എഴുപത്തി എട്ടാമത് സ്വാതന്ത്ര്യദിനം സമുചിതമായി ഭാരതം ആഘോഷിക്കുമ്പോള്‍, അയല്‍രാജ്യമായ ബംഗ്ലാദേശ് കലാപത്തില്‍ പുകയുകയാണ്. സാമ്പത്തികവും സാസ്കാരികവുമായി എരിഞ്ഞടങ്ങാറായ പാകിസ്ഥാനും തകര്‍ച്ചയിലൂടെ കടന്നുപോകുന്ന ബംഗ്ലാദേശിനും ഇടയിലാണ് ഏഷ്യയിലെ ഏറ്റവും സുശക്തമായ രാഷ്ട്രമായും ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായും ഭാരതം വളര്‍ന്നുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും പ്രശ്നബാധിതമായ തീക്ഷ്ണകാലത്തിന്റെ ഭൂതകാലം ഭാരതത്തിനുണ്ട്. എന്നാല്‍ 1947 ആഗസ്ത് 15 ലെ വെള്ളിയാഴ്ചയില്‍ നിന്ന് ഭാരതം വളരെദൂരം മുന്നോട്ടുപോയിരിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതത്തിന്റെ പരാജയം പ്രവചിച്ച വിദഗ്ധരെയെല്ലാം നിര്‍വീര്യമാക്കിക്കൊണ്ടാണ് സ്വതന്ത്രഭാരതം ഇന്ന് ലോകത്തിനു മുന്പില് തലയുയര്‍ത്തി നില്‍ക്കുന്നത്. 1947 ലെ വിഭജനമുണ്ടാക്കിയ വേദനകളില്‍ നിന്നാരംഭിച്ച ഭാരതത്തിന്റെ പ്രയാണം ഇന്ന് സുശക്തമായ രാഷ്ട്ര നിര്‍മ്മാണത്തിന്റെ എഴുപത്തി ഏഴാം സംവത്സരത്തിലേക്ക് കടക്കുമ്പോള്‍, ഒരു രാഷ്ട്രമെന്ന രീതിയില്‍ ഭാരതത്തെ ഉറപ്പിച്ചുനിര്‍ത്തുന്നത് കഴിഞ്ഞ അയ്യായിരം വര്‍ഷങ്ങളിലെ സാംസ്കാരിക പൈതൃകങ്ങള്‍ നല്കിയ അടിത്തറയും അതിനെ തിരിച്ചറിയുന്ന ഭാരതത്തിലെ കോടിക്കണക്കിനു പൗരന്മാരുമാണെന്നു നിസ്സംശയം പറയാം.
ഉറച്ച ചുവടുകള്‍, ഇടര്‍ച്ചകളും
ഒരു സ്വതന്ത്ര രാഷ്ട്രമെന്ന രീതിയില്‍ ഭാരതം ലോകത്തിനു മുന്പില് തലയുയര്‍ത്തി നില്ക്കാന് തുടങ്ങിയതുതന്നെ വിഭജനമേല്‍പ്പിച്ച വേദനയോടെയാണ്. 1940 ലെ ലാഹോര്‍ സമ്മേളനത്തില്‍ മുസ്ലിംലീഗ് നേതാവായ മുഹമ്മദലി ജിന്നയുയര്ത്തിയ പാകിസ്ഥാന് വാദം കേവലം ഏഴ് വര്‍ഷം കൊണ്ട് രക്തരൂക്ഷിതമായ ഒരു പ്രത്യയശാസ്ത്രമായി മാറിയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിക്കൊണ്ടും എന്നാല്‍ രണ്ടാം ലോകയുദ്ധത്തിന് പിന്തുണ അറിയിച്ചുമാണ് ജിന്ന പാകിസ്ഥാന് വാദവുമായി നിലയുറപ്പിച്ചത്. 1946 ഓഗസ്റ്റ് 16 നു പ്രഖ്യാപിക്കപ്പെട്ട ‘പ്രത്യക്ഷ സമരദിനം’ യഥാര്‍ത്ഥത്തില്‍ ഒരു കൊലവിളിയായി മാറി. പാകിസ്ഥാന് പ്രഖ്യാപിക്കുന്നതിന് ഹിന്ദു താല്പര്യങ്ങള് തടസ്സം നില്‍ക്കുന്നുവെന്ന് കരുതിയ ജിന്നയും ലീഗും പ്രതികാരം തീര്‍ത്തത് കൊല്‍ക്കത്തയിലെ ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയാണ്. ഇതിനൊക്കെ നേതൃത്വം നല്കിയതാകട്ടെ , ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ഹുസൈന് ഷഹീദ് സുഹ്റവര്‍ദിയും. ഗാന്ധിയുടെ അഹിംസയും നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ധാരണകളുമൊക്കെ തെരുവില്‍ വീണു പിടഞ്ഞ ദിനങ്ങളാണ് ആഗസ്ത് 16 മുതലുള്ള ‘നീണ്ട കഠാരകളുടെ ഒരാഴ്ചക്കാലം’ (ഠവല ണലലസ ീള വേല ഘീിഴ ഗിശ്ല)െ എന്നറിയപ്പെട്ട കശാപ്പുദിനങ്ങള് ഭാരതത്തിനു സമ്മാനിച്ചത്. ‘പ്രത്യക്ഷ സമരദിന’ മുയര്‍ത്തിയ മനുഷ്യത്വരഹിതവും ഏകപക്ഷീയവുമായ കൊലപാതകങ്ങള്‍ വിഭജന സമയത്തും അതിനുശേഷവും ഭാരതത്തില്‍ ഭീതിയും അരക്ഷിതാവസ്ഥയും നിര്‍മ്മിച്ചുകൊണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത്തരം ഭീതിതമായ അന്തരീക്ഷത്തിലാണ് ഭാരതത്തിനു സ്വാതന്ത്ര്യത്തിന്റെ പുലരിയെ വരവേല്‍ക്കേണ്ടിവന്നത്.
നിരപരാധികളുടെ രക്തം കൊണ്ട് ചോരപ്പുഴയൊഴുകിയ വിഭജനം നിര്‍മ്മിച്ച മുറിവുകളെ പരിഹരിക്കുന്നതില്‍ സ്വാതന്ത്രഭാരതത്തിലെ ആദ്യസര്ക്കാരിനു സാധിച്ചുവോയെന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. അധികാരത്തിലേക്കുള്ള ചുവടുവയ്പുകള്‍ക്ക് നെഹ്റുവിനെ സഹായിച്ച ഘടകങ്ങളായ മഹാത്മാ ഗാന്ധിയുടെ സ്നേഹവാത്സല്യങ്ങളും മൗണ്ട്ബാറ്റണ് പ്രഭുവിന്റെ നിരുപാധിക പിന്തുണയുമാണ് നെഹ്റുവിനെ അധികാരത്തിലെത്തിച്ചത്. കോണ്‍ഗ്രസ്സിലെ ബദല്‍ ശബ്ദങ്ങള്‍ ദുര്‍ബലപ്പെട്ടത് നീണ്ട പതിനേഴു വര്‍ഷങ്ങളില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് നെഹ്രുവിനു ധൈര്യം നല്കി. എന്നാല്‍ നെഹ്രുവിയന്‍ കാലമെന്ന ഈ കാലയളവ് ഭാരതത്തെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര-ആഭ്യന്തര നഷ്ടങ്ങളുടേതു കൂടിയായിരുന്നു. 1950 ഡിസംബറിലെ പട്ടേലിന്റെ മരണത്തോടെ നെഹ്റുവിനെ ചോദ്യം ചെയ്യാന്‍ ധൈര്യമുള്ള ഒരാള്‍ ഇല്ലാതായി. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം സംഭവിച്ച ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ദുരൂഹമരണം നെഹ്രുവിനെതിരെയുള്ള അവസാനത്തെ വെല്ലുവിളികളെയും ഇല്ലാതാക്കി. ഈ രണ്ടു മരണങ്ങള് നല്കിയ അപ്രമാദിത്വത്തിലാണ് സ്തുതിപാഠകരാല്‍ പ്രകീര്‍ത്തിക്കപ്പെട്ട പല നെഹ്രുവിയന്‍ തീരുമാനങ്ങളുമുണ്ടായത്. അവയില്‍ ചിലത് പതിറ്റാണ്ടുകളായി ഭാരതത്തിനു വെല്ലുവിളികളുയര്ത്തിയവയാണ്.
ഉദാഹരണമായി, എന്തിനുവേണ്ടിയായിരുന്നു പ്രത്യേക താല്പര്യമെടുത്തു നെഹ്റു കശ്മീരിന് പ്രത്യേക പദവി നല്‍കിയതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. ചൈനയോടും പാകിസ്ഥാനോടും ചേര്‍ന്നുകിടക്കുന്ന ജമ്മു കശ്മീരെന്ന തന്ത്രപ്രധാനമായ പ്രദേശത്തിന് ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ അവകാശാധികാരങ്ങള് നല്‍കുക വഴി ആഭ്യന്തര-രാജ്യാന്തര സംഘര്‍ഷത്തെ നെഹ്റു ക്ഷണിച്ചുവരുത്തി. കശ്മീരിന് പ്രത്യേക ഭരണഘടന, പതാക, ഭരണാധികാരി എന്നിവ ഒരാവശ്യവും ഇല്ലാതിരുന്നിട്ടും അത് നല്‍കുക വഴി ഇന്ത്യന്‍ ഭരണഘടനയുടെ ആശയങ്ങളെ സ്വന്തം താല്പര്യത്തിനുവേണ്ടി നെഹ്റു ബലികഴിക്കുകയാണുണ്ടായത്.
ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, കശ്മീരിന്റെ പ്രത്യേകപദവിക്കെതിരെ കലാപമുയര്‍ത്തിയ ശ്യാമപ്രസാദ് മുഖര്‍ജി അതിദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടു. ആ മരണം അന്വേഷിക്കണമെന്നവശ്യപ്പെട്ട് മുഖര്‍ജിയുടെ അമ്മ നെഹ്റുവിനയച്ച കത്തുകള്‍ തീന് മൂര്‍ത്തി ഭവനിലെവിടെയോ കിടന്നു ചിതലരിച്ചുപോയി. മുഖര്‍ജിയുടെ മരണത്തോടെ നടപ്പിലാക്കപ്പെട്ട നെഹ്റുവിന്റെ കശ്മീര്‍ നയം ഏഴുപതിറ്റാണ്ടുകള്‍ക്കിപ്പുറവും ഭാരതത്തിനു ചിലപ്പോഴെങ്കിലും വെല്ലുവിളികളുയര്‍ത്തുന്നുണ്ട്. ഇതുപോലെയായിരുന്നു ഭാരതത്തിന്റെ ടിബറ്റന്‍ നയം നെഹ്റുവിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയത്. ചൈനയുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശമെന്ന നിലയില്‍ ഭാരതത്തിന്റെ സുരക്ഷക്കും നയതന്ത്രവിജയത്തിനും ‘ലോകത്തിന്റെ മേല്‍ക്കൂര’ എന്നറിയപ്പെടുന്ന ഈ ഹിമപ്രദേശം നിര്‍ണായകമായിരുന്നു. ബ്രിട്ടീഷ് നയതന്ത്ര തീരുമാനവും ബുദ്ധിസ്റ്റ് ലാമമാരുടെ ആഗ്രഹവും ടിബറ്റിന്റെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഭാരതത്തിനു പങ്കുണ്ടാവണം എന്നായിരുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഐക്യരാഷ്ട്ര സഭയിലെ ഭാരത പ്രതിനിധിയായ ബി.എന്‍. റാവുവിനോട് ടിബറ്റിനെ മറക്കാനും സഭയിലെ ചൈനയുടെ അംഗത്വത്തിനുവേണ്ടി നിലകൊള്ളാനുമാണ് നെഹ്റു ആവശ്യപ്പെട്ടത്. മറിച്ചായിരുന്നു ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി തീരുമാനിച്ചിരുന്നതെങ്കില്‍ കൈലാസ-മാനസസരോവര്‍ ഉള്‍ക്കൊള്ളുന്ന ടിബറ്റന്‍ മലനിരകളില്‍ ത്രിവര്‍ണ്ണ പതാകകള്‍ ഉയരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ദക്ഷിണ ഏഷ്യയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം ഒഴിവാക്കാമായിരുന്നു. ഇതുപോലെയുള്ള തീരുമാനങ്ങളാണ് ഗ്വാദര്‍ ഉള്‍പ്പെടുയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വവും ഭാരത്തിന് നഷ്ടപ്പെടുത്തിയത്.
വ്യക്തിപൂജയും രാഷ്ട്രവും
1964 ലെ നെഹ്റുവിന്റെ മരണം അദ്ദേഹത്തിന്റെ മകളായ ഇന്ദിരക്ക് ഭാരത പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിതുറന്നു. ചെറിയ ഇടവേളകളില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായി എന്നിവരുടെ നേതൃത്വത്തില്‍ സര്‍ക്കാരുകള്‍ രൂപീകരിച്ചുവെങ്കിലും 1984 ല്‍ സ്വന്തം അംഗരക്ഷകരാല്‍ ഇന്ദിര കൊലചെയ്യപ്പെടുന്നതുവരെ രാജ്യത്തെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളും ഏകാധിപത്യത്തിന്റെ രുചിയറിഞ്ഞു. ഇന്ദിരയുടെയോ മക്കളായ രാജീവ്-സഞ്ജയ് ഗാന്ധിമാരുടെയോ അനിഷ്ടത്തിനു പാത്രമായവരെല്ലാം എല്ലാ ഭരണഘടനാപരമായ അവകാശങ്ങളും ഹനിക്കപ്പെട്ട അടിമകളായി. നെഹ്റു കുടുംബത്തിലെ ഇളമുറക്കാരുടെ മൂക്ക് വിയര്‍ത്തത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളും മുഖ്യമന്ത്രിമാരും ധാരാളമുണ്ട്. 1959 ല്‍ കേരളത്തിലെ ഇ.എം.എസ് സര്‍ക്കാരിനെ പുറത്താക്കിയത് ഇന്ദിരയുടെ നിര്‍ബന്ധം മൂലമായിരുന്നെങ്കില്‍, രാജീവിന്റെ സ്വകാര്യസന്ദര്‍ശനം പരസ്യപ്പെടുത്തിയതിന്റെ പേരിലാണ് ആന്ധ്രയിലെ ദളിത് മുഖ്യമന്ത്രിയായിരുന്ന ടി. അഞ്ജയ്യ 1982 ല്‍ പുറത്താക്കപ്പെട്ടത്. മാത്രമല്ല,രാജ്യസഭയിലൂടെ അധികാരത്തിലെത്തിയ ഒരിന്ത്യന്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രീയദാസ്യത്തിന്റെ പേരില്‍ പലതവണ പരസ്യമായി അപമാനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളെ പുറത്താക്കിയും ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തിയും പാവസര്ക്കാരിലൂടെ ഏകാധിപത്യം അടിച്ചേല്പ്പിച്ചപ്പോഴൊന്നും ഭാരത ഭരണഘടനയെക്കുറിച്ച് നെഹ്റു കുടുംബത്തിലുള്ളവരോ അവരുടെ സ്തുതിപാഠകരായിരുന്ന കോണ്‍ഗ്രസോ ഓര്‍ത്തിരുന്നില്ല. ഭിന്ദ്രന്‍വാലെയെ കണ്ടെത്തി വളര്‍ത്തിയതുമുതല്‍ സ്വന്തം ഭരണപരാജയവും രാഷ്ട്രീയ ജീവിതത്തിലെ മൂല്യശോഷണവും മറയ്ക്കാന്‍വേണ്ടി അടിയന്തരാവസ്ഥ രാജ്യത്തിന് സമ്മാനിച്ചപ്പോഴും ഹനിക്കപ്പെട്ടത് ഇന്ന് കോണ്ഗ്രെസ്സുകാര് ഉയര്‍ത്തിക്കൊണ്ടുനടക്കുന്ന ഭരണഘടനതന്നെയാണ്.
പുതിയ ലോകം പുത്തന്‍ ഭാരതം
ജനാധിപത്യ ധ്വംസനങ്ങളുടെയും കുടുംബവാഴ്ചയുടെയും ഇരുണ്ട കാലത്തില്‍ നിന്ന് ഭാരതം മാറിത്തുടങ്ങി. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ലോകത്തിനു മാതൃകയാണ് ഇന്നത്തെ ഭാരതം. അന്താരാഷ്ട്ര പ്രതിസന്ധികളിലെല്ലാം ലോകം ആദരവോടെ ആവശ്യപ്പെടുന്ന സാന്നിധ്യം ഭാരതത്തിന്റേതാണ്. സംഘര്‍ഷം പുകയുന്ന പലസ്തീനിലും, പോരാട്ടം നടക്കുന്ന യുക്രൈനിലും ഭാരത പതാകയുമായി വാഹനങ്ങള്‍ക്ക് സുരക്ഷിത യാത്രകള്‍ നടത്താന്‍ കഴിയുന്നു. വിദ്യാര്‍ഥികളും അഭയാര്‍ഥികളും നിറഞ്ഞ ഇന്ത്യന്‍ വാഹനങ്ങള്‍ അതിര്‍ത്തികള്‍ കടന്നപ്പോള്‍ ഒരു രാഷ്ട്രങ്ങളും എതിര്‍പ്പുയര്‍ത്തിയില്ല. 2022 ലെ റഷ്യന്‍- യുക്രൈന് യുദ്ധത്തിനിടയില്‍ നടത്തിയ ഓപ്പറേഷന് ഗംഗയിലൂടെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലൂടെ ഭാരത പതാകയുമായി നമ്മുടെ വാഹനങ്ങള്‍ പൗരന്മാര്ക്ക് സുരക്ഷയൊരുക്കി. ചില സന്ദര്‍ഭങ്ങളിലാകട്ടെ, ഭാരത പതാകയാണ് പാകിസ്ഥാനിലെയും തുര്‍ക്കിയിലെയും വിദ്യാര്‍ഥികളെ രക്ഷിച്ചത്. റഷ്യന്‍-യുക്രൈന് അനുരഞ്ജന ശ്രമങ്ങളില്‍ ലോകം ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടത് ഭാരതത്തിന്റെ നയതന്ത്ര ഇടപെടലുകളാണ്. ആരുടേയും കൂടെ ചേരാതിരിക്കുന്നവരെ കൂട്ടിയോജിപ്പിച്ചു വിലപേശുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല ഇന്നത്തെ ഭാരതത്തിന്റെ വിദേശനയം. മറിച്ച്, ‘ലോകാസമസ്താ സുഖിനോഭവന്തു’വെന്ന തത്വമാണ് ഇപ്പോഴത്തെ ഭാരത വിദേശനയത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ലോകത്തിലെ വന്‍ശക്തികളെ മാത്രമല്ല, ഏറ്റവും ദുര്‍ബലരായവരെപ്പോലും പരിഗണിക്കുകയും ഉപാധികളില്ലാതെ സഹായിക്കുകയും ചെയ്യുന്ന രാഷ്ട്രമെന്ന നിലയിലാണ് ആഗോളതലത്തില്‍ ഭാരതം അംഗീകരിക്കപ്പെട്ടിരിക്കുന്നത്. വിദേശകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ മരുന്നും ഭക്ഷ്യവസ്തുക്കളുമായി ലോകത്തിന്റെ ഏതുകോണിലും പറന്നെത്തുകയും സേവനമനോഭാവത്തോടെ പെരുമാറുകയും ചെയ്താണ് ഭാരതം ആദരവ് പിടിച്ചുപറ്റുന്നത്.
അന്താരാഷ്ട്ര തലത്തില്‍നിന്ന് ആഭ്യന്തര-ദേശീയ പുരോഗതിയിലേക്കുവന്നാല് സ്ഥിതിഗതികള്‍ കൂടുതല്‍ പുരോഗമനാത്മകമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലുണ്ടായ സാമ്പത്തിക വളര്‍ച്ചയുടെയും സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ഗുണങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിയിരിക്കുന്നു. അമേരിക്കന്‍ ധനകാര്യസ്ഥാപനമായ മോര്ഗന് സ്റ്റെന്‍ലി 2013 ല്‍ ഭാരതത്തെ ലോകത്തിലെ അഞ്ചു ദുര്‍ബല സാമ്പത്തിക ഘടനകളിലൊന്നായിട്ടാണ് വിലയിരുത്തിയതെന്നോര്‍ക്കുക. എന്നാല്‍, ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഭാരതം മൂന്നാം സാമ്പത്തിക ശക്തിയാകാനുള്ള അതിവേഗ കുതിപ്പിലാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ ആവിഷ്കരിച്ചതും വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനായതും ഭാരതത്തിന്റെ ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയെ സൂചിപ്പിക്കുന്നുണ്ട്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ഒരു വര്‍ഷത്തിനകം നമ്മള് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ-പ്രതിരോധ ശൃംഖലയാണ് തീര്‍ത്തത്. വ്യാവസായിക വളര്‍ച്ചയിലും, കാര്‍ഷിക പുരോഗതിയിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും നവീന പദ്ധതികളാണ് കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഭാരതം ആവിഷ്കരിച്ചിട്ടുള്ളത് . ആരോഗ്യസംരക്ഷണത്തോടൊപ്പം, കാര്‍ഷിക മേഖലക്കായുള്ള വിവിധ പദ്ധതികളും യുവാക്കളെ ലക്ഷ്യമിട്ടുള്ള മുദ്രാ വായ്പ്പകളും ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെ പരിഹരിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം പൗരത്വനിയമം നടപ്പിലാക്കിയും കാലാനുസൃതമായി കൊളോണിയല്‍ നിയമങ്ങളില്‍ നിന്നും ‘ഭാരതീയ ന്യായ സംഹിത’ യിലേക്ക് മാറിയും നവീന ഭാരതം ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്ക്കുന്നു.
ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യ രാഷ്ട്രത്തിനും കുടുംബാധിപത്യത്തിനും വേണ്ടി ഭരണഘടനയെ പലതവണ തള്ളിപ്പറയേണ്ടി വന്ന ചരിത്രമാണ് സ്വാതന്ത്ര്യത്തിനു ശേഷമുള്ള അഞ്ചു പതിറ്റാണ്ടുകളില്‍ ഭാരതത്തിനുള്ളത്. എന്നാല്‍, രാഷ്ട്രമെന്നാല് വ്യക്തിയല്ലെന്നും നേതൃത്വമെന്നാല്‍ കുടുംബ മാഹാത്മ്യമല്ലെന്നും ഭാരതം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രധാന മന്ത്രിയുടെയോ കുടുംബക്കാരുടെയോ അനിഷ്ടത്തിന്റെ പേരില്‍ ഒരു സംസ്ഥാന സര്‍ക്കാരും പുറത്താക്കപ്പെടുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ഉപജാപകവൃന്ദങ്ങളെ വളര്‍ത്തുകയോ കേന്ദ്രഭരണത്തെ അടുക്കള മന്ത്രിസഭയുടെ സ്വഭാവത്തിലേക്ക് തരംതാഴ്ത്തുകയോ ചെയ്യുന്നില്ല. ഏതെങ്കിലും കുടുംബത്തോടുള്ള വിധേയത്വവുമല്ല ഇന്നത്തെ ഭാരതത്തിന്റെ രാഷ്ട്രീയാദര്‍ശം. കഴിഞ്ഞകാലത്തെ മൗഢ്യങ്ങളെ ആവര്‍ത്തിക്കാതിരിക്കാനും രാഷ്ട്രസങ്കല്പത്തിന് പ്രഥമസ്ഥാനം നല്‍കാനും ഇന്ത്യന്‍ പൗരന്മാര് ജാഗ്രത കാണിക്കുന്നുണ്ട്. ആ ജാഗ്രത തുടരുന്ന കാലത്തോളം നാം സമാധാനപൂര്‍ണ്ണമായ രാഷ്ട്രത്തില്‍ ജീവിക്കുകയും ഭാരതത്തിന്റെ ഭാവി ശോഭനമായി തുടരുകയും ചെയ്യും.
(ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളജ് ഹിസ്റ്ററി വിഭാഗം അസി. പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: