ന്യൂദൽഹി: ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യയിലെ നാല് ശങ്കരാചാര്യന്മാർ. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ആക്രമണത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ പുരി ശങ്കരാചാര്യർ സ്വാമി നിശ്ചലാനന്ദ സരസ്വതി ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദുക്കൾ സമാധാനപ്രിയരാണ്. അവർ സുരക്ഷിതമായിരിക്കുമ്പോൾ രാജ്യവും സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ ഇത്തരം അക്രമങ്ങൾക്ക് പിന്നിൽ ചൈനയുടെ ഗൂഢാലോചനയാണ്. ചൈനയിൽ മസ്ജിദുകൾ നശിപ്പിക്കപ്പെടുകയും മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്നു. ഇപ്പോൾ, ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ചൈന ബംഗ്ലാദേശിനെ ഉപയോഗിക്കുന്നു. ഇക്കാര്യം ബംഗ്ലാദേശ് മനസിലാക്കണം. ഇല്ലെങ്കിൽ വരും നാളുകളിൽ അതിന്റെ ദൂഷ്യഫലങ്ങൾ അവർ തന്നെ അനുഭവിക്കേണ്ടി വരും – സ്വാമി നിശ്ചലാനന്ദ് സരസ്വതി പറഞ്ഞു.
അതേസമയം, ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സർക്കാരുകൾ ഹിന്ദുക്കളുടെ ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ദ്വാരക ശങ്കരാചാര്യ സ്വാമി സദാനന്ദ സരസ്വതി ആവശ്യപ്പെട്ടു. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളുടെ സ്ഥിതി നല്ലതല്ല. കഴിഞ്ഞ 50 വർഷമായി അവരവിടെ പീഡനങ്ങൾക്ക് ഇരയാവുകയാണ്. ഇങ്ങനെ പീഡനങ്ങൾക്ക് ഇരയാവാൻ ഹിന്ദുക്കൾ എന്ത് തെറ്റാണ് ചെയ്തത്. എന്തിനാണ് അവരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത്. എന്തുകൊണ്ട് ക്ഷേത്രങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാം ഉടൻ പരിഹാരം കാണണം. അല്ലാത്ത പക്ഷം ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ, അവർ എവിടെ ജീവിച്ചാലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അവരെ സഹായിക്കാൻ ആരുമുണ്ടാകില്ല എന്നത് ഒരു കീഴ്വഴക്കമായി മാറും,- അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള കൊലപാതകങ്ങളും അവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ആരാണ് നടത്തുന്നതെന്ന് ചിന്തിക്കാൻ സദാനന്ദ സരസ്വതി ഇന്ത്യയിലെ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തു. ബംഗ്ലാദേശിൽ ഇപ്പോഴും 1.25 കോടിയോളം ഹിന്ദുക്കളുണ്ട്. ഇത്രയും വലിയ സംഖ്യയുണ്ടായിട്ടും അവർ പ്രതിസന്ധികൾ നേരിടുകയാണെന്ന് ആലോചിക്കണം. ആരാണ് അവിടെ കൊലപാതകം നടത്തുന്നതെന്ന് ഇന്ത്യയിലെ മുസ്ലീങ്ങൾ ചിന്തിക്കണം – ദ്വാരക ശങ്കരാചാര്യർ പറഞ്ഞു.
കൊള്ളയും ആക്രമണങ്ങളും കൊലപാതകങ്ങളും ആവർത്തിക്കുന്ന ബംഗ്ലാദേശിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി കാഞ്ചി ങ്കരാചാര്യ ശങ്കര വിജയേന്ദ്ര സരസ്വതി പ്രത്യേക പ്രാർത്ഥനകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിൽ സമാധാനത്തിനും സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തു, ഹിന്ദുക്കളുടെ അസ്തിത്വവും ധകേശ്വരി മന്ദിർ ഉൾപ്പെടെയുള്ള ചരിത്രപരമായ ഹിന്ദു ക്ഷേത്രങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിനിരയായ ഹിന്ദുക്കളെ രക്ഷിക്കാൻ ഇന്ത്യൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ജ്യോതിർമഠ് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി ആവശ്യപ്പെട്ടു. ബംഗ്ലാദേശി ഹിന്ദുക്കളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവിമുക്തേശ്വരാനന്ദ്, ഏത് രാജ്യത്തും പീഡനം നേരിടുന്ന ഹിന്ദുക്കളെ അവരുടെ നാടായ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾ സംരക്ഷിക്കപ്പെടണം. അവർക്ക് ഭൂമിയും സുരക്ഷയും നൽകാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, അവരുടെ ഭക്ഷണവും മറ്റ് ആവശ്യങ്ങളും ഞങ്ങൾ പരിപാലിക്കും, ഒരിക്കലും അവർ ബാധ്യതയായി മാറാൻ അനുവദിക്കില്ല. ആയിരക്കണക്കിന് ബംഗ്ലാദേശികൾ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് സർക്കാർ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: