ആലപ്പുഴ: നെല്ലു സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച. നെല്ലു സംഭരണത്തിന്റെ ധനവിനിയോഗം സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് യഥാസമയം നല്കാത്തതിനാല് കേന്ദ്ര വിഹിതം വൈകുന്നു. 637 കോടി രൂപ കേന്ദ്ര വിഹിതം ലഭിക്കാനുണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രചാരണത്തിന്റെ വസ്തുത കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്സഭയില്‍ വ്യക്തമാക്കി.
ബില്ലുകള്‍ കേന്ദ്ര സര്‍ക്കാരിന് അയയ്ക്കുമ്പോള്‍ വിനിയോഗം സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നല്‍കണം. 2016-2017ലാണ് സംസ്ഥാന സര്‍ക്കാര്‍ അവസാനമായി ഇതു കേന്ദ്രത്തിനയച്ചത്. 2017-18 മുതല്‍ 2023-24 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയും അനാസ്ഥയും മൂലമാണ് 637 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്തത്.
പൊതുവിതരണ സംവിധാനത്തില്‍ ഭക്ഷ്യധാന്യ വിതരണം സംസ്ഥാന സര്‍ക്കാര്‍ ചുമതലയാണ്. ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്കു നല്‍കുകയും ഇവയ്ക്കുണ്ടായ ചെലവുകള്‍ ഇംപേഴ്സ്മെന്റ് ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിലേക്കു സമര്‍പ്പിക്കുകയും ചെയ്യണം. അതിനാല്‍ നെല്ലു സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്കു പണം നല്‍കേണ്ട പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. സംസ്ഥാനത്തിന്റെ ക്ലെയിമുകളും അനുവദിക്കപ്പെട്ട തുകയും സംബന്ധിച്ച വിശദമായ കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ട്. ഇതും അംഗീകരിച്ച തുകയില്‍ വെട്ടിച്ചുരുക്കലിനു കാരണമായി.
2019-20ല്‍, സാധാരണ വെട്ടിച്ചുരുക്കല്‍, അധിക വിതരണം എന്നിവയാല്‍ 1221.76 കോടിയുടെ സംസ്ഥാന ക്ലെയിമില്‍ നിന്ന് 96.65 കോടിയുടെ കുറവു വരുത്തി. നെല്‍ക്കര്‍ഷകര്‍ക്കു യഥാസമയം പണം നല്കാന് കഴിയാത്തതിനുള്ള പ്രധാന കാരണം സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ്. 2021-22ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു ഭക്ഷ്യ സബ്സിഡിയിനത്തില്‍ 1777.86 കോടി രൂപ നല്കി. 2022-23ല്‍ 1544.89 കോടി, 2023-24ല്‍ 1151.85 കോടി, 2024-25ല്‍ ജൂണ്‍ 30 വരെ 366.60 കോടി, എന്നിങ്ങനെ നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷിനുള്ള മറുപടിയില്‍ വ്യക്തമാക്കി.
വികേന്ദ്രീകൃത സംഭരണ മാതൃക തെരഞ്ഞെടുത്ത സംസ്ഥാനമാണ് കേരളം. താങ്ങുവില കര്‍ഷകര്‍ക്കു നല്‍കുന്നതിലെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കുമാണ്. മിനിമം താങ്ങുവില ഉള്‍പ്പെടെ സംസ്ഥാനം നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് അനുവദിക്കും. കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി രാംനാഥ് ഠാക്കൂര്‍ ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: