ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 27 ശതമാനത്തില്‍ നിന്ന് ഒന്‍പതു ശതമാനത്തിലേക്ക് എത്തിയതെങ്ങനെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗ്ലാദേശില്‍ ഇപ്പോള്‍ ഒന്‍പതു ശതമാനം മാത്രമേ ഹിന്ദുക്കളുള്ളൂ. ബാക്കി ഉണ്ടായിരുന്നവര്‍ എവിടെപ്പോയി, അമിത് ഷാ ചോദിച്ചു. അഹമ്മദാബാദില്‍ നടന്ന ഭാരത പൗരത്വ വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രി.
ബംഗ്ലാദേശിലെ മൂന്നിലൊന്നോളം വരുന്ന ഹിന്ദുക്കള്‍ ബലപ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനത്തിന് വിധേയരാവുകയോ അഭയാര്‍ത്ഥികളായി നാട് വിട്ടു പോവേണ്ടി വരികയോ ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അവര്‍ക്ക് അവരുടെ മതവിശ്വാസപ്രകാരം ജീവിക്കാനുള്ള അവകാശമില്ലേ? സ്വന്തം നാട്ടില്‍ ബഹുമാനത്തോടെ ജീവിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് അയല്‍ രാജ്യമായ നമ്മുടെ അടുത്തേക്ക് അഭയാര്‍ത്ഥികളായെത്തിയാല്‍ നാമെന്തു ചെയ്യണം? നിശബ്ദ കാഴ്ചക്കാരായിരിക്കാന്‍ നമുക്കാവില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്ക് നീതി നല്കാന് കണ്ടെത്തിയ പരിഹാര മാര്‍ഗമാണ് പൗരത്വ നിയമ ഭേദഗതി, സിഎഎ പ്രകാരം അനുവദിച്ച പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറവേ അമിത് ഷാ പറഞ്ഞു.
ഭാരതത്തിലുള്ള എല്ലാ അഭയാര്‍ത്ഥികളും സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷ നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സിഎഎ നടപ്പാക്കിയതിന്റെ പേരില്‍ ഏതെങ്കിലും മുസ്ലിമിന്റെ പൗരത്വം നഷ്ടപ്പെടില്ലെന്നും അയല്‍രാജ്യങ്ങളിലെ മതപീഡനം അനുഭവിക്കുന്ന ഹിന്ദു, ബുദ്ധ, സിഖ്, ജയിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുക മാത്രമാണെന്നും ഷാ പറഞ്ഞു. സിഎഎ എന്നത് പൗരത്വം നല്‍കുന്നതിനുള്ള നിയമമാണ്, ആരുടെയെങ്കിലും പൗരത്വം എടുത്തു കളയുന്നതിനുള്ളതല്ല. 1947ലും 48ലും 50ലും അയല്‍രാജ്യങ്ങളിലെ ഹിന്ദുക്കള്‍ക്ക് പണ്ടൗരത്വം നല്‍കുമെന്ന വാഗ്ദാനം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നടത്തിയതാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിന്റെ അപ്രീതി ഭയന്ന് അതു നടപ്പാക്കിയില്ല. ഭാരതത്തിലേക്ക് വരാന്‍ ആഗ്രഹിച്ച ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാണ് പൗരത്വം നഷ്ടപ്പെട്ടത്. അതിലും വലിയ പാപം വേറെയില്ല.
മതാടിസ്ഥാനത്തില്‍ ഭാരത വിഭജനത്തോടെ കുടുംബത്തില്‍ നിന്ന് വേര്പെട്ടുപോയവരും മതപീഡനത്തിന് ഇരയായവരും സംരക്ഷിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് സിഎഎ നടപ്പാക്കിയതെന്നും അമിത് ഷാ പറഞ്ഞു. അഹമ്മദാബാദിലെ ആയിരം കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും കേന്ദ്രആഭ്യന്തരമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: