ന്യൂദല്‍ഹി: ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട മാര്‍ഗ്ഗരേഖയുണ്ടാക്കാന്‍ 14 അംഗ ദേശീയ ദൗത്യസംഘം രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ബംഗാളിലെ ആര്‍ജി കര് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ അതിക്രൂരമായ കൂട്ടബലാത്സംഗം മൂലം കൊല്ലപ്പെട്ട കേസില്‍ വാദംകേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവുണ്ടായത്.
സുപ്രീംകോടതിയുടെ ഈ ഉത്തരവിനെ തുടര്‍ന്ന് എയിംസിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ 11 ദിവസമായി തുടരുന്ന സമരം പിന്‍വലിച്ചു. ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനാനേതാക്കള്‍ സുപ്രീംകോടതിയുടെ ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്തു. “ഡോക്ടര്‍മാരുടെ ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതി കേട്ടു. തുടക്കം നന്നായി. ഇനി ഈ കേസില്‍ കൂടുതല്‍ ശക്തമായ വിധി ഉണ്ടാകുമെന്ന് കരുതുന്നു.” – നാഗ് പൂര് എയിംസിലെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനേതാവായ ശിവാംഗി സിങ്ങ് പറഞ്ഞു. സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് ഈ കേസില്‍ വാദം കേട്ട് തുടങ്ങിയത്. വാദം കേള്‍ക്കല്‍ അടുത്ത ദിവസവും തുടരും.
ബംഗാളിലെ ജൂനിയര്‍ ഡോക്ടറുടെ കൂട്ടബലാത്സംഗവും മരണവും സംബന്ധിച്ച് സുപ്രീംകോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ മമത സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐയുടെ വാദം. അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ ശരീരം തിരക്കിട്ട് ദഹിപ്പിക്കുകയായിരുന്നു. അതിന് ശേഷം മാത്രമാണ് ബംഗാള്‍ പൊലീസ് കേസ് ഫയല്‍ തയ്യാറാക്കിയതെന്നും സിബിഐയ്ക്ക് വേണ്ടി വാദിച്ച തുഷാര്‍ മേത്ത പറഞ്ഞു
“ജൂനിയര്‍ ഡോക്ടറുടെ ശവദാഹം നടത്തിയ ശേഷം രാത്രി 11.45നാണ് ബംഗാള്‍ പൊലീസ് കേസ് ഫയല്‍ ചെയ്തത്.” – ബംഗാള്‍ പൊലീസിന്റെ കേസിലുള്ള താല്പര്യക്കുറവ് ചൂണ്ടിക്കാട്ടി തുഷാര്‍ മേത്ത വാദിച്ചു. കേസിന്റെ അന്വേഷണം ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്നത് സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
ഈ കേസിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. “അഞ്ചാം ദിവസമാണ് സിബിഐ കേസന്വേഷണത്തിലേക്ക് വരുന്നത്. അതോടെ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു.”- സിബിഐയ്ക്ക് വേണ്ടി വാദിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
കാര്യങ്ങള്‍ നേരെയാവാന്‍ രാജ്യത്തിന് ഇനിയൊരു ബലാത്സംഗം നടക്കുന്നത് വരെ കാത്തിരിക്കാനാവില്ലെന്ന് കേസില്‍ വാദം കേള്‍ക്കെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
31 വയസ്സായ ട്രെയിനി ഡോക്ടര്‍ അതിക്രൂരമായാണ് കൊല്‍ക്കൊത്തയിലെ ആര്‍ജി കര് ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്നൊഴുകി. തുടയുടെ ഇരുവശവും തകര്‍ന്നിരുന്നു. ആദ്യ അഞ്ച് ദിവസങ്ങളില്‍ ബംഗാള്‍ പൊലീസ് കേസ് അന്വേഷണം നടത്തിയെങ്കിലും കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. അതിന് ശേഷമാണ് സിബിഐയ്ക്ക് കേസന്വേഷണം കൈമാറിക്കൊണ്ട് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: