തുടര്‍ച്ചയായി മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയങ്ങളോടെ അധികാരത്തില്‍ തിരിച്ചെത്താമെന്ന കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷയ്ക്ക് കൂടുതല്‍ മങ്ങലേറ്റിരിക്കുന്നു. ജനവിധി അംഗീകരിക്കുന്നതിനു പകരം, തീര്‍ത്തും ജനാധിപത്യപരമായി മൂന്നാമതും അധികാരത്തിലെത്തിയിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിദ്വേഷപ്രചാരണം തുടരുകയും, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണ് കോണ്‍ഗ്രസ്സും അതിന്റെ നേതാവ് രാഹുലും. കുറച്ചുനാളായി ആളുകള്‍ വലിയതോതില്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുകയാണെന്നും, ഇതില്‍ വലിയ അപകടസാധ്യതയുണ്ടെന്നും ജനങ്ങളെ അറിയിക്കേണ്ടത് പ്രതിപക്ഷനേതാവെന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വമാണെന്നുമുള്ള രാഹുലിന്റെ പ്രസ്താവന അങ്ങേയറ്റം നിരുത്തരവാദപരവും, രാജ്യത്തെ ഓഹരി വിപണിയെ തകര്‍ത്ത് സാമ്പത്തിക അരാജകത്വമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്. രാജ്യസ്നേഹമുള്ള ഏതൊരു പൗരനും മടിക്കുന്ന കാര്യമാണ് യാതൊരു കൂസലുമില്ലാതെ രാഹുല്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. രാജ്യത്തെ വലിയ ബിസിനസ് ഗ്രൂപ്പിന് നേതൃത്വം നല്കുന്ന അദാനി ഓഹരികളില്‍ കൃത്രിമം കാണിച്ച് വന്‍ നേട്ടമുണ്ടാക്കുന്നുവെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ‘സെബി’ ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. വന്‍ അഴിമതിയെന്ന കോലാഹലമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കാമെന്ന മോഹം പൊലിയുകയും ചെയ്തു.
അമേരിക്കയിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അദാനിക്കെതിരെ ആരോപണമുന്നയിച്ചത്. അദാനിക്കെതിരായ ഈ നീക്കം പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടായിരുന്നു. രാജ്യത്ത് പല പദ്ധതികളും ഏറ്റെടുത്ത് നടത്തുന്ന അദാനിയെ മോദി വഴിവിട്ട് സഹായിക്കുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണം കോണ്‍ഗ്രസ് വളരെക്കാലമായി ഉന്നയിക്കുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പ്പോലും അദാനി കരാര്‍ പ്രകാരം നിര്‍മാണ പദ്ധതികള്‍ നടത്തുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെയും അശോക് ഗെഹ്ലോട്ടിനെയുംപോലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സ്വന്തം സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താന്‍ അദാനിയെ ക്ഷണിച്ചിട്ടുള്ളതുമാണ്. ഇത് വിസ്മരിച്ചുകൊണ്ട് അദാനിയുടെ നിക്ഷേപത്തിന്റെ പേരില്‍ മോദിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചത്. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ വസ്തുതാപരമായി ഒന്നുമില്ലായിരുന്നു. പൊതുവായ വിവരങ്ങളില്‍ കൃത്രിമം കാണിച്ച് വ്യക്തിപരമായ നേട്ടത്തിനുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ഇക്കാരണംകൊണ്ടാണ് സുപ്രീംകോടതി ഈ റിപ്പോര്‍ട്ട് തള്ളിയത്. ഇത് അംഗീകരിക്കാതെയാണ് ‘സെബി’ ചെയര്‍പേഴ്സനെതിരെ പുതിയ ആരോപണങ്ങളുമായി ഹിന്‍ഡെന്‍ബര്‍ഗ് വീണ്ടും രംഗത്തുവന്നിരിക്കുന്നത്. ഭാരതത്തില്‍ നടത്തിയ വിവിധ നിയമലംഘനങ്ങള്‍ക്ക് ഹിന്‍ഡെന്‍ബര്‍ഗിനോട് ‘സെബി’ വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് മറുപടി നല്‍കാതെ പുതിയ ആരോപണമുന്നയിക്കുന്നത് ഒരേസമയം സമ്മര്‍ദ്ദ തന്ത്രവും പ്രതികാര നടപടിയുമാണ്.
വിരലിലെണ്ണാവുന്നവര്‍ മാത്രം ജോലിചെയ്യുന്ന ഹിന്‍ഡെന്‍ബര്‍ഗ് യാതൊരു വിശ്വാസ്യതയുമില്ലാത്ത കമ്പനിയാണ്. വിവാദം സൃഷ്ടിച്ച് ലാഭമുണ്ടാക്കുകയാണ് പരിപാടി. ഈ കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത് പ്രഖ്യാപിത ഭാരതവിരുദ്ധനായ ജോര്‍ജ് സോറോസാണ്. സോറോസിന്റെ താല്‍പ്പര്യമാണ് ഇവരുടെ റിപ്പോര്‍ട്ടിലുള്ളത്. ഹിന്ഡെന് റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ച് മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും രാഹുലും രാജ്യത്തിനകത്തും പുറത്തും ബഹളം വയ്ക്കുന്നതിനു പിന്നില്‍ സോറോസുമായുള്ള ബന്ധമാണ്. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങി നടക്കുന്നവരാണ് സോണിയയും രാഹുലും. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ വിലപേശല്‍ നടത്തി ഈ കേസില്‍നിന്ന് രക്ഷപ്പെടാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കുന്നുണ്ടാവും. ഭാരതത്തിന്റെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സോറോസിന്റെ സംഘടനാ നേതാക്കളുമായി രാജ്യത്തിനകത്തും പുറത്തും രാഹുല്‍ നടത്തിയ കൂടിക്കാഴ്ചകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സോറോസിന്റെ താല്‍പ്പര്യപ്രകാരം കെട്ടിച്ചമച്ച ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും രാഹുലും നടത്തുന്ന ശ്രമങ്ങളെ വച്ചുപൊറുപ്പിക്കാന്‍ പാടില്ല. ഓഹരിവിപണിയില്‍ സ്വന്തം നിലയ്ക്ക് പണം നിക്ഷേപിച്ച് വന്‍ ലാഭമുണ്ടാക്കിയിട്ടുള്ള നേതാവാണ് രാഹുല്‍. എന്നിട്ടാണ് രാഷ്ട്രീയപ്രേരിതമായി നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുന്നത്. ആത്മവഞ്ചനയും പരവഞ്ചനയുമാണിത്. രാജ്യത്തിന്റെ ഓഹരിവിപണിയെ തകര്‍ക്കാന്‍ വിദേശശക്തികളെ കൂട്ടുപിടിക്കുന്നവരുടെ തനിനിറം തിരിച്ചറിയണം. ഇക്കൂട്ടരെ രാഷ്ട്രീയമായി തുറന്നുകാട്ടുകയും നിയമപരമായി നേരിടുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: