ന്യൂദൽഹി: അദാനിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പുതിയ റിപ്പോര്‍ട്ടിലൂടെ ഹിന്‍ഡന്‍ബര്‍ഗ് തനിക്കെതിരെ പ്രതികാരം ചെയ്യുകയാണെന്ന് സെബി അധ്യക്ഷ മാധബി പുരി ബുച്ച്. തന്റെ എല്ലാ നിക്ഷേപങ്ങളെക്കുറിച്ചും സെബിയെ നേരത്തെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു.
പുതിയ റിപ്പോര്‍ട്ടിലൂടെ ഹിൻഡൻബർഗ് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമൊഴുക്കിയ കടലാസ് കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് ശനിയാഴ്ച രാത്രി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചിരിക്കുന്നത്. ഏത് ഏജൻസിക്കും തന്നെക്കുറിച്ചുള്ള എന്ത് രേഖകളും നൽകാൻ തയ്യാറാണെന്നും മാധബി പറഞ്ഞു.
“എന്റെ ജീവിതവും ധനകാര്യ ഇടപാടുകളും ഒരു തുറന്ന പുസ്തകമാണ്. വ്യക്തിപരമായ ധനകാര്യ ഇടപാടുകളുടെ മുഴുവന്‍ വിവരങ്ങളും അപ്പോഴപ്പോള്‍ സെബിയ്‌ക്ക് നല്‍കിയിട്ടുള്ളതുമാണ്. ഞങ്ങളുടെ ഏത് ധനകാര്യ കണക്കുകളും ഇടപാടുകളും വെളിപ്പെടുത്തതിന് യാതൊരു വിരോധവുമില്ല. ഇക്കാര്യത്തില്‍ ഒരു സുതാര്യത ഉണ്ടാക്കാന്‍ ഞങ്ങളുടെ മുഴുവന്‍ അക്കൗണ്ട് വിശദാംശങ്ങളും പുറത്തുവിടും.”-മാധബി പറഞ്ഞു.
അദാനിക്കെതിരായ സെബിയുടെ അന്വേഷണം മന്ദഗതിയിലാക്കിയത് അദാനിയും മാധബി പുരി ബുച്ചും തമ്മിലുള്ള ബന്ധം മൂലമാണെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അദാനിക്കെതിരെ മുന്‍പ് ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ വൻ വെളിപ്പെടുത്തലുകളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസർച്ചിന്റെ ആദ്യ റിപ്പോർട്ട് പുറത്തുവന്നത്. അദാനി വിദേശത്ത് നിന്നും വിവിധ അദാനി കമ്പനികള്‍ക്ക് കള്ളപ്പണം ഒഴുക്കിയെന്നും അത് വഴി അദാനി കമ്പനികളുടെ ഓഹരികളുടെ വില പെരുപ്പിച്ച് കാട്ടിയെന്നുമായിരുന്നു ഒരു ആരോപണം. ഓഹരി വില കൂട്ടിക്കാണിക്കുക വഴി അദാനി കൂടുതല്‍ വായ്പകള്‍ സംഘടിപ്പിച്ചുവെന്നുമാണ് കഴിഞ്ഞ വര്‍ഷം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ കൂപ്പുകുത്തുക വഴി അദാനിയുടെ 12.5 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: