തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കൃത്യമായ എണ്ണം ഇപ്പോള്‍ പറയാനാവില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പൂര്‍ണമായ കണക്കുകള്‍ ഡിഎന്‍എ പരിശോധനാഫലങ്ങള്‍ കിട്ടിയ ശേഷം പ്രഖ്യാപിക്കാനാവുക.
മൃതശരീര ഭാഗങ്ങള്‍ 211 എണ്ണവും 231 മൃതശരീരങ്ങളും ഉള്‍പ്പെടെ 442 മൃതദേഹങ്ങളാണ് ഉരുള്‍പൊട്ടലിന് പിന്നാലെ കണ്ടെത്തിയത്. ഇതില്‍ 20 മൃതദേഹങ്ങളും 2 മൃതദേഹഭാഗങ്ങളും ഉള്‍പ്പെടെ 22 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിന് പിന്നാലെ വിട്ടുനല്‍കി.
ഡിഎന്‍എ ടെസ്റ്റിന് വേണ്ടി നല്‍കിയത് 220 മൃതദേഹങ്ങളാണ്. ഇതില്‍ 52 മൃതദേഹഭാഗങ്ങളില്‍ അസ്ഥിയിലടക്കം ഡിഎന്‍എ പരിശോധന നടത്താനാകാത്ത സ്ഥിതിയാണ്.ഇവ തിരിച്ചറിയണമെങ്കില്‍ ഏതെങ്കിലും ഉന്നത സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുമോയെന്ന് നോക്കേണ്ടി വരും. ശേഷിച്ച 194 മൃതദേഹഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. ശേഷിച്ച 155 സാമ്പിളില്‍ നിന്നായി 54 പേരെയും തിരിച്ചറിഞ്ഞു. ഇവയെല്ലാം ചേര്‍ത്താല്‍ 270 പേരാണ് ദുരന്തത്തില്‍ മരിച്ചതായി കണക്കുകളുള്ളതെന്നും കെ രാജന്‍ പറഞ്ഞു.
പൂര്‍ണ വിവരം ലഭിക്കണമെങ്കില്‍ മിസിംഗ് ആയിട്ടുള്ള 118 പേരുടെ ബന്ധുക്കളുടെ രക്ത സാമ്പിള്‍ ക്രോസ് മാച്ചിംഗ് പൂര്‍ണമാകണം.ഇതില്‍ മൂന്ന് പേര്‍ ബീഹാറില്‍ നിന്നുള്ളവരാണ്. ഇവരുടെ ബന്ധുക്കള്‍ എത്താന്‍ ഇനിയും ദിവസങ്ങളെടുക്കും.
ബാക്കി 115 പേരുടെ ബന്ധുക്കളില്‍ നിന്നുള്ള രക്തസാംപിളുകള്‍ നല്‍കിയിട്ടുണ്ട്. ഇവയുടെ ക്രോസ് മാച്ചിംഗ് പൂര്‍ണമായാല്‍ മാത്രമേ കാണാതായിട്ടുള്ളവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. അത് കഴിഞ്ഞാല്‍ മാത്രമേ പട്ടികയ്‌ക്ക് പൂര്‍ണത വരൂവെന്നും റവന്യൂ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: