ബെംഗളൂരു: ഹിന്ദുസമൂഹം ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യേണ്ടവരെല്ലെന്ന് ചിന്തകനും എഴുത്തുകാരനുമായ ഡോ. രാംമാധവ്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ആ നാടിന്റെ തന്നെ മക്കളാണ്. ധീരമായ ബംഗ്ലാ അഭിമാനത്തിന്റെയും സംസ്കൃതിയുടെയും ഉത്പന്നമായാണ് ബംഗ്ലാദേശ് പിറന്നതെന്ന് ആരും മറക്കരുതെന്ന് രാം മാധവ് പറഞ്ഞു.
ജയനഗര്‍ ആര്‍വി ടീച്ചേഴ്സ് കോളജ് ഓഡിറ്റോറിയത്തില്‍ കര്‍ണാടക മന്ഥന സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ ഡെവലപ്മെന്റ്സ് ഇന്‍ ഭാരത്സ് നെയ്ബര്‍ഹുഡ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷെയ്ഖ് ഹസീന ഭാരതത്തിന്റെ സുഹൃത്താണ്. ഭാരതം സുഹൃത്തുക്കളെ കൈവിടില്ല. ബംഗ്ലാദേശിന്റെ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടില്ലെന്നത് ഭാരത സര്‍ക്കാരിന്റെ നിലപാടാണ്. എന്നാല്‍ ആ നാട്ടിലെ ന്യൂനപക്ഷ സമൂഹത്തിന്റെ അവസ്ഥയില്‍ നമുക്ക് ഉത്കണ്ഠയുണ്ട്. ബംഗ്ലാദേശ് ഒരു പരമാധികാര രാജ്യമാണെങ്കിലും, മഹത്തായ നാഗരികതയുടെ ഭാഗമെന്ന നിലയില്‍ ഭാരതവുമായുള്ള ആ നാടിന്റെ ബന്ധം വൈകാരികമാണെന്ന് രാം മാധവ് ചൂണ്ടിക്കാട്ടി.
1.4 കോടി ഹിന്ദുക്കള്‍ ബംഗ്ലാദേശിന്റെ അവിഭാജ്യ ഘടകമാണ്. ബൗദ്ധരും ക്രിസ്ത്യാനികളും ഉള്‍പ്പെടെ എല്ലാ ന്യൂനപക്ഷങ്ങളും ബംഗ്ലാദേശിനെ സ്വന്തം രാജ്യമായി സ്വീകരിച്ചവരാണ്. ഇന്നേവരെ ഒരുതരത്തിലുള്ള വിഭാഗീയതയും ബംഗ്ലാദേശിലെ ന്യൂനപക്ഷസമൂഹത്തില്‍ നിന്നുണ്ടായിട്ടില്ല. എന്നിട്ടും അവര്‍ അവിടെ വെല്ലുവിളികള്‍ നേരിടുന്നു. ഈ പ്രതിസന്ധി മറികടക്കാനുള്ള കരുത്ത് അവര്‍ക്കുണ്ട്. അവരുടെ സുരക്ഷയില്‍ കരുതലുള്ള ഒരു സര്‍ക്കാര്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബംഗ്ലാദേശ് വിട്ട് ഭാരതത്തിലേക്ക് കൂട്ടത്തോടെ കുടിയേറുന്നത് ശരിയായ പരിഹാരമാര്‍ഗമല്ല. അവിടെ ഉറച്ചുനിന്ന് പിറന്ന മണ്ണില്‍ അവര്‍ ജീവിക്കണം. ആ നിലയില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹം സ്വയം ശാക്തീകരിക്കേണ്ടതുണ്ടെന്ന് രാം മാധവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: