തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി ചെലവാക്കാന്‍ സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതെന്ന് ആക്ഷേപം. പുനരധിവാസത്തിന് വേണ്ടിവരുന്നതായി സര്‍ക്കാര്‍ പറയുന്ന തുക യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും വിശകലനങ്ങള്‍ ആരംഭിച്ചു.
729 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഓരോ കുടുംബത്തിനും ഒരുകോടി രൂപ വീതം നല്കിയാലും 729 കോടി മതിയെന്ന് സമൂഹ മാധ്യമങ്ങള്‍. അടിയന്തര പുനരധിവാസത്തിന് 2000 കോടി വേണമന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ മൊത്തത്തിലുള്ള അതിജീവന പാക്കേജായി അതിന്റെ നാലിരട്ടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വസ്തു വാങ്ങി വീട് വയ്‌ക്കുക, വീട്ടുപകരണങ്ങള്‍, വരുമാനമാര്‍ഗം ഒരുക്കല്‍ തുടങ്ങിയവയാണ് അടിയന്തര ആവശ്യങ്ങള്‍. ക്ഷീര മേഖലയില്‍ 68.13 ലക്ഷത്തിന്റ നഷ്ടമെന്നാണ് സര്‍ക്കാര്‍ കണക്ക്. 2.5 കോടി രൂപയുടെ നഷ്ടമാണ് മൃഗ സംരക്ഷണ മേഖലയില്‍ ഉണ്ടായത്. ഇത് രണ്ടുംകൂടി മൂന്നുകോടിയില്‍ താഴെയാണ്. അങ്ങനെ നോക്കിയാല്‍ തന്നെ കൃഷി നാശത്തിന്റെയും കന്നുകാലികളുടെ നാശത്തിന്റെയും നഷ്ടപരിഹാരം തുടങ്ങിയവയ്‌ക്ക് എല്ലാം കൂടി ഒരു കുടുംബത്തിന് ഒരുകോടിയിലധികം മതിയാകുമെന്നാണ് ചര്‍ച്ച.
സര്‍ക്കാര്‍ പറയുന്നതു പോലെ ടൗണ്‍ഷിപ്പ് ഒരുക്കുകയാണെങ്കില്‍പ്പോലും 2000 കോടി എന്തിനാണെന്നാണ് സാമ്പത്തിക വിദഗ്ധരും ചോദിക്കുന്നത്. ഇപ്പോള്‍ത്തന്നെ നിരവധി സംഘടനകളും വ്യക്തികളും ഭൂമിയും വീടും നല്കാമെന്ന് വാഗ്ദാനം നല്കിയിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന കണക്കനുസരിച്ച് തന്നെ വീടുകള്‍ ആയിരത്തോട് അടുക്കുന്നു. അപ്പോള്‍ വീട് നിര്‍മാണ ചെലവ് സര്‍ക്കാരിന്റെ ചുമലിലില്ല. ടൗണ്‍ഷിപ്പിന് ആവശ്യമായ ഭൂമി നല്കാമെന്ന് ചില വ്യക്തികളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
വീട്ടുപകരണങ്ങള്‍ വാഗ്ദാനം ചെയ്തവരുമുണ്ട്. 197.5 കോടി രൂപ ഇന്നലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയിട്ടുമുണ്ട്. റോഡും പാലവും കുടിവെള്ളവും വൈദ്യുതിയും ഒരുക്കുക മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ള ചെലവ്. അതിന് 2000 കോടിയെന്തിന് എന്നാണ് സാമ്പത്തിക വിദഗ്ധരും ചോദിക്കുന്നത്.
സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് പ്രാഥമിക നിഗമനത്തില്‍ 1200 കോടിയുടെ നഷ്ടമെന്നാണ്. 1055 വീടുകള്‍ വാസയോഗ്യമല്ലാതായി. 231 പേര്‍ മരിച്ചു. 128 പേരെ കാണാതായി. നാല് പാലം, 209 കടകള്‍, 100 മറ്റ് കെട്ടിടങ്ങള്‍, 1.5 കിലോമീറ്റര്‍ റോഡ്, 626 ഹെക്ടര്‍ കൃഷിഭൂമി എന്നിവ നഷ്ടമായി എന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. ഇവയുടെ പുനര്‍ നിര്‍മാണ കണക്ക് നോക്കിയാലും സര്‍ക്കാരിന്റെ മുന്നിലുള്ള സഹായ വാഗ്ദാനങ്ങള്‍ മാത്രം മതിയാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: