ഉരുള്‍പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി തമിഴ് സിനിമാ താരം ധനുഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 25 ലക്ഷം രൂപയാണ് താരം കൈമാറിയിരിക്കുന്നത്. സംവിധായകൻ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ഉരുൾപൊട്ടൽ നാശംവിതച്ച വയനാട്ടിലെ ജനതയ്‌ക്ക് കൈത്താങ്ങായി സിനിമാ മോഖലയിൽ നിന്ന് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
ദുരിതബാധിത പ്രദേശം സന്ദർശിച്ച ശേഷം മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ മൂന്നുകോടി രൂപ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ 25 ലക്ഷം രൂപ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. നടൻ സൗബിൻ 20 ലക്ഷം രൂപ വയനാടിനായി നൽകിയിട്ടുണ്ട്.
നടിയും അവതാരകയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദും അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിട്ടുണ്ട്. അന്യഭാഷാ താരങ്ങളും വയനാടിന് സഹായഹസ്തം നീട്ടി രംഗത്തെത്തിയിട്ടുണ്ട്. അല്ലു അർജുൻ, ചിരഞ്ജീവി, രാംചരൺ, വിക്രം, സൂര്യ, ജ്യോതിക, കാർത്തി, രശ്മിക മന്ദാന എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയിരുന്നു. അല്ലു അർജുൻ 25 ലക്ഷം രൂപയും, ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരുകോടി രൂരയും, വിക്രം 20 ലക്ഷം രൂപയും സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയും, രശ്മിക മന്ദാന 10 ലക്ഷം രൂപയുമാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: