Business

ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമ്പോള്‍ കടം 7000 കോടി; ഭാര്യ കമ്പനിയെ മെച്ചപ്പെടുത്തി; കോവി‍‍ഡ് ചതിച്ചതോടെ കൂപ്പുകുത്തി മാളവികയുടെ കഫേ കോഫി ഡേ

7000 കോടി രൂപയുടെ കടമായിരുന്നു കഫേ കോഫി ഡേ എന്ന കമ്പനിക്ക്. 23 വയസ്സായ കോഫി ശൃംഖലയായ കഫേ കോഫിഡേയുടെ ഉടമയായ വി.ജി. സിദ്ധാര്‍ത്ഥ 2019ല്‍ ആത്മഹത്യയില്‍ അഭയം തേടി. പക്ഷെ ഏറെ പാരമ്പര്യമുള്ള കമ്പനിയുടെ ചുക്കാന്‍ പിടിക്കാന്‍ ഭാര്യ മാളവിക ഹെഗ്ഡേ എത്തി.

7000 കോടി രൂപയുടെ കടമായിരുന്നു കഫേ കോഫി ഡേ എന്ന കമ്പനിക്ക്. 23 വയസ്സായ കോഫി ശൃംഖലയായ കഫേ കോഫിഡേയുടെ ഉടമയായ വി.ജി. സിദ്ധാര്‍ത്ഥ 2019ല്‍ ആത്മഹത്യയില്‍ അഭയം തേടി. പക്ഷെ ഏറെ പാരമ്പര്യമുള്ള കമ്പനിയുടെ ചുക്കാന്‍ പിടിക്കാന്‍ ഭാര്യ മാളവിക ഹെഗ്ഡേ എത്തി.

ആദ്യനാളുകളില്‍ അവരുടെ കയ്യില്‍ കമ്പനി സുരക്ഷിതമായിരുന്നു. മെല്ലെ മെല്ലെ അവര്‍ കടങ്ങള്‍ വീട്ടിക്കൊണ്ടിരുന്നു. ക്രമേണ കഫേ കോഫി ഡേ ലാഭത്തിലേക്ക് തിരിഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഓഹരി വിപണിയില്‍ കഫേ കോഫി ഡേയുടെ ഓഹരി വില കൂപ്പുകുത്തിയത് 25 ശതമാനത്തോളമാണ്. 53രൂപയില്‍ നിന്നും ഓഹരി വില 39 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. വരും നാളുകളില്‍ വീണ്ടും ഓഹരി വില ഇടിയും. ഗ്രാഫ് കാണുക

ലോകത്തിലെ കഫെറ്റീരിയ സംസ്കാരം കണ്ട് രൂപം കൊണ്ട ബ്രാന്‍റ്

ലോകമെമ്പാടും നിറഞ്ഞ കഫെറ്റീരിയ സംസ്കാരം കണ്ടാണ് കാപ്പിയെ അടിസ്ഥാനമാക്കി സ്റ്റോറുകളുടെ ശൃംഖല തുറക്കാന്‍ സിദ്ധാര്‍ത്ഥ തുനിഞ്ഞത്. സ്റ്റാര്‍ ബക്സ് പോലുള്ള അമേരിക്കന്‍ കഫേ ശൃംഖലകള്‍ സിദ്ധാര്‍ത്ഥയെ പ്രചോദിപ്പിച്ചിരുന്നു. കഫേ കോഫിഡേയ്‌ക്കായി അദ്ദേഹം സവിശേഷ കോഫി ഉണ്ടാക്കാന്‍ പ്രത്യേകം മെഷീനുകള്‍ രൂപകല്‍പന ചെയ്തു.

പ്രത്യേകം ഫര്‍ണീച്ചറുകള്‍, പ്രത്യേക ഡിസൈനുകള്‍, പ്രത്യേക കളര്‍ തീമുകള്‍ – ഇതെല്ലാം ഓരോ കഫെ കോഫി ഡേ ഔട്ട്ലെറ്റിന്റെയും പ്രത്യേകതയായിരുന്നു. 1996ലാണ് ആദ്യത്തെ കഫേ കോഫി ഡേ ഔട്ട് ലെറ്റ് ബെംഗളൂരുവില്‍ തുറന്നത്. 2011 ആകുമ്പോഴേക്കും 1000 ഔട്ട് ലെറ്റുകളുള്ള കോഫി ശൃംഖലയായി കഫേ കോഫി ഡേ മാറി. പിന്നീട് കമ്പനി കടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ഒരു രാത്രി നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു സിദ്ധാര്‍ത്ഥ.

മാളവിക ഹെഗ് ഡേ എത്തുന്നു

സിഇഒയുടെ ചുമതലയേല്‍ക്കാന്‍ ഭാര്യ മാളവിക ഹെഗ്ഡേ എത്തുമ്പോള്‍ 25000 തൊഴിലാളികളും മൂക്കുമുട്ടെ കടവും. അവര്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തു. കമ്പനിയെ പൊക്കിയെടുക്കാന്‍ ചില ഔട്ട് ലെറ്റുകള്‍ വില്‍ക്കേണ്ടിവരുമെന്ന് അവര്‍ പറഞ്ഞു. കടക്കാരോട് അല്‍പം കൂടി സമയം നീട്ടിച്ചോദിച്ചു. പല ഷോപ്പിംഗ് മാളുകളിലും സ്ഥാപിച്ചിരുന്നു യാതൊരു വില്‍പനയുമില്ലാത്ത നൂറുകണക്കിന് കോഫി മെഷീനുകള്‍ മാളവിക ഹെഗ്ഡേ പിന്‍വലിച്ചു. വായ്പ നേടിയെടുക്കാന്‍ പുതിയ ആളുകളെ തേടി. 2020 ആയപ്പോഴേക്കും 7000 കോടിയുടെ കടം 3000 കോടിയിലേക്കെത്തിച്ചു മാളവിക. 2021ല്‍ ഈ കടം വീണ്ടും 1731 കോടിയിലേക്ക് ചുരുക്കി.

പക്ഷെ കോവിഡ് കഫേ കോഫി ഡേയ്‌ക്ക് വീണ്ടും ഭീഷണിയായി കടന്നുവന്നു. എന്നിട്ടും മാളവിക പിടിച്ചുനിന്നു. അവരുടെ 20000 ഏക്കര്‍ കാപ്പിത്തോടത്തില്‍ നിന്നും ലഭിക്കുന്ന അറബിക്ക എന്ന പേരിലുള്ള കാപ്പിക്കുരുക്കള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.

ആരാണ് മാളവിക ഹെഗ്ഡേ?

മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എസ് .എം. കൃഷ്ണയുടെ മകളാണ് മാളവിക. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എഞ്ചിനീയറിംഗ് പാസായ മാളവിക 1991ല്‍ ആണ് സിദ്ധാര്‍ത്ഥ ഹെഗ്ഡെ എന്ന ബിസിനസുകാരനെ വിവാഹം ചെയ്തത്. എഹ് സാന്‍, അമര്‍ത്യ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

മാളവികയുടെ കയ്യില്‍ ഒതുങ്ങാതെ വീണ്ടും കടങ്ങള്‍

കോവിഡ് ബിസിനസിനെ തകര്‍ത്തെറിഞ്ഞു. വില്‍പന പൂജ്യം. കൂടെ നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടെ. നേരത്തെ എടുത്ത വായ്പകളുടെ പലിശ കുന്നുകൂടി. ഇതോടെ കൈകാര്യം ചെയ്യാനാവാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഷളായി. കടക്കാര്‍ നല്‍കിയ വായ്പയ്‌ക്കായി പിടിമുറുക്കിയതോടെ വേറെ വഴിയില്ലാതായി. ഇപ്പോള്‍ വായ്പ തിരിച്ചടയ്‌ക്കാന്‍ വേണ്ടി പാപ്പരത്ത നടപടികളിലേക്ക് നീങ്ങുകയാണ് കഫേ കോഫി ഡേ. ബെംഗളൂരുവിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ തന്നെയാണ് പാപ്പരത്ത നടപടി കമ്പനിക്കെതിരെ പ്രഖ്യാപിച്ചത്. ഇതോടെ കോഫി ഡേ എന്‍റര്‍ പ്രൈസസിന്റെ ഓഹരി വില തിങ്കളാഴ്ച മാത്രം 14 ശതമാനം ഇടിഞ്ഞു. ഇപ്പോള്‍ വെറും 39 രൂപ 77 പൈസ മാത്രമാണ് ഓഹരി വില. കഴിഞ്ഞ ഒരു വര്‍ഷത്തിനകം 74 രൂപ വരെയുണ്ടായിരുന്ന നിലയില്‍ നിന്നാണ് കഫേ കോഫി ഡേയുടെ ഓഹരി വില കൂപ്പുകുത്തിയത്.

.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക