ബംഗളൂരു: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗവും കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ വൈകിയതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ. സംഭവത്തിൽ ബാനർജി ദിവസങ്ങളോളം മൗനം പാലിച്ചതിനെ അപലപിക്കുകയും അവരുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.
ഈ കേസ് വളരെ സങ്കടകരമാണ്. ക്രിമിനൽ ഭേദഗതി ബിൽ പാർലമെൻ്റിൽ പാസാക്കിയെങ്കിലും പല സംസ്ഥാനങ്ങളും അത് നടപ്പാക്കിയില്ലെന്ന് മന്ത്രി പറഞ്ഞു. സന്ദേശ്ഖാലി സംഭവത്തിന്റെ സമയത്ത് മമത ബാനർജി ഇതിനെതിരെ പോരാടേണ്ടതായിരുന്നു, പക്ഷേ അവർ കുറ്റവാളികളെ പിന്തുണച്ചു. ഇക്കാരണത്താൽ, കോളേജിൽ ഇത്തരം സംഭവങ്ങൾ ചെയ്യാൻ ആളുകൾക്ക് ധൈര്യം ലഭിച്ചുവെന്നും ശോഭ പറഞ്ഞു.
കൂടാതെ ഇപ്പോൾ നടന്ന കൊലപാതക കേസിൽ പോലും മമതാ ബാനർജി മൂന്ന് നാല് ദിവസം മൗനം പാലിച്ചു. എന്നാൽ കോടതിയുടെ ഇടപെടലിനെ തുടർന്ന് കേസ് സിബിഐക്ക് വിട്ടു. ഇത്രയും തീരുമാനം എടുക്കാൻ വൈകിയ മമതാ ബാനർജി രാജിവെക്കണമെന്നും ഈ കേസിൽ നീതി ലഭിക്കണമെന്നും തങ്ങൾ എല്ലാവരും ആവശ്യപ്പെടുന്നതായി കരന്ദ്ലാജെ പറഞ്ഞു.
നേരത്തെ കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ ബിജെപി വനിതാ പ്രവർത്തകർക്കൊപ്പം ബെംഗളൂരുവിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: