അരൂര്‍: തുറവൂര്‍ – അരൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ദേശീയപാതയില്‍ തടിയുമായി പോയ ലോറി മറിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയ്‌ക്കായിരുന്നു അപകടം. അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ കമ്പനിയിലേക്ക് വിറകുമായി പോവുകയായിരുന്നു ലോറി. ആളപായമില്ല, അരൂര്‍ ഗവ.ആരോഗ്യ കേന്ദ്രത്തിന് മുന്‍ വശമാണ് അപകടം സംഭവിച്ചത്. വാഹനം ഇടതുവശത്തേക്ക് മറിഞ്ഞതിനാല്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതത്തെ സാരമായി ബാധിച്ചില്ല.
ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായി ദേശീയപാതയില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. റോഡിലാകെ കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. കുഴികളില്‍ ഭാരവാഹനങ്ങള്‍ വീഴുന്നതും, മറിയുന്നതും പതിവായി. പലപ്പോഴും ഭാഗ്യത്തിനാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്. ലോറികളും, കെഎസ്ആര്‍ടിസി ബസുകളും പല തവണ കുഴികളില്‍ വീണു. ഭാരവാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റുന്നതിന് സമയമേറെ വേണ്ടി വരുന്നതിനാല്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഒറ്റവരി പാതയില്‍ അനധികൃതമായ ഓവര്‍ടേക്കിങും പ്രശ്‌നം സൃഷ്ടിക്കുന്നു. മാത്രമല്ല ഗതാഗത നിയന്ത്രണത്തിനും ക്രമീകരണത്തിനും മതിയായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.
അറ്റകുറ്റപ്പണികള്‍ പോലും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍മാണ കമ്പനി തയ്യാറാകുന്നില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. ദേശീയപാത അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്താന്‍ പോലും തയ്യാറായിട്ടില്ല. റോഡിലെ കുഴികളില്‍ ചെറിയ മെറ്റിലില്‍ സിമന്റ് ചേര്‍ത്ത് മിശ്രിതമാക്കി റോഡില്‍ വിതറുകയാണ് ചെയ്തത്. ഇത് പെട്ടന്ന് തന്നെ വീണ്ടും പൊട്ടിപ്പൊളിയുന്നു. വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍, പൊടി ഉയരുന്നത് യാത്രികര്‍ക്ക് ഇരട്ടിദുരിതമാണ്. വാഹനങ്ങള്‍ ദേശീയപാതയില്‍ തകരാറിലാകുന്നതും പതിവാണ്.
യാത്രക്കാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാ ന്‍ ഹൈക്കോടതി വരെ വിഷയത്തില്‍ ഇടപെട്ടിട്ടും അധികൃതര്‍ കാര്യക്ഷമമായി പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നാണ് പരാതി. അരൂര്‍ – തുറവൂര്‍ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ കളക്ടര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ആകാശപ്പാത നിര്‍മാണ മേഖലയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതായി പോലീസ് ഹൈക്കോടതിയി ല്‍ സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: