ന്യൂദല്‍ഹി: മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം നല്‍കാതെ സുപ്രീംകോടതി. ഈ കേസില്‍ വിശദീകരണം ചോദിച്ച് കൊണ്ട് സിബിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. കോടതി ആഗസ്ത് 23ന് വീണ്ടും വാദം കേള്‍ക്കും.
ദല്‍ഹി എക്സൈസ് നയത്തിന്റെ പേരില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ നടപടിയെ ദല്‍ഹി ഹൈക്കോടതി ശരിവെച്ചതിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത്.
അഭിഷേക് മനു സിംഘ് വിയുടെ വാദം
ഇത് വിചിത്രമായ സ്ഥിതിവിശേഷമാണെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വി വാദിച്ചത്.മദ്യനയക്കേസ് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ ഒരു വര്‍ഷവും പത്ത് മാസവും കഴിഞ്ഞാണ് സിബിഐ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അഭിഷേക് മനു സിംഘ് വി വാദിച്ചു. മെയ് 10ന് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസില്‍ അരവിന്ദ് കെജ്രിവാളിന് ജാമ്യം കിട്ടി. പിന്നീട് ജൂലൈയില്‍ സുപ്രീംകോടതിയില്‍ നിന്നും ജാമ്യം കിട്ടി. സിബിഐ കേസില്‍ കീഴ്ക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു. അങ്ങിനെ മൂന്ന് ജാമ്യ ഉത്തരവുകള്‍ കിട്ടി. സിബിഐയുടേത് ഇന്‍ഷുറന്‍സ് അറസ്റ്റാണെന്നും വാദിച്ച അഭിഷേക് മനു സിംഘ് വി ഇടക്കാല ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീംകോടതി വഴങ്ങിയില്ല. “ഞങ്ങള്‍ ഇടക്കാലജാമ്യം നല്‍കുന്നില്ല.പകരം നോട്ടീസ് അയയ്ക്കുകയാണ്. “- സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കെജ്രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച കേസില്‍ സുപ്രീംകോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു. ആഗസ്ത് 23നകം സിബിഐ ഈ നോട്ടീസിന് മറുപടി അയയ്ക്കണം.
17 മാസത്തെ തടവിന് ശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം നല്കിയ ശേഷമാണ് ഈ കേസില്‍ സുപ്രീംകോടതി ഉത്തരവിടുന്നത്. മദ്യനയം സംബന്ധിച്ച ഇഡി കേസില്‍ കെജ്രിവാളിന് ജാമ്യം നല്‍കിയിരുന്നു. പക്ഷെ പിന്നീട് ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആഗസ്ത് അഞ്ചിന് അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റിന് ചെയ്തതിനെ ദല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ അറസ്റ്റിന് പിന്നില്‍ സിബിഐയ്ക്ക് ദുരുദ്ദേശങ്ങളില്ലെന്നും ഹൈക്കോടതി അന്ന് വിശദീകരിച്ചിരുന്നു. എങ്ങിനെയൊക്കെയാണ് അരവിന്ദ് കെജ്രിവാള് സാക്ഷികളെ സ്വാധീനിച്ചതെന്ന കാര്യം സിബിഐ ദല്‍ഹി ഹൈക്കോടതിയില്‍ വിശദീകരിച്ചിരുന്നു.
കേസിന്റെ നാള് വഴി
2021 നവമ്പറിലാണ് ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ പുതിയ മദ്യനയം കൊണ്ടുവന്നത്. പിന്നീട് അഴിമതിയാരോപണം ഉണ്ടായതിനെ തുടര്‍ന്ന് ഈ മദ്യനയം പിന്‍വലിച്ചു. ഇതേ തുടര്‍ന്ന് ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന ഈ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ആം ആദ്മി നേതാക്കള്‍ അഴിമതി നടത്തിയെന്നും മദ്യലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് വഴിവിട്ട സഹായം ചെയ്തുവെന്നും ഇഡിയും സിബിഐയും കണ്ടെത്തിയിരുന്നു. അരവിന്ദ് കെജ്രിവാള്, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവര്‍ ജാമ്യത്തില്‍ ഇറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: