്തും ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ അഴിമതിക്ക് മറയാക്കിയ സര്‍ക്കാരാണിത്. കൊവിഡ് കാലത്ത് മഹാരാഷ്ട്രയിലെ ഒരു കമ്പനിയില്‍നിന്ന് പിപിഇ കിറ്റു വാങ്ങിയതിലും, ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന കിറ്റ് വാങ്ങിയതിലും വന്‍ അഴിമതിയാരോപണം ഉയരുകയുണ്ടായി. പ്രളയ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തിയതിന് സിപിഎമ്മുകാര്‍ പ്രതികളായ കേസുകളുമുണ്ട്. ഇതിന്റെയൊക്കെ അന്വേഷണം പിന്നീട് അട്ടിമറിക്കപ്പെട്ടു. ആരോപണ വിധേയര്‍ ഇപ്പോഴും പാര്‍ട്ടി നേതാക്കളായി തുടരുകയുമാണ്. അഴിമതിക്കുള്ള പുത്തന്‍ അവസരങ്ങള്‍ അവര്‍ക്ക് തുറന്നുകിട്ടുകയും ചെയ്യും.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിച്ച് അധികം കഴിയുന്നതിനു മുന്‍പ് പുതിയ ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തുവരികയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിട്ടും മുന്‍കരുതലെടുക്കുന്നതിലും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് ഈ പ്രഖ്യാപനം ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ എന്തോ വലിയ കാര്യം ചെയ്യാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ കൂടിയായിരുന്നു ഇത്. ടൗണ്‍ഷിപ്പിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ വാഗ്ദാനത്തിനു പിന്നില്‍ വന്‍ അഴിമതി നടത്തുകയാണ് ലക്ഷ്യമെന്ന് സംശയം ഉയര്‍ന്നിരുന്നു. ലൈഫ് പാര്‍പ്പിട പദ്ധതിയുടെ പേരില്‍ വിദേശരാജ്യങ്ങളിലെ ചില സന്നദ്ധ സംഘടനകളില്‍നിന്ന് വന്‍തോതില്‍ പണം വാങ്ങി അഴിമതി നടത്തിയെന്ന ആരോപണം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്നിട്ടുള്ളതാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ഇതു സംബന്ധിച്ച കേസിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. വയനാട്ടില്‍ ടൗണ്‍ഷിപ്പിന്റെ പേരിലും ഇത്തരം തട്ടിപ്പും അഴിമതിയും നടക്കില്ലെന്ന് പറയാനാവില്ല. മഹാമാരിയും പ്രകൃതി ദുരന്തവുമൊന്നും അഴിമതിക്ക് തടസ്സമാകരുതെന്ന് ചിന്തിക്കുന്നവരാണ് സംസ്ഥാനം ഭരിക്കുന്നത്. ആര് എതിര്‍ത്താലും എന്തൊക്കെ അന്വേഷണങ്ങള്‍ നടന്നാലും ഇതില്‍നിന്ന് പിന്തിരിയില്ലെന്ന് പിണറായി സര്‍ക്കാരിനെതിരെ ഒന്നിനു പുറകെ ഒന്നായി ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ തെളിയിക്കുന്നു. വയനാട് ദുരിതാശ്വാസത്തിന്റെ മറവില്‍ വന്‍ അഴിമതി നടക്കാതിരിക്കണമെങ്കില്‍ ജനജാഗ്രത ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: