തിരുവനന്തപുരം: സിനിമാമേഖലയില്‍ സ്ത്രീകള്‍ക്ക് ജീവനുവരെ ഭീഷണി നേരിടുന്നുണ്ടെന്ന ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് വിദഗ്ധര്‍. അത്തരമൊരു നടപടിയുണ്ടായില്ലെങ്കില്‍ ഈയാവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാം. മൊഴികളടക്കം പരിശോധിച്ച് അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിക്കാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും തൊഴിലിടത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമം തടയുന്ന പോഷ് ആക്ടിലെ വകുപ്പുകളും ബാധകമാകുന്ന കുറ്റകൃത്യങ്ങളാണ് നടന്നതെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും നിയമവിദഗ്ധര്‍ എടുത്തുകാട്ടുന്നു.
കുറ്റകൃത്യം സംബന്ധിക്കുന്ന വിവരം പുറത്തുവന്നാല്‍ പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നുള്ള ലളിതകുമാരി കേസിന്റെ വിധി എന്താണു പരിഗണിക്കാത്തത്. വൈവാഹിക ബന്ധം സംബന്ധിച്ച തര്‍ക്കം, വാണിജ്യ ഇടപാടുകള്‍, അഴിമതിവിരുദ്ധ നടപടി എന്നിവയ്ക്കു മാത്രമേ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പ്രാഥമിക അന്വേഷണം ആവശ്യമുള്ളു. ബാക്കി എല്ലാ കേസിലും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. പുതുതായി രാജ്യത്താകെ നടപ്പാക്കിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം സീറോ എഫ്ഐആര്‍ ആണ് ഇപ്പോഴുള്ളത്. കുറ്റകൃത്യം നടന്ന സ്ഥലം പോലും പരിഗണിക്കാതെ പോലീസിന് നടപടി സ്വീകരിക്കാനാവും.
പരാതി എന്നല്ല, വിവരം മാത്രം മതി എന്നാണു വകുപ്പില്‍ പറയുന്നത്. എന്നാല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യം റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പൂര്‍ണ സ്വകാര്യത ഉറപ്പുനല്‍കിയതിനാലാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നും ജീവനുപോലും ഭീഷണിയുണ്ടെന്നും മൊഴി നല്കിയവരില് പലരും പറഞ്ഞതായി റിപ്പോര്‍ട്ടിലുള്ളപ്പോള്‍, അന്വേഷണം ശിപാര്‍ശ ചെയ്തില്ല എന്നുപറഞ്ഞ് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക അതിക്രമവും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും സംബന്ധിച്ചുള്ള ഗുരുതരമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാന്‍ പറ്റൂ എന്നു പറയുന്നത് തെറ്റാണ്. ഒരു കൊലപാതകം സംബന്ധിച്ചു പോലീസിനു വിവരം ലഭിച്ചാല്‍ എന്താണു ചെയ്യുക? വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയല്ലേ ബാധ്യത. സ്വകാര്യതയുടെ പരിരക്ഷ പ്രതിക്കല്ല, ഇരകള്‍ക്കാണു ലഭിക്കേണ്ടത്. ഇരകളെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിക്കാതെ, പേരുകള്‍ പുറത്തുപോകാതെ മൊഴി രേഖപ്പെടുത്തണം. കോടതിക്കു സ്വമേധയാ കേസെടുക്കാന്‍ കഴിയുന്ന കാര്യമാണിത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: