തിരുനാവായ: ഭാരതപ്പുഴയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പാലം പണിയുന്നത് തവനൂരില്‍ കേരള ഗാന്ധി കേളപ്പജിയുടെ സ്മൃതിഭൂമിയിലൂടെ. കേളപ്പജിയുടെ ഭൗതികദേഹമടക്കം ചെയ്ത പുണ്യഭൂമിയിലൂടെ, അദ്ദേഹം ആരംഭിച്ച നെയ്ത്തുശാലയും തകര്‍ത്താണ് പാലം പണി. തിരുനാവായയിലെ, ഭാരതത്തിന്റെ ദക്ഷിണ ഭാഗത്തെ ഏക ത്രിമൂര്‍ത്തി സ്നാനഘട്ടവും തകരും. അധികൃതരുടെ തീരുമാനത്തിനു പിന്നില്‍ മത, രാഷ്ട്രീയ അജണ്ടകളാണെന്ന സംശയമുയരുന്നു.
പാലം പണിക്കുള്ള ചെലവിനെക്കാള്‍ വളരെ കുറച്ച്, എന്നാല്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരമാകുന്ന തരത്തില്‍ നിര്‍മിക്കാമെന്ന മെട്രോമാന് ഇ. ശ്രീധരന്റെ നിര്‍ദേശം തള്ളിയാണ് സ്ഥലം എംഎല്‍എ കെ.ടി. ജലീലിന്റെ ആവശ്യാനുസരണം കേരള സര്‍ക്കാരിന്റെ പാലം പണി. ആധ്യാത്മിക, ചരിത്ര, സാംസ്കാരിക പുണ്യകേന്ദ്രങ്ങളെ തകര്‍ക്കുന്നതിനെതിരേ ശക്തമായ ജനകീയ പ്രതിഷേധമുണ്ടാകണമെന്ന ആവശ്യമുയരുന്നു.
നിലവില്‍ അപ്രോച്ച് റോഡുള്ള തവനൂര്ക്കടവില് നിന്ന് തിരുനാവായ കടവിലേക്കു പാലം പണിതാല്‍ ചെലവു ഗണ്യമായി കുറയ്ക്കാം. ഇത് ഇരുഗ്രാമങ്ങളിലെ ജനങ്ങള്‍ക്കും സ്നാനഘട്ടത്തിലെത്തുന്ന ഭക്തര്‍ക്കും ഗുണകരമാകും. പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിന് ഇ. ശ്രീധരന് നേരിട്ടു കത്തയച്ചെങ്കിലും അവഗണിച്ചു. തെക്കേ ഭാഗത്തുള്ള അപ്രോച്ച് റോഡിനായി കേളപ്പജിയുടെ ശാന്തികുടീര ഭൂമിയിലെ കെട്ടിടം പൊളിച്ചുമാറ്റി. അദ്ദേഹം ഉപയോഗിച്ചിരുന്ന നെയ്ത്തുയന്ത്രവും ഉപവാസമനുഷ്ഠിച്ചിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കട്ടിലുമെല്ലാം ഇപ്പോള്‍ അനാഥമാണ്. പാലവും റോഡും യാഥാര്‍ത്ഥ്യമാകുന്നതോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം അടക്കം ചെയ്ത ഭൂമിയും 17 സ്ത്രീകള്‍ ജോലി ചെയ്യുന്ന നെയ്ത്തുശാലയും നഷ്ടപ്പെട്ടേക്കാം.
നിലവിലെ അലൈന്മെന്റ് പ്രകാരമുള്ള പാലംപണി നിര്‍ത്തി, തവനൂര്ക്കടവില് നിന്ന് തിരുനാവായ കടവിലേക്ക് പാലം പണിത് ത്രിമൂര്‍ത്തി സ്നാന ഘട്ടത്തിന്റെ പവിത്രതയും കേളപ്പജിയുടെ ചരിത്രവും സംരക്ഷിക്കണമെന്നാണ് പൊതുവികാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: