ദോഹ : ഗാസയിലെ വെടിനിര്‍ത്തലിനായി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടുത്ത ഘട്ടം വ്യാഴാഴ്ച ആരംഭിച്ചു.
ജൂലായ് 31 ന് ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചതിനെത്തുടര്ന്ന് ഇറാന് ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കെ ആണ് വെടിനിര്‍ത്തല്‍ ചര്‍ച്ച. പത്ത് മാസമായി നടക്കുന്ന പോരാട്ടം അവസാനിപ്പിച്ച് ബന്ദികളായ 115 ഇസ്രായേലികളെയും വിദേശികളെയും മോചിപ്പിക്കുകയും ലക്ഷ്യമാണ്.
ഇസ്രായേലിന് സഹായത്തിനായി യുഎസ്, യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുണ്ട്.അതേസമയം,ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍ ഇപ്പോള്‍ ഉരുണ്ട് കൂടിയിട്ടുളള യുദ്ധ സാഹചര്യം ഒഴിവാകുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.
ഹമാസ് വ്യാഴാഴ്ചത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ യോഗത്തിന് ശേഷം ഹമാസിന്റെ ദോഹ ആസ്ഥാനമായുള്ള ചര്‍ച്ചാ സംഘവുമായി മധ്യസ്ഥര്‍ കൂടിയാലോചന നടത്തുമെന്നാണറിയുന്നത്. ചര്‍ച്ചയ്ക്കുളള ഇസ്രായേല്‍ പ്രതിനിധി സംഘത്തില്‍ ചാര സംഘടനാ മേധാവി ഡേവിഡ് ബാര്‍ണിയ, ആഭ്യന്തര സുരക്ഷാ സേവനത്തിന്റെ തലവന്‍ റോണന്‍ ബാര്‍, സൈന്യത്തിന്റെ ബന്ദികളുടെ നേതൃനിരയിലുളള നിറ്റ്സാന്‍ അലോണ്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സും യുഎസ് മധ്യേഷ്യ പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്കും പങ്കെടുക്കുന്നുണ്ട്. ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ബാസ് കമാലും പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: