തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നടി പാർവതി തിരുവോത്ത് നടത്തിയ പരാമർശങ്ങൾക്ക് കടുത്ത മറുപടിയുമായി മന്ത്രി എം ബി രാജേഷ്. സിനിമ കോൺക്ലേവ് വിശദാംശങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരനും ഒന്നിച്ചിരിക്കും എന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്നാണ് മന്ത്രിയുടെ ചോദ്യം. കോൺക്ലേവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്തെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ടോ എന്നും പിന്നെ എങ്ങനെയാണ് ഇത്തരത്തിൽ ഒരു വ്യാഖ്യാനം ഉണ്ടായതെന്നും മന്ത്രി ചോദിച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ കോൺക്ലേവ് നടത്തുമെന്ന കാര്യത്തെ ചൂണ്ടിക്കാട്ടിയാണ് ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണോ സർക്കാർ കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന പരാമർശം പാർവതി തിരുവോത്ത് നടത്തിയത്. ഇതിനെതിരെയാണ് മന്ത്രി എം ബി രാജേഷ് പാർവ്വതിയുടെ പേരെടുത്ത് പറയാതെ കടുത്ത മറുപടി നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ ഒരൊറ്റ സംസ്ഥാനത്ത് മാത്രമാണ് സിനിമ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ച് സമഗ്രവും വിശദവുമായ പഠനം നടത്തി ഒരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളൂ. സർക്കാറിന്റെ സമീപനം വളരെ വ്യക്തമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. പിന്നെ വൈകിയതിനെ കുറിച്ചുള്ള വ്യക്തമായ മറുപടി മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. പലരും കമ്മിറ്റിയുടെ മുന്നിൽ വന്ന് കാര്യങ്ങൾ വിശദീകരിച്ചത് റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവത്തിന്റെ ഉറപ്പിലാണ്.
ഈ കാര്യം ജസ്റ്റിസ് ഹേമ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ മേഖലയെ സംബന്ധിച്ച് സമഗ്രമായ നയമുണ്ടാകണം എന്നഒരു ഉദ്ദേശം മാത്രമേ സർക്കാരിനു മുന്നിലുള്ളൂ എന്ന് സാംസ്കാരിക മന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ആ നയം ആവിഷ്കരിക്കുന്നതിനുമായി ബന്ധപ്പെട്ടവർ ഉൾപ്പെട്ടിട്ടുള്ള കോൺക്ലേവ് എന്നേ പറഞ്ഞിട്ടുള്ളൂ. അതിനിടയിലുള്ള വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ തെറ്റാണ് എന്ന് എം ബി രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: